‘നിങ്ങളുടെ തീരുമാനമാണ് നിങ്ങളുടെ വിധി നിശ്ചയിക്കുന്നത്’

dohaദോഹ: ‘നിങ്ങളുടെ തീരുമാനമാണ് നിങ്ങളുടെ വിധി നിശ്ചയിക്കുന്നത്’ എന്ന പ്രമേയത്തില്‍ ഈ വര്‍ഷത്തെ ജി സി സി ഗതാഗത വാരാചരണത്തിന് നാളെ തുടക്കം. ഗതാഗത വാരാചരണത്തോടനുബന്ധിച്ച് ആഭ്യന്തര മന്ത്രാലയത്തിന്റെ കീഴില്‍ വിപുലമായ പരിപാടികളാണ് രാജ്യത്ത് സംഘടിപ്പിക്കുന്നത്. സാമൂഹിക സുരക്ഷാ ബോധവത്ക്കരണ പരിപാടികള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കും. ഇരുചക്ര വാഹന പരേഡ് ഉള്‍പ്പെടെ അരങ്ങേറും. മൊബൈല്‍ ബോധവത്ക്കരണ പരിപാടികള്‍, പ്രഭാഷണങ്ങള്‍, സെമിനാറുകള്‍, ലഘുലേഖാ വിതരണം, ഗതാഗത നിയമങ്ങള്‍ പാലിക്കുന്നതിന് പ്രോത്സാഹനം തുടങ്ങിയ പരിപാടികളും ഇതോടനുബന്ധിച്ചുണ്ട്. ഡ്രൈവര്‍മാര്‍ക്കിടയിലെ സര്‍വസാധാരണമായ ട്രാഫിക്ക് അബദ്ധങ്ങളും തെറ്റുകളും എന്ന വിഷയത്തില്‍ 10-ാം തിയ്യതി ട്രാഫിക്ക് ജനറല്‍ ഡയറക്ടറേറ്റ് സെമിനാര്‍ സംഘടിപ്പിക്കും. ദര്‍ബ് അല്‍ സാഇയിലെ തിയേറ്ററില്‍ വൈകിട്ട് അഞ്ചര മുതല്‍ എട്ട് മണി വരെ സെമിനാര്‍ നടക്കും.
സമൂഹത്തിലെ മുഴുവന്‍ വിഭാഗങ്ങളേയം ലക്ഷ്യമിട്ടുള്ള ട്രാഫിക്ക് വാരാചരണം 14നാണ് സമാപിക്കുക. സീറ്റ് ബെല്‍റ്റ്, ഹെല്‍മെറ്റ്, വേഗത തുടങ്ങിയ വാഹന സുരക്ഷാ മാര്‍ഗ്ഗങ്ങള്‍ പ്രതിപാദിക്കുന്ന ലഘുലേഖകള്‍ വാരാചരണത്തില്‍ വിതരണം ചെയ്യും.
ഫേസ്ബുക്ക്, ട്വിറ്റര്‍, റേഡിയോ, ഇ-മെയിലുകള്‍ വഴിയും ബോധവത്ക്കരണം നടത്തും.
ഗതാഗാത വാരാഘോഷം നാളെ ദര്‍ബ് അല്‍ സാഇയില്‍ ട്രാഫിക്ക് വിഭാഗം ഡയറക്ടര്‍ ബ്രിഗേഡിയര്‍ മുഹമ്മദ് സഅദ് അല്‍ ഖര്‍ജി ഉദ്ഘാടനം ചെയ്യും. പപ്പറ്റ് തിയേറ്റര്‍, സൗജന്യ ആര്‍ട്ട് വര്‍ക്ക്‌ഷോപ്പ്, ട്രാഫിക്ക് സിഗ്നലുകളുടെ ബോധവത്ക്കരണം, ഗതാഗതത്തിനിടയില്‍ സംഭവിക്കുന്ന പരുക്കുകളെ കുറിച്ചും ഡ്രൈവിംഗ് ടെസ്റ്റുകളെ കുറിച്ചുമുള്ള വിവരങ്ങള്‍ തുടങ്ങിയവ ഗതാഗത വാരാഘോഷത്തോടനുബന്ധിച്ച് നടക്കും.
രാവിലെ എട്ട് മുതല്‍ 12 വരേയും വൈകിട്ട് നാല് മുതല്‍ 10 മണി വരേയുമാണ് പരിപാടികള്‍ അരങ്ങേറുക. കൂടുതല്‍ അപകടങ്ങളില്‍ പെടുന്നത് യുവാക്കളാണെന്നതിനാല്‍ യുവതയെ ലക്ഷ്യമിട്ടാണ് കൂടുതല്‍ ബോധവത്ക്കരണ പരിപാടികളും സംഘടിപ്പിക്കുന്നത്. ഗതാഗത ലംഘനം, ഗതാഗത അപകടങ്ങളും നിയമലംഘനങ്ങളും കുറക്കുന്നതില്‍ കുടുംബങ്ങളുടെ പങ്ക് തുടങ്ങിയ വിഷയങ്ങളില്‍ പ്രഭാഷണങ്ങള്‍ നടക്കും.
രാജ്യത്തെ ഏതാനും സ്‌കൂളുകളില്‍ ഗതാഗത നിയമങ്ങള്‍ പഠിപ്പിക്കാനായി പുതിയ പാഠ്യപദ്ധതി ആരംഭിച്ചിട്ടുണ്ട്.