Section

malabari-logo-mobile

ദോഹയില്‍ ഉപഭോക്തൃനിയമം ലംഘിച്ച ടയോട്ട ഷോറും അടപ്പിച്ചു

HIGHLIGHTS : ദോഹ: ഉപഭോക്തൃ സംരക്ഷണ നിയമങ്ങള്‍ ലംഘിച്ചതിനെ തുടര്‍ന്ന് എയര്‍പോര്‍ട്ട് റോഡിലെ ടൊയോട്ടയുടെ പ്രധാന ഷോറൂം ഒരു മാസത്തേക്ക്

1ദോഹ: ഉപഭോക്തൃ സംരക്ഷണ നിയമങ്ങള്‍ ലംഘിച്ചതിനെ തുടര്‍ന്ന് എയര്‍പോര്‍ട്ട് റോഡിലെ ടൊയോട്ടയുടെ പ്രധാന ഷോറൂം ഒരു മാസത്തേക്ക് അടപ്പിച്ചതായി ഇക്കണമി ആന്റ് കൊമേഴ്‌സ് മന്ത്രാലയം അറിയിച്ചു. അബ്ദുല്ല അബ്ദുല്‍ ഗനി ആന്റ് ബ്രദേഴ്‌സിന് പുറമേ സല്‍വാ റോഡിലെ രണ്ട് ടൊയോട്ട ഷോറൂമുകളും അടപ്പിച്ചിട്ടുണ്ട്. പുതിയ കാറുകളെന്ന് പറഞ്ഞ് ഉപഭോക്താക്കള്‍ക്ക് വിറ്റ ചിലത് അപകടത്തില്‍പ്പെട്ട കാറുകള്‍ റിപ്പയര്‍ ചെയ്തതോ വീണ്ടും പെയിന്റടിച്ചവയോ ആണെന്ന് മന്ത്രാലയം സാമൂഹ്യ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത വിവരങ്ങളില്‍ പറയുന്നു. ടൊയോട്ടയുടെ പ്രധാന ഷോറൂമിന് പുറമേ അല്‍താഡമന്‍ മോട്ടോര്‍സ് ആന്റ് ട്രേഡിംഗ് കമ്പനിയും അല്‍ താരിഖ് ഓട്ടോമൊബൈല്‍സ് ട്രേഡിംഗ് കമ്പനിയുമാണ് അധികൃതര്‍ അടപ്പിച്ചത്.
കഴിഞ്ഞ ആറുമാസത്തിനിടെ ഇത്തരത്തില്‍ അടച്ചുപൂട്ടുകയും മന്ത്രാലയം നടപടി സ്വീകരിക്കുകയും ചെയ്യുന്ന നാലാമത്തെ സ്ഥാപനമാണിത്.
ഉപഭോക്തൃ നിയമങ്ങള്‍ ലംഘിച്ചതിനെ തുടര്‍ന്ന് ടി വി റൗണ്ട് എബൗട്ടിന് സമീപത്തെ ഡൊമാസ്‌കോ ഹോണ്ട മെയിന്‍ ഷോറൂമിനെതിരെ കഴിഞ്ഞ ജനുവരിയിലാണ് അധികൃതര്‍ ഒരു മാസത്തേക്ക് നടപടി സ്വീകരിച്ചത്. ഇതിനു പിന്നാലെ രണ്ടാഴ്ചക്കു ശേഷമാണ് എയര്‍ പോര്‍ട്ട് റോഡിലെ ക്രിസ്‌ലര്‍, ഡോഡ്ജ്, ജീപ്പ് ഡീലര്‍ഷിപ്പ് സ്ഥാപനത്തിനെതിരേയും സല്‍വാ റോഡില്‍ റമദ ജംഗ്ഷനിലെ നിസാന്‍ ഡീലര്‍ഷിപ്പ് സ്ഥാപനത്തിനെതിരേയും ഇതേ കുറ്റത്തിന് നടപടി സ്വീകരിച്ചത്.
അതേസമയം ഖത്തറിലെ വാഹന വില്‍പ്പന കേന്ദ്രങ്ങള്‍ ഇത്തരം നടപടി സ്വീകരിക്കുന്നതില്‍ ഉപഭോക്താക്കളില്‍ ചിലര്‍ നിരാശ പ്രകടിപ്പിച്ചു. വാഹനങ്ങള്‍ വാങ്ങുന്നവരുടെ വിശ്വാസമാണ് തകരുന്നതെന്നും ചിലര്‍ പറഞ്ഞു.
എന്നാല്‍ നിയമലംഘനങ്ങളെന്ന് പറയുന്നവ അത്ര ഗൗരവമുള്ളതല്ലെന്നാണ് ഓട്ടോമൊബൈല്‍ മേഖലയിലുള്ളവര്‍ പറയുന്നത്. ഖത്തറിലേക്ക് കപ്പല്‍ മാര്‍ഗ്ഗമെത്തുന്ന വാഹനങ്ങള്‍ക്കുണ്ടാകുന്ന ചതവുകളും പെയിന്റ് നഷ്ടങ്ങളും ഡീലര്‍മാര്‍ റിപ്പയര്‍ ചെയ്യുന്നതാണെന്നാണ് ഈ രംഗത്തുള്ളവര്‍ പറയുന്നത്. ഇത്തരത്തിലുണ്ടാവുന്ന ചെറിയ ചതവുകളെ കുറിച്ച് കമ്പനികള്‍ ഉപഭോക്താക്കളെ ബോധവത്ക്കരിക്കാറില്ല. ഇതാണ് 2008ലെ നിയമം നമ്പര്‍ എട്ടിന്റെ ആര്‍ട്ടിക്കിള്‍ ഏഴ് ലംഘിക്കുന്നതായി മാറുന്നത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!