ദോഹയില്‍ കടലിലോ,നീന്തല്‍ക്കുളങ്ങിളിലോ നീന്താനിറങ്ങുന്നവര്‍ക്ക്‌ മുന്നറിയിപ്പ്‌

Untitled-1 copyദോഹ: കടലിലോ, നീന്തല്‍ക്കുളങ്ങളിലോ നീന്താനിറങ്ങുന്നവര്‍ക്ക്‌ സുരക്ഷാ മുന്നറിയിപ്പ്‌ നിര്‍ദേശങ്ങളുമായി ആഭ്യന്തരമന്ത്രാലയം രംഗത്ത്‌. ഒദ്യോഗിക ഫേസ്‌ബുക്ക്‌ പേജിലൂടെയാണ്‌ മന്ത്രലായം മുന്നറിയിപ്പ്‌ നില്‍കിയിരിക്കുന്നത്‌. നീന്തുമ്പോള്‍ അപകടം സംഭവിക്കുന്ന വേളകളില്‍ കാലിട്ടടിച്ചോ കൈകള്‍ പൊക്കിയോ സമീപസ്ഥലങ്ങളിലെ ആളുകളുടെ ശ്രദ്ധ തിരിക്കാന്‍ ശ്രമിക്കണം. ഒഴുക്കിനെ പ്രതിരോധിക്കാന്‍ ശ്രമിക്കാതെ, ശാന്തമാകുംവരെ അവയോടൊപ്പമോ, കരയിലേക്കോ നീന്തുക.
വെള്ളത്തില്‍ മുങ്ങുന്നവരെ രക്ഷപ്പെടുത്തുന്നത് പലപ്പോഴും സ്വന്തം ജീവന്‍ അപകടത്തിലാകാന്‍ കാരണമാകാറുണ്ട്. ആവശ്യമായ പരിശീലനം ലഭിച്ചവരൊഴികെ മറ്റുള്ളവര്‍ രക്ഷിക്കാന്‍ തുനിയരുത്. രാത്രിയില്‍ നീന്താനിറങ്ങരുത്. സ്പ്ളാഷ് ഉപകരണങ്ങളുപയോഗിച്ച് ജലത്തില്‍ വിനോദത്തിനിറങ്ങുന്നവര്‍ അവയുടെ ഒഴുക്കിന്‍െറ രീതി മനസ്സിലാക്കണം. കുട്ടികള്‍ മാതാപിതാക്കളോടൊത്തോ മുതിര്‍ന്നവരുടെ സാന്നിധ്യത്തിലോ ആവണം നീന്താനിറണ്ടേത്. പ്രത്യേകം ലൈഫ് ജാക്കറ്റ് ധരിക്കുകയും കടലിലെയും കരയിലെയും സ്ഥിതി നിരീക്ഷിക്കുകയും വേണം. നീന്താനിറങ്ങും മുമ്പേ കാലാവസ്ഥാ പ്രവചനങ്ങള്‍ അനുകൂലമാണോ എന്നു ശ്രദ്ധിക്കുകയും, നീന്തല്‍ വസ്ത്രങ്ങള്‍ ധരിക്കുകയും വേണമെന്ന നിര്‍ദേശവും നല്‍കിയിട്ടുണ്ട്.

ക്ഷീണമോ തളര്‍ച്ചയോ ഉള്ള സന്ദര്‍ഭങ്ങളില്‍ നീന്തുന്നത് ഒഴിവാക്കണം. തനിച്ച് നീന്താനിറങ്ങുന്നത് അപകടങ്ങളില്‍പ്പെടുമ്പോള്‍ രക്ഷിക്കാന്‍ ആളില്ലാത്ത അവസ്ഥയുണ്ടാകുമെന്നും നീന്തലിന് നിയന്ത്രണങ്ങളുള്ള സ്ഥലങ്ങളില്‍ അതിന് തുനിയരുതെന്നും എം.ഒ.ഐ അറിയിച്ചു. ജെറ്റ് സ്കീ, ജല സ്കൂട്ടര്‍ എന്നിവയുടെ പ്രവര്‍ത്തനമേഖലകളില്‍ നീന്താനിറങ്ങുന്നതും അപകടകാരണമാകും. ആരെങ്കില്‍ അപകടത്തില്‍പ്പെടുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍, വെള്ളത്തില്‍ പൊങ്ങിക്കിടക്കാന്‍ സാധ്യമാകുന്ന എന്തെങ്കിലും ഉപകരണങ്ങളോട വസ്തുക്കളോ അവരിലേക്ക് ഒഴുക്കിവിടുകയും, തീര സംരക്ഷണ വിഭാഗത്തിന്‍െറ 2354666 നമ്പറിലോ, അടിയന്തര നമ്പറായ 999ലോ വിളിച്ചറിയിക്കണമെന്നും മന്ത്രാലയം ഓര്‍മ്മിപ്പിക്കുന്നു.