ദോഹയില്‍ ചില്ലറയ്‌ക്ക്‌ പകരം മിഠായി നല്‍കുന്നതിനെതിരെ ഉപഭോക്താക്കളുടെ പരാതിക്ക്‌ പരിഹാരമാകുന്നു

0023ae9885da1230b41120ദോഹ: ചില്ലറത്തുട്ടുകള്‍ക്ക് പകരം മിഠായി നല്കുന്നെന്ന ഉപഭോക്താക്കളുടെ നിരന്തര പരാതികള്‍ക്ക് ഫലം കാണുന്നു. തങ്ങളുടെ കൗണ്ടറുകളില്‍ ചില്ലറയുണ്ടെന്ന് ഉറപ്പു വരുത്താന്‍ സൂപ്പര്‍ മാര്‍ക്കറ്റുകള്‍ തയ്യാറെടുക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഉപഭോക്താക്കള്‍ക്ക് ബാക്കിപണം കൃത്യമായി നല്കാന്‍ സൂപ്പര്‍ മാര്‍ക്കറ്റ് മാനേജ്‌മെന്റുകള്‍ പലതും കൗണ്ടറിലുള്ളവര്‍ക്ക് നിര്‍ദ്ദേശം നല്കിക്കഴിഞ്ഞു. ഉപഭോക്താവ് നല്കുന്ന പണത്തിന് ബാക്കി നല്കാന്‍ ശരിയായ ചില്ലറ കൗണ്ടറിലില്ലെങ്കില്‍ മിഠായി നല്കുന്നതിന് പകരം അടുത്ത തുക നല്കാനാണ് നിര്‍ദ്ദേശം. 25 ദിര്‍ഹം ബാക്കി കൊടുക്കാന്‍ ഇല്ലെങ്കില്‍ 50 ദിര്‍ഹം ഉപഭോക്താവിന് തിരികെ നല്കണമെന്നും പരാതിക്ക് ഇടവരുത്തരുതെന്നുമാണ് സൂപ്പര്‍ മാര്‍ക്കറ്റുകള്‍ ഉദ്ദേശിക്കുന്നത്. ചില സമയങ്ങളില്‍ ബാങ്കില്‍ നിന്നും ആവശ്യത്തിന് ചില്ലറ ലഭിക്കാറില്ലെന്ന് സൂപ്പര്‍മാര്‍ക്കറ്റ് ഉടമകള്‍ സമ്മതിക്കുന്നുണ്ട്. ചില്ലറയ്ക്ക് പകരം മിഠായികളോ ചോക്കലേറ്റുകളോ കൊടുത്താല്‍ ഉപഭോക്താക്കള്‍ സാധാരണഗതിയില്‍ എതിരഭിപ്രായം പ്രകടിപ്പിക്കാറില്ലെങ്കിലും ചിലര്‍ തര്‍ക്കത്തിന് പോകുന്നത് സൂപ്പര്‍ മാര്‍ക്കറ്റുകളിലെ കൗണ്ടറുകളിലിരിക്കുന്നവര്‍ക്ക് തലവേദന സൃഷ്ടിക്കാറുണ്ട്. സാധനം വാങ്ങുമ്പോള്‍ ക്രഡിറ്റ് കാര്‍ഡ് ഉപയോഗപ്പെടുത്തുന്നത് നല്ല രീതിയാണെന്ന് ഒരു ഉപഭോക്താവ് അഭിപ്രായപ്പെടുന്നു. അന്‍പത് റിയാലിന് താഴെയാണ് തുകയെങ്കില്‍ മാത്രമേ പണം നല്കാറുള്ളുവെന്നും അദ്ദേഹം പറയുന്നു. പലപ്പോഴും ലഭിക്കുന്ന ചില്ലറത്തുട്ടുകള്‍ ശേഖരിച്ചുവെക്കുന്നതും അവ കമ്പോളത്തില്‍ ലഭ്യമാകാത്തതുമാണ് ക്ഷാമത്തിന് കാരണമെന്ന് ചിലര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്