മദീന ഖലീഫ സൗത്തിലെ അല്‍ഗസ്സയുടെ മുഖം മാറുന്നു

download (3)ദോഹ: മദീന ഖലീഫ സൗത്തിലെ പഴയകാല വ്യാപാര തെരുവുകളിലൊന്നായ അല്‍ ഗസ്സയുടെ മുഖം മാറുന്നു. ഉടന്‍ തന്നെ ഈ തെരുവിന്റെ പഴയമുഖം മാറുമെന്ന് സെന്‍ട്രല്‍ മുനിസിപ്പല്‍ കൗണ്‍സിലിലെ അംഗമായ മുഹമ്മദ് ഷഹീന്‍ അല്‍ അതീഖ് പറഞ്ഞതായി പ്രാദേശിക അറബി പത്രം റിപ്പോര്‍ട്ട് ചെയ്തു. മെയ് ഒന്നുമുതലാണ് ഈ പ്രദേശത്ത് നവീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുക.
തെരുവിന്റെ വികസനം, ശുചീകരണം, കാല്‍നടയ്ക്കുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തല്‍, തെരുവു വിളക്കുകള്‍ സ്ഥാപിക്കല്‍, മഴവെള്ളം ഒഴുകിപ്പോകാനുള്ള സംവിധാനം, പച്ചപ്പുണ്ടാക്കുക തുടങ്ങിയവയാണ് നവീകരണ പദ്ധതിയില്‍ ഉള്‍പ്പെടുന്നത്.
വീടുകളും ഗാരേജുകള്‍ ഉള്‍പ്പെടെയുള്ള കടകളുമുള്ള അല്‍ ഗസ്സ തെരുവ് ഇടുങ്ങിയതും അടിസ്ഥാന സൗകര്യങ്ങള്‍ വളരെ കുറഞ്ഞതുമായ പ്രദേശമാണ്.
അല്‍ ഗസ്സ തെരുവിന്റെ പുതിയ മുഖത്തിനുള്ള ഡിസൈനുകള്‍ പൂര്‍ത്തിയായിട്ടുണ്ട്. പദ്ധതിയുടെ ഭാഗമായി പ്രദേശം ഇടിച്ചുനിരത്തും.
പ്രദേശത്ത് ബാച്ചിലര്‍ പ്രവാസികള്‍ നിരവധിയുണ്ട്. അവിടെ നിന്നും ഇവരെ മാറ്റാനാണ് പരിപാടി. അല്‍ ഗസ്സ വളരെ പഴയ തെരവാണെന്നും അതുകൊണ്ടുതന്നെ വീടുകളും വഴികളും വളരെ ഇടുങ്ങിയതാണെന്നും മുഹമ്മദ് ഷഹീന്‍ അല്‍ അതീഖ് പറഞ്ഞു. തീപിടുത്തം പോലുള്ള അപകടങ്ങളുണ്ടായാല്‍ പൊലീസിനോ അഗ്നിശമന സേനാ വിഭാഗത്തിനോ അവിടെ പ്രവര്‍ത്തനം നടത്താന്‍ വളരെ ബുദ്ധിമുട്ടാണ്. അതുകൊണ്ടുതന്നെ പ്രവാസി കുടുംബങ്ങളും ഈ ഭാഗം താമസത്തിന് തെരഞ്ഞെടുക്കാന്‍ ഇഷ്ടപ്പെടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.