ഖത്തറില്‍ ലോക പരിസ്ഥിതി ദിനാചരണ പരിപാടികള്‍ തുടങ്ങി 

Story dated:Friday June 5th, 2015,01 04:pm

WED 2015 MARKED 4ദോഹ. ഏഴ് ബില്ല്യന്‍ ജനങ്ങള്‍, ഏഴ് ബില്യന്‍ സ്വപ്‌നങ്ങള്‍, ഒരൊറ്റ ഭൂമി, ശ്രദ്ധയോടെ ഉപഭോഗം ചെയ്യുക എന്ന സുപ്രധാനമായ പ്രമേയം ഉയര്‍ത്തിപ്പിടിച്ച് ആന്റി സ്‌മോക്കിംഗ് സൊസൈറ്റി ഐക്യ രാഷ്ട്ര സംഘടനയുടെ യുനൈറ്റഡ് നാഷന്‍സ് എന്‍വയണ്‍മെന്റ് പ്രോഗ്രാമുമായി സഹകരിച്ച് സംഘടിപ്പിച്ച ലോക പരിസ്ഥിതി ദിനാചരണ പരിപാടികള്‍ക്ക് ഐഡിയല്‍ ഇന്ത്യന്‍ സ്‌ക്കൂള്‍ ഓഡിറ്റോറിയത്തില്‍ ഉജ്ജ്വല തുടക്കം. വാരാന്ത്യ അവധിയുടെ ആലസ്യങ്ങളില്ലാതെ നൂറ് കണക്കിന് രക്ഷിതാക്കളും അധ്യാപകരും വിദ്യാര്‍ഥികളും പരിസ്ഥി പ്രവര്‍ത്തകരും നിറഞ്ഞ സദസ്സില്‍ ഖത്തറിലെ പതിനഞ്ചോളം ഇന്ത്യന്‍ സ്‌ക്കൂള്‍ വിദ്യാര്‍ഥി പ്രതിനിധികള്‍ ചേര്‍ന്നാണ് പരിപാടിയുടെ ഔപചാരികമായ ഉദ്ഘാടനം നിര്‍വഹിച്ചത്. ഗവണ്‍മെന്റ് തലത്തിലും സന്നദ്ധ സംഘങ്ങളുടെ ഭാഗത്തുനിന്നുമൊക്കെയുണ്ടാകുന്ന പ്രവര്‍ത്തനങ്ങള്‍ക്കുമപ്പുറം ഓരോരുത്തരും പരിസ്ഥി സംരക്ഷണം ഗൗരവമായി എടുക്കണമെന്ന് ഉദ്‌ബോധിപ്പിച്ച കുരുന്നു പ്രതിഭകള്‍ പരിസ്ഥിതി ദിന സന്ദേശങ്ങളുള്‍ക്കൊള്ളുന്ന പ്‌ളേക്കാര്‍ഡുകളും പെയിന്റിംഗുകളും പ്രസംഗവും കൊണ്ട് ഉദ്ഘാടന ചടങ്ങ് ഗംഭീരമാക്കി.
നിയമ വ്യവസ്ഥകള്‍ അംഗീകരിക്കുകയും പരിസ്ഥിതിയുടെ കാവലാളുകളാവുകയും ചെയ്യുവാന്‍ ഓരോ വ്യക്തിയും കുടുംബവും മുന്നോട്ടുവന്നാല്‍ മാത്രമേ ഭാവി തലമുറക്കും നമുക്കും പരിസ്ഥിയെ സംരക്ഷിക്കാനാവുകയുള്ളൂവെന്ന് കുരുന്നുകള്‍ ഓര്‍മപ്പെടുത്തിയപ്പോള്‍ സംഘാടകരും പ്രായോജകരും സായൂജ്യരായി. അമാനുല്ല വടക്കാങ്ങര പരിപാടി നിയന്ത്രിച്ചു.
ആന്റി സ്‌മോക്കിംഗ് സൊസൈറ്റി കോര്‍ഡിനേറ്റര്‍ അബ്ദുല്‍ ഫത്താഹ് നിലമ്പൂര്‍, ഷബീറലി കൂട്ടില്‍ , സിയാഹു റഹ്മാന്‍, സൈദലവി അണ്ടേക്കാട്, ഖാജാ ഹുസൈന്‍, ഹംസ നെടുംകണ്ടത്തില്‍, അബൂബക്കര്‍ മാടമ്പത്ത്, അഫ്‌സല്‍ കിളയില്‍, ഷറഫുദ്ധീന്‍ തങ്കയത്തില്‍, ഫായിസ് കിളയില്‍, മുഹമ്മദ് റഫീഖ്, മുഹമ്മദ് ഇഖ്ബാല്‍, സഅദ് അമാനുല്ല, റഷാദ് മുബാറക് എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.