Section

malabari-logo-mobile

ഖത്തറില്‍ സ്‌പോണ്‍സര്‍ഷിപ്പ്‌ എക്‌സിറ്റ്‌ പെര്‍മിറ്റ്‌ ഭേദഗതി;തീരുമാനത്തില്‍ നിന്ന്‌ പിന്നോട്ടില്ല;അബ്ദുല്ല സാലിഹ്‌

HIGHLIGHTS : ദോഹ: സ്‌പോണ്‍സര്‍ഷിപ്പ്, എക്‌സിറ്റ് പെര്‍മിറ്റ് സംവിധാനങ്ങള്‍ ഭേദഗതി വരുത്താനുള്ള തീരുമാനത്തില്‍ നിന്ന് പിന്നോട്ട് പോകുന്ന പ്രശ്‌നമുദിക്കുന്നില്ലെന്ന്

tumblr_md28i0AUY91qge4f9ദോഹ: സ്‌പോണ്‍സര്‍ഷിപ്പ്, എക്‌സിറ്റ് പെര്‍മിറ്റ് സംവിധാനങ്ങള്‍ ഭേദഗതി വരുത്താനുള്ള തീരുമാനത്തില്‍ നിന്ന് പിന്നോട്ട് പോകുന്ന പ്രശ്‌നമുദിക്കുന്നില്ലെന്ന് തൊഴില്‍- സാമൂഹിക ക്ഷേമ മന്ത്രി അബ്ദുല്ല സാലിഹ് മുബാറക് അല്‍ഖുലൈഫി. പുതിയ നിയമത്തില്‍ സ്‌പോണ്‍സര്‍ഷിപ്പ് എന്ന പ്രയോഗം തന്നെ ഒഴിവാക്കി പൂര്‍ണമായും തൊഴിലുടമയും തൊഴിലാളിയും തമ്മില്‍ ഒപ്പിടുന്ന കരാറിന്റെ അടിസ്ഥാനത്തിലാക്കും. തൊഴിലാളിയുടെ അവകാശങ്ങളും കടമകളും സംബന്ധിച്ച് കരാറിലുണ്ടാകും. തൊഴിലാളിയും തൊഴിലുടമയും തമ്മിലുള്ള പരസ്പര ധാരണപ്രകാരമായിരിക്കും ഉപാധികള്‍ തീരുമാനിക്കുക. പുതിയ നിയമം അന്തിമഘട്ടത്തിലാണെന്നും മന്ത്രി വ്യക്തമാക്കി.
സ്‌പോണ്‍സര്‍ഷിപ്പ് നിയമ ഭേദഗതി നടപ്പാവുമെന്ന കാര്യം ഉറപ്പാണെങ്കിലും നടപ്പാവുന്ന കൃത്യമായ തിയ്യതി വ്യക്തമാക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഖത്തര്‍ അതിന്റെ നിയമപരമായ എല്ലാ ബാധ്യതകളും പൂര്‍ത്തീകരിച്ചിട്ടുണ്ട്. തുടര്‍ന്നും അത് അങ്ങനെ തന്നെയായിരിക്കും. സ്‌പോണ്‍സര്‍ഷിപ്പ് നിയമം ആഭ്യന്തര മന്ത്രാലയത്തിന്റെ പരിധിയില്‍ വരുന്നതാണെന്നും അദ്ദേഹം അറിയിച്ചു.
അതേസമയം, സ്‌പോണ്‍സര്‍ഷിപ്പ് നിയമഭേദഗതി നീളുന്നതിന്റെ കാരണമെന്താണെന്നു വ്യക്തമല്ല. സ്വാകാര്യ മേഖലയുടെ വിയോജിപ്പാണ് പ്രധാന തടസ്സമെന്നാണു കരുതുന്നത്. ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് ഗവേഷകനായ നിക്ക് മക്ഗീഹാന്‍ കഴിഞ്ഞ മാസം നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ ഇക്കാര്യം സൂചിപ്പിച്ചിരുന്നു. സ്‌പോണ്‍സര്‍ഷിപ്പ് നിയമത്തില്‍ മാറ്റം വരുത്തുന്നത് തൊഴിലാളികള്‍ പൊടുന്നനെ ജോലി രാജിവച്ച് പോകാന്‍ കാരണമാവുമോ എന്ന് സ്വദേശികള്‍ ഭയക്കുന്നതായാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്. ഇക്കാര്യത്തില്‍ അവര്‍ക്കിടയില്‍ ബോധവത്ക്കരണം വേണമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
വിദേശകാര്യ മന്ത്രാലയത്തിലെ ഡിപ്ലോമാറ്റിക് ഇന്‍സ്റ്റിറ്റിയൂട്ട് സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. വിവിധ രാജ്യങ്ങളിലെ നയതന്ത്രപ്രതിനിധികള്‍ക്ക് ഖത്തരി ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്താനും തൊഴിലാളി സംബന്ധമായും മറ്റ് വിഷയങ്ങളും ചര്‍ച്ച ചെയ്യുന്നതിനും വേണ്ടിയുള്ളതാണ് ചടങ്ങ്. രാജ്യത്തെ തൊഴില്‍ സാഹചര്യം സംബന്ധിച്ചു പാശ്ചാത്ത്യന്‍ മാധ്യമങ്ങള്‍ ഖത്തറിനെതിരേ നടത്തുന്ന പ്രചാരണത്തെ നേരിടുകയാണ് പരിപാടിയുടെ ലക്ഷ്യം. ഇത്തരം യോഗം നിശ്ചിത ഇടവേളകളില്‍ നടത്താനാണ് പദ്ധതി.
അതേ സമയം, കരട് സ്‌പോണ്‍സര്‍ഷിപ്പ് നിയമം സംബന്ധിച്ച് പൂര്‍ണമായ അഭിപ്രായ ഐക്യത്തിലെത്തിയിട്ടില്ലെന്ന് അല്‍ഖുലൈഫി പറഞ്ഞു. നിയമമാറ്റം രാജ്യത്തിന്റെയും തൊഴിലാളികളുടെയും മറ്റെല്ലാവരുടെയും താത്പര്യമായതിനാല്‍ അതുമായി മുന്നോട്ടു പോവുക തന്നെ ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തൊഴില്‍ നിയമം ലംഘിച്ചതിന്റെ പേരില്‍ കഴിഞ്ഞ വര്‍ഷം 200ഓളം സ്വകാര്യ കമ്പനികളെ രാജ്യത്ത് നിരോധിച്ചതായി മന്ത്രി അറിയിച്ചു. ഇതിനു പുറമേ റിക്രൂട്ട്‌മെന്റ് നിയമങ്ങള്‍ ലംഘിച്ച 14 മാന്‍പവര്‍ ഏജന്‍സികളെ ദോഹയില്‍ കരിമ്പട്ടികയില്‍പ്പെടുത്തുകയും ചെയ്തു. ഖത്തറിലെ നേപ്പാള്‍ എംബസിയുടെ സഹായത്തോടെ അവരുടെ രാജ്യത്തുള്ള 55 മാന്‍പവര്‍ ഏജന്‍സികള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയതായും അദ്ദേഹം അറിയിച്ചു.
2014ല്‍ തൊഴില്‍- സാമൂഹിക ക്ഷേമ മന്ത്രാലയം കമ്പനികളില്‍ 51,000 പരിശോധനകളാണ് നടത്തിയത്. ഇതിനെ തുടര്‍ന്നാണ് 200ഓളം കമ്പനികളെ നിരോധിച്ചത്. കഴിഞ്ഞ വര്‍ഷം ലഭിച്ച 9,600 തൊഴില്‍ പരാതികളില്‍ 6,800 എണ്ണം രമ്യമായി പരിഹരിച്ചു. 800 എണ്ണം കോടതിയുടെ പരിഗണനയ്ക്ക് വിട്ടു. രാജ്യത്തെ തൊഴില്‍ സാഹചര്യം മെച്ചപ്പെടുത്തുന്നതില്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
തൊഴില്‍ സാഹചര്യം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി മുഴുവന്‍ തൊഴിലാളികള്‍ക്കും ശമ്പളം ബാങ്ക് വഴി നല്‍കുന്ന വേതന സംരക്ഷണ സംവിധാനത്തിന് അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി അംഗീകാരം നല്‍കിയിരുന്നു.
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!