ഖത്തറില്‍ കനത്ത മൂടല്‍ മഞ്ഞ്‌; ഒറ്റദിവസം 113 വാഹനാപകടങ്ങള്‍

ദോഹ: കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന്‌ വാഹനമോടിക്കുന്നവര്‍ക്ക്‌ മുന്‍കരുതല്‍ നിര്‍ദേശങ്ങളുമായി ഖത്തര്‍ ആഭ്യന്തര മന്ത്രാലയം. മൂടല്‍ മഞ്ഞിനെ തുടര്‍ന്ന്‌ ചൊവ്വാഴ്‌ച മാത്രം 113 വാഹനാപകടങ്ങളാണ്‌ രാജ്യത്ത്‌ റിപ്പോര്‍ട്ട്‌ ചെയ്‌തത്‌. അല്‍ ഖോര്‍ തീരദേശ റോഡ്‌, ഷമാല്‍ റോഡില്‍ ഖോറാന്‍ അന്റര്‍ സെഷന്‍ എന്നിവിടങ്ങളിലാണ്‌ കഴിഞ്ഞ ദിവസം ഏറ്റവും കൂടുതല്‍ വാഹനാപകടങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തത്‌. അപകട സ്ഥലം സന്ദര്‍ശിച്ച ആഭ്യന്തരമന്ത്രാലയം ജീവനക്കാര്‍ മൂടല്‍ മഞ്ഞിനെ തുടര്‍ന്നു യാത്ര തടസ്സപ്പെടുന്ന സ്ഥലങ്ങളില്‍ താല്‍കാലിക ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി.

മൂടല്‍മഞ്ഞ്‌ അനുഭവപ്പെടുന്ന സമയങ്ങളില്‍ പൊതു ജനങ്ങള്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകളെ കുറിച്ചും ഫേസ്‌ബുക്ക്‌ പേജിലൂടെ ആഭ്യന്തരമന്ത്രാലയം നിര്‍ദേശങ്ങള്‍ നല്‍കുന്നുണ്ട്‌. മറ്റ്‌ വാഹനങ്ങളില്‍ നിന്നും സുരക്ഷിതമായ ദൂരം പാലിക്കണമെന്നും ഹൈ ബീം ലൈറ്റുകള്‍ ഉപയോഗിക്കരുതെന്നും നിര്‍ദേശത്തില്‍ മുന്നറിയിപ്പ്‌ നല്‍കുന്നു. വാഹനത്തിന്റെ വേഗം കുറച്ചു പൂര്‍ണ നിയന്ത്രണത്തിലാണെന്ന്‌ ഉറപ്പു വരുത്തുക, ഫോഗ്‌ ലൈറ്റ്‌ ഉപയോഗിക്കുക, വാഹനങ്ങളെ മറികടക്കുമ്പോളും കവലകള്‍ മുറിച്ച്‌ കടക്കുമ്പോഴും ശ്രദ്ധിക്കുക തുടങ്ങിയവയാണ്‌ പ്രധാന നിര്‍ദേശങ്ങള്‍. മൂടല്‍ മഞ്ഞ്‌ പ്രശ്‌നം സൃഷ്ടിക്കുന്ന പാതകളില്‍ താല്‍കാലികമായി ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്താനും അപകടങ്ങളില്‍ പെടുന്ന വാഹനങ്ങള്‍ നീക്കം ചെയ്യാനും പ്രത്യേക പെട്രോള്‍ സംഘങ്ങളെയും ഏര്‍പ്പെടുത്തിയിട്ടുണ്ട്‌.

കഴിഞ്ഞ ദിവസമുണ്ടായ അപകടങ്ങളില്‍ മരണമോ ഗുരുതരമായ പരുക്കുകളോ റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടില്ലെന്നും മന്ത്രാലയം അറിയിച്ചു.