ദോഹയില്‍ കറങ്കഊ ആഘോഷത്തിന്‌ മുന്നോടിയായി കച്ചവടസ്ഥാപനങ്ങളില്‍ മിന്നല്‍ പരിശോധന

ദോഹ: നോമ്പെടുക്കുന്ന കുഞ്ഞുങ്ങള്‍ക്ക്‌ സമ്മാനങ്ങള്‍ നല്‍കുന്നതിനുള്ള കറങ്കഊ ആഘോഷങ്ങളുടെ മുന്നോടിയായി ഉല്‍പന്നങ്ങള്‍ വില്‍ക്കുന്ന കടകളിലും സ്ഥാപനങ്ങളിലും വാണിജ്യമന്ത്രാലയം മിന്നല്‍ പരിശോധന നടത്തി. പരിശോധനയില്‍ പതിനൊന്നോളം നിയമലംഘനങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തു. രാജ്യത്തുടനീളമുള്ള 546 കച്ചവട സ്ഥാനങ്ങളില്‍ നടത്തിയ പരിശോധനയിലാണ്‌ നിയമലംഘനം റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടത്‌.

ഉല്‍പന്നങ്ങളുടെ വില പരസ്യപ്പെടുത്താതിരിക്കുക, അമിത വില രേഖപ്പെടുത്താതിരിക്കുക, കാലാവധി കഴിഞ്ഞ ഉല്‍പ്പന്നങ്ങള്‍ വില്‍പനയക്ക്‌ വെയ്‌ക്കുക തുടങ്ങിയ നിയമലംഘനങ്ങളാണ്‌ പിടികൂടിയത്‌. വിശുദ്ധമാസത്തില്‍ കച്ചവടരംഗം സുതാര്യമാക്കാനും ഉപഭോക്താക്കളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും ചൂഷണം അവസാനിപ്പിക്കുന്നതിനുമായി വാണിജ്യസാമ്പത്തിക മന്ത്രാലയം ശക്തമായ പരിശോധനയാണ്‌ കച്ചവടസ്ഥാപനങ്ങളില്‍ നടത്തിവരുന്നത്‌. പരിശോധനയ്‌ക്കായി പ്രത്യേക സംഘത്തെ തന്നെ മന്ത്രാലയം നിയോഗിച്ചിട്ടുണ്ട്‌.

ഉപഭോക്താക്കളുടെ അവകാശങ്ങള്‍ ഹനിക്കുകന്ന നിയമലംഘനങ്ങള്‍ പിടിക്കപ്പെട്ടാല്‍ 3000 മുതല്‍ ദശലക്ഷം റിയാല്‍ വരെ പിഴ ചുമത്താനും ഒരുമാസം വരെ സ്ഥാപനം അടച്ചുപൂട്ടാനുമാണ്‌ നിയമം.