ദോഹയില്‍ വേതന സംരക്ഷണ നിയമം വീട്ടുജോലിക്കാര്‍ക്ക്‌ ലഭിക്കില്ല

Untitled-1 copyദോഹ: തൊഴിലാളികള്‍ക്ക് കൃത്യസമയത്ത് ശമ്പളം ലഭ്യമാക്കുന്നതിന്റെ ഭാഗമായി നടപ്പാക്കുന്ന വേതന സംരക്ഷണ നിയമത്തിന്റെ പ്രയോജനം വീട്ടുവേലക്കാര്‍ക്ക് ലഭിക്കില്ലെന്ന് റിപ്പോര്‍ട്ട്. തൊഴില്‍ നിയമത്തിന്റെ പരിധിയില്‍ വരുന്ന സ്വകാര്യ മേഖലയിലെ തൊഴിലാളികള്‍ക്കു മാത്രമാണ് നിയമം ബാധകമാവുകയെന്ന് തൊഴില്‍ മന്ത്രാലയത്തിലെ നിയമകാര്യ വിഭാഗം മേധാവി സലാഹ് സഈദ് അല്‍ശാവിയെ ഉദ്ധരിച്ച് ദി പെനിന്‍സുല റിപ്പോര്‍ട്ട് ചെയ്തു.   വീട്ടുവേലക്കാര്‍ക്ക് വാഗ്ദാനം ചെയ്ത ജോലിയോ ശമ്പളമോ ലഭിക്കാത്തതായി നിരവധി പരാതികള്‍ ഉയരാറുണ്ട്. ശമ്പളവുമായി ബന്ധപ്പെട്ട പരാതികളും സ്‌പോണ്‍സറില്‍ നിന്ന് നേരിടുന്ന പീഡനവും വീട്ടുവേലക്കാരുടെ ഒളിച്ചോട്ടത്തിനും കാരണമാകാറുണ്ട്.   തൊഴിലാളികള്‍ക്ക് വേതനം നല്‍കുന്നതില്‍ കാലതാമസം വരുത്തുന്ന സ്ഥാപനങ്ങളുടെ എണ്ണത്തില്‍ കാര്യമായ കുറവ് വന്നതായും പെനിന്‍സുലയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. തൊഴിലാളികള്‍ക്ക് ബാങ്ക് മുഖേന വേതനം നല്‍കാന്‍ നിഷ്‌കര്‍ഷിക്കുന്ന വേതനസംരക്ഷണ സംവിധാനം സര്‍ക്കാര്‍ പ്രഖ്യാപിച്ചതോടെ ഇത്തരം പ്രശ്‌നങ്ങള്‍ 30 ശതമാനം കുറഞ്ഞതായി മന്ത്രാലയം പ്രതിനിധികള്‍ വ്യക്തമാക്കുന്നു. വിവിധ കമ്പനികള്‍ തങ്ങളുടെ തൊഴിലാളികള്‍ക്ക് വേതനം നല്‍കുന്നത് നീട്ടിക്കൊണ്ടു പോകുന്ന പതിവ് നേരത്തെ ഉണ്ടായിരുന്നു.   ഇതുസംബന്ധിച്ച് പ്രവാസി തൊഴിലാളികളില്‍ നിന്ന് പരാതികളും ഉയരാറുണ്ട്. തൊഴില്‍ മന്ത്രാലയം തങ്ങളുടെ നിയമങ്ങള്‍ കര്‍ശനമാക്കുകയും തൊഴിലാളികള്‍ക്ക് വേതനം ബാങ്ക് വഴിയാക്കണമെന്ന് നിഷ്‌കര്‍ഷിക്കുകയും  ചെയ്തതോടെയാണ് ഇതില്‍ പുരോഗതിയുണ്ടായത്.   നവംബര്‍ മൂന്നാണ് ബാങ്ക് വഴി ശമ്പളം നല്‍കുന്നത് നടപ്പിലാക്കാന്‍ കമ്പനികള്‍ക്ക് നല്‍കിയിരിക്കുന്ന ഡെഡ് ലൈന്‍. വേതനം ഓണ്‍ലൈന്‍ വഴി നല്‍കാനുള്ള നിയമം നടപ്പാക്കുന്നതിന് മുമ്പേ തന്നെ സ്വകാര്യ കമ്പനികള്‍ ശമ്പളം വൈകിക്കുന്നത് സംബന്ധിച്ച പരാതികള്‍ 30 ശതമാനം കുറഞ്ഞിട്ടുണ്ട്. വേതന സുരക്ഷാ നിയമം നടപ്പാക്കാതിരിക്കാന്‍ രാജ്യത്തെ ഒരു കമ്പനിക്കും കഴിയില്ലെന്നും തൊഴില്‍ സാമൂഹികകാര്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് പത്രം റിപ്പോര്‍ട്ട് ചെയ്തു.   നവംബര്‍ രണ്ടിനകം സജ്ജീകരണങ്ങള്‍ പൂര്‍ത്തിയാക്കി മൂന്ന് മുതല്‍ പദ്ധതി നടപ്പാക്കണമെന്നാണ് തൊഴില്‍ മന്ത്രാലയം അന്തിമ ഉത്തരവ് ഇറക്കിയിരിക്കുന്നത്.   ബാങ്ക് വഴി ശമ്പളം നല്‍കുന്ന പദ്ധതി തുടങ്ങിക്കഴിഞ്ഞാല്‍ പിന്നീട് അതില്‍ നിന്നു പിന്‍മാറാന്‍ കമ്പനികള്‍ക്ക് കഴിയില്ല. 2004ലെ തൊഴില്‍ നിയമം അനുസരിച്ചുള്ള എല്ലാ സ്വകാര്യ കമ്പനികളെയും ഉള്‍പ്പെടുത്തി ഇക്കാര്യത്തില്‍ ബോധവത്കരണ പരിപാടികള്‍ തൊഴില്‍ മന്ത്രാലയം നടത്തിയിരുന്നു. ഇതിന് നല്ല പ്രതികരണമാണ് ഉണ്ടായതെന്ന് മന്ത്രാലയം പി ആര്‍ ഒ മുഹമ്മദ് അല്‍മീര്‍ പറഞ്ഞു.   വേതനം ഓണ്‍ലൈന്‍ വഴി നല്‍കാനുള്ള നിയമം നടപ്പാക്കുന്നതില്‍ വീഴ്ച വരുത്തുന്ന കമ്പനി ഉടമകള്‍ക്ക് കടുത്ത ശിക്ഷ ലഭിക്കും. തൊഴിലാളികള്‍ക്ക് ഓണ്‍ലൈനായി വേതനം കൃത്യസമയത്ത് കൈമാറിയില്ലെങ്കില്‍  കമ്പനി ഉടമയ്ക്ക് ഒരു മാസം വരെ തടവോ ഒരു തൊഴിലാളിയുടെ കാര്യത്തില്‍ വരുന്ന വീഴ്ചയ്ക്ക് ആറായിരം റിയാല്‍ വരെ പിഴയോ രണ്ടും കൂടിയോ അനുഭവിക്കേണ്ടി വരും.   എത്ര തൊഴിലാളികള്‍ക്ക് വേതനം നല്‍കുന്നതില്‍ വീഴ്ച വരുത്തുന്നുവോ അതിന് അനുസരിച്ച് പിഴ കൂടും. കമ്പനി ഉടമയോ അല്ലെങ്കില്‍ ഉടമ അധികാരപ്പെടുത്തിയ വ്യക്തിയോ ആയിരിക്കും ശിക്ഷ അനുഭവിക്കേണ്ടി വരിക.   വേതനം ലഭിക്കുന്നതില്‍ വീഴ്ച വന്നത് ചൂണ്ടിക്കാട്ടി തൊഴിലാളിക്ക് ലേബര്‍ കോടതിയെ സമീപിക്കാനും നിയമത്തില്‍ വ്യവസ്ഥയുണ്ട്.   വീഴ്ച വരുത്തുന്ന തൊഴിലുടമയുമായി തൊഴില്‍ മന്ത്രാലയവുമായി ബന്ധപ്പെട്ടുള്ള എല്ലാ പ്രവര്‍ത്തനങ്ങളും തടയുന്നതിനുള്ള ഉത്തരവ് പുറപ്പെടുവിക്കുന്നതിന് തൊഴില്‍ മന്ത്രിക്ക് നിയമം അധികാരം നല്‍കുന്നു.   ശമ്പളം കൊടുക്കേണ്ട തിയ്യതി കഴിഞ്ഞ് ഏഴ് ദിവസത്തിനുള്ളില്‍ തൊഴിലാളികള്‍ക്ക് ഓണ്‍ലൈന്‍ വഴി വേതനം നല്‍കിയിരിക്കണമെന്നാണ് നിയമം. തൊഴിലാളി അക്കൗണ്ട് തുറന്ന് കഴിഞ്ഞാല്‍ കമ്പനിയുടെ അക്കൗണ്ടില്‍ നിന്ന് അതിലേക്ക് വേതനം കൈമാറുന്നതിന് ഓട്ടോമാാറ്റിക് സംവിധാനമാണ് പദ്ധതിയുടെ ഭാഗമായി തയ്യാറാക്കിയിരിക്കുന്നത്. മാസ ശമ്പളക്കാര്‍ അല്ലാത്തവര്‍ക്ക് രണ്ട് ആഴ്ചയ്ക്കുള്ളില്‍ വേതനം കൈമാറിയിരിക്കണം. വേതനം കൃത്യമായി കൈമാറുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് കമ്പനികള്‍ കയറിയിറങ്ങേണ്ടതില്ല.   വേതന സുരക്ഷാ നിയമം നടപ്പാക്കുന്നതിനായി തയ്യാറാക്കിയ സംവിധാനം വഴി സ്വന്തം ഓഫീസില്‍ ഇരുന്ന് തന്നെ ഇക്കാര്യം പരിശോധിച്ച് ഉറപ്പാക്കാവുന്നതാണ്.   എങ്കിലും തൊഴിലാളികള്‍ക്ക് പരാതി അറിയിക്കാനും അത് എത്രയും പെട്ടെന്ന് പരിഹരിക്കാനും സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ബോധവത്കരണ പ്രവര്‍ത്തനം നടത്തിയതിന്റെ ഭാഗമായി പല കമ്പനികളും ഇപ്പോള്‍ തന്നെ തൊഴിലാളികള്‍ക്ക് ഓണ്‍ലൈന്‍ വഴി വേതനം നല്‍കിത്തുടങ്ങിയിട്ടുണ്ട്.

Related Articles