ദോഹയില്‍ സര്‍ക്കാര്‍- സ്വകാര്യ സ്‌കൂള്‍ കാന്റീനുകളിലെ ഭക്ഷ്യ സുരക്ഷാ നിബന്ധനകള്‍ കര്‍ശനമാക്കുന്നു

ദോഹ: സര്‍ക്കാര്‍- സ്വകാര്യ സ്‌കൂള്‍ കാന്റീനുകളിലെ ഭക്ഷ്യ സുരക്ഷാ നിബന്ധനകള്‍ കര്‍ശനമാക്കുന്നു. പുതിയ അധ്യയന വര്‍ഷത്തേക്കുള്ള കാന്റീനുകളിലെ ഭക്ഷ്യ സുരക്ഷാ നിബന്ധനകളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിന് ഉന്നത വിദ്യാഭ്യാസ സമിതിക്ക് കീഴിലെ സ്റ്റാന്റിംഗ് കമ്മിറ്റി ഫോര്‍ സ്‌കൂള്‍ കാന്റീന്‍സിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം യോഗം ചേര്‍ന്നു.
അടുത്ത അധ്യയന വര്‍ഷത്തില്‍ സര്‍ക്കാര്‍ സ്‌കൂളുകളില്‍ കാന്റീന്‍ നടത്തുന്നതിനുള്ള അപേക്ഷകള്‍ സ്വീകരിച്ചുതുടങ്ങിയതായി കമ്മിറ്റി വ്യക്തമാക്കി. എസ് ഇ സിക്കു കീഴിലെ പര്‍ച്ചേസ് സെക്ഷനായിരിക്കും ആവശ്യമായ മാനദണ്ഡങ്ങളോടു കൂടിയ അപേക്ഷകള്‍ സ്വീകരിക്കുക.ഇതിനു ശേഷം കമ്പനികളുടെ കിച്ചണുകള്‍ മുനിസിപ്പല്‍ നഗരാസൂത്രണ മന്ത്രാലയത്തിനു കീഴിലെ പ്രത്യേക പരിശോധനാ വിഭാഗം സന്ദര്‍ശിക്കുന്നതാണ്.
കാന്റീന്‍ നടത്താന്‍ ആഗ്രഹിക്കുന്ന കമ്പനികള്‍ എസ് ഇ സി  ആസ്ഥാനത്തെ ഒന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന പര്‍ച്ചേസ് സെക്ഷനില്‍ അപേക്ഷ സമര്‍പ്പിക്കണം. 500 റിയാല്‍ ഫീസ് അടച്ച് ആവശ്യമായ രേഖകള്‍ അവിടെ നിന്നും കരസ്ഥമാക്കേണ്ടതാണ്. അടച്ച 500 റിയാല്‍ തിരിച്ചുകിട്ടുന്നതല്ലെന്നും എസ് ഇ സിയുടെ ഫണ്ടിലേക്ക് അത് സംഭാവനയായി കണക്കാക്കുമെന്നും കമ്മിറ്റി ചൂണ്ടിക്കാട്ടി. 12-ാം തിയ്യതി ഉച്ചയ്ക്ക് ഒരു മണി വരെയാണ് അപേക്ഷകള്‍ സമര്‍പ്പിക്കാനുള്ള അവസാന സമയം.
സ്‌കൂള്‍ കാന്റീനുകളുടെ നിലവാരം മെച്ചപ്പെടുത്തുക എന്ന അടിസ്ഥാനത്തില്‍ സ്റ്റാന്റിംഗ് കമ്മിറ്റിക്ക് രൂപം നല്‍കാന്‍ ബന്ധപ്പെട്ട മന്ത്രാലയം തീരുമാനിക്കുകയായിരുന്നു. കാന്റീനുകളുടെ പെര്‍ഫോമന്‍സ് നന്നാക്കുന്നതിന് സമഗ്ര പദ്ധതി കമ്മിറ്റി ആവിഷ്‌കരിച്ചിട്ടുണ്ട്.