ദോഹയില്‍ സല്‍വ റോഡില്‍ വെള്ളിയാഴ്ച മുതല്‍ ഗതാഗത നിയന്ത്രണം

ദോഹ:സല്‍വ റോഡില്‍ വെള്ളിയാഴ്ച മുതല്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയതായി പൊതുമരാമത്ത് വകുപ്പ് അറിയിച്ചു. സല്‍വ റോഡിലെ 24 ാം നമ്പര്‍ ഇന്റര്‍ചേഞ്ച് സിഗ്നല്‍ സംവിധാനത്തിലേക്ക് മാറ്റുന്നതിന്റെ ഭാഗമായാണ് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. പടിഞ്ഞാറന്‍ ദോഹയുടെ ഏകദേശം 25 കിലോമീറ്റര്‍ റോഡിലാണ് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. ഗതാഗത വകുപ്പിന്റെ സഹകരണത്തോടെയാണ് നിയന്ത്രണം നടപ്പിലാക്കുന്നത്.

ഗതാഗത നിയന്ത്രണ സമയങ്ങളിൽ വേഗ പരിധി 120ൽ നിന്ന് അമ്പത് കിലോമീറ്ററായി കുറച്ചിട്ടുണ്ട്. സൽവ റോഡ് ഇന്റർചേഞ്ച് പതിനേഴിൽ നിന്ന് താത്‌കാലിക ട്രക്ക് റൂട്ടിലേക്കുള്ള ഇതര റൂട്ടിന്റെ നിർമാണവും പുരോഗതിയിലാണ്. സൽവ റോഡ് ഇന്റർചേഞ്ച് 24ലെ ഗതാഗത കുരുക്ക് കുറക്കാൻ ഇതിലൂടെ സാധിക്കും. പുതിയ സിഗ്നൽ സംവിധാനത്തിലുള്ള റൗണ്ട് എബൗട്ടിൽ എത്താതെ തന്നെ വാഹനങ്ങൾക്ക് മിസൈദ്, വ്യവസായ മേഖല എന്നിവിടങ്ങളിലേക്ക് എത്താൻ കഴിയും. ഈ റൂട്ട് ഏപ്രിലിൽ ഗതാഗതത്തിനായി തുറക്കും.  സൽവ റോഡിലെ പാതയുടെ എണ്ണം കുറക്കില്ലെങ്കിലും സിഗ്നൽ സംവിധാനത്തിലുള്ള റൗണ്ട് എബൗട്ടിൽ ഇരുദിശകളിലേക്കും മൂന്ന് വരിപ്പാതകളാണ് അനുവദിക്കുന്നത്.