ഖത്തറില്‍ സക്കാത്ത് കണക്കുകൂട്ടാന്‍ ഓണ്‍ലൈന്‍ കാല്‍ക്കുലേറ്റര്‍

ദോഹ: രാജ്യത്ത് പരിശുദ്ധ റംസാന്‍ മാസത്തില്‍ സക്കാത്ത് കണക്കുകൂട്ടാനായി വിശ്വാസികള്‍ക്ക് ഉപകാരമാകുന്ന തരത്തില്‍ സന്നദ്ധ സംഘടനകള്‍ ഓണ്‍ലൈന്‍ സക്കാത്ത് കാല്‍ക്കുലേറ്ററുകള്‍ തയ്യാറാക്കി. ഖത്തര്‍ ചാരിറ്റിയുടെ വെബ്‌സൈറ്റില്‍ അറബി, ഇംഗ്ലീഷ് ഭാഷകളില്‍ സക്കാത്ത് കാല്‍ക്കുലേറ്റര്‍ ലഭിക്കും.

സക്കാത്ത് നല്‍കാനായി തങ്ങളുടെ സമ്പാദ്യം, സ്റ്റോക്ക്, സ്വര്‍ണം, കന്നുകാലികള്‍ തുടങ്ങിയവയുടെ കൃത്യമായി കണക്കുകൂട്ടാന്‍ ഈ പുതിയ ഓണ്‍ലൈന്‍ കാല്‍ക്കുലേറ്റര്‍ വഴി സാധിക്കും. ഇസ്ലാമിക വിശ്വാസപ്രകാരം സമ്പത്തിന്റെ നിശ്ചിത ഓഹരി സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങള്‍ക്കായി സക്കാത്ത് നല്‍കിയിരിക്കണമെന്നാണ്.

സ്റ്റോക്ക് എക്‌സ്‌ചേഞ്ച്, പ്രാദേശിക, അന്താരാഷ്ട്ര സ്വര്‍ണ-വെള്ളി വിപണി എന്നിവയുമായി നേരിട്ട് ബന്ധപ്പെടുത്തിയതാണ് പുതിയസേവനം. ഓഹരികള്‍, സ്വര്‍ണം, വെള്ളി എന്നിവയില്‍ നിന്നുള്ള സക്കാത്ത് വേഗത്തില്‍ ഇതിലൂടെ കണക്കുകൂട്ടാം. വെബ്‌സൈറ്റില്‍ പ്രവേശിച്ച് മൊത്തം തുക, ഓഹരികളുടെ എണ്ണം, സ്വര്‍ണത്തിന്റെയും വെള്ളിയുടേയും അളവ് എന്നിവ നല്‍കുമ്പോള്‍ ഇതില്‍ നിന്ന് സക്കാത്ത് നല്‍കേണ്ടതിന്റെ കൃത്യമായ ഓഹരി കാല്‍ക്കുലേറ്റര്‍ നല്‍കും.

റെഗുലേറ്ററി അതോറിറ്റി ഓഫ് ചാരിറ്റബിള്‍ സര്‍വീസസിന്റെ അനുമതി യോടെയാണ്  രാജ്യത്ത് സന്നദ്ധ സംഘടനകള്‍ സക്കാത്ത് ശേഖരിക്കുന്നത്. ശൈഖ് താനി ബിന്‍ അബ്ദുല്ല ഫൗണ്ടേഷന്‍ ഫോര്‍ ഹ്യൂമാനിറ്റേറിയന്‍ സര്‍വീസസിന്റെ (റാഫ്)യും ഓണ്‍ലൈനില്‍ സക്കാത്ത് കാല്‍ക്കുലേറ്റര്‍ ലഭിക്കും.