ദോഹ-അല്‍ഖോര്‍ റോഡില്‍ ഇന്നു മുതല്‍ ഗതാഗത നിയന്ത്രണം

ദോഹ: ദോഹയില്‍ നിന്ന് അല്‍ഖോറിലേക്കുള്ള റോഡില്‍ വക്വൂദ് പെട്രോള്‍ സ്‌റ്റേഷനു ശേഷമുള്ള ഒരു കിലോമീറ്റര്‍ ഭാഗത്ത് ഇന്നു മുതല്‍ ആറു മാസത്തേക്കു ഗതാഗത നിയന്ത്രണമേര്‍പ്പെടുത്തും. സമാന്തരമായി പുതിയതായി നിര്‍മിച്ച താല്‍ക്കാലിക റോഡിലൂടെ വാഹനങ്ങള്‍ കടത്തിവിടും. ഇവിടെ ഇരു വശങ്ങളിലേക്കും രണ്ടു വരി പാതയായിരിക്കും.

അല്‍ ഖോര്‍ റോഡില്‍ പുതിയ സിഗ്നല്‍ നിയന്ത്രിത ഇന്റര്‍സെക്ഷന്‍ നിര്‍മാണത്തിനു വേണ്ടിയാണു ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയത്. അല്‍ ബയ്ത്ത് സ്റ്റേഡിയത്തിലേക്കുള്ള ലിങ്ക് റോഡിന്റെ നിര്‍മ്മാണത്തിന്റെ ഭാഗമായാണിത്. സ്‌റ്റേഡിയത്തിന്റെ നാലു വശങ്ങളിലൂടെയും കടന്നു പോകുന്ന രീതിയിലാണു റോഡുകള്‍ കാര്‍ പാര്‍ക്കിങ് കേന്ദ്രത്തിലേക്കും ബസ് സ്റ്റേഷനുകളിലേക്കും ലിങ്ക് റോഡുകളുണ്ടാവും.