റംസാന്‍;ഖത്തറില്‍ 418 ഉല്‍പന്നങ്ങള്‍ക്ക് വിലകുറച്ചു

ദോഹ: രാജ്യത്ത് റംസാനെ വരവേല്‍ക്കുന്നതിന്റെ ഭാഗമായി 418 ഉല്‍പന്നങ്ങളുടെ വില വാണിജ്യ മന്ത്രാലയം കുറച്ചു. പല നിത്യോപയോഗ സാധനങ്ങളുടെയും വില 25% വരെ കുറച്ചിട്ടുണ്ട്. ആട്ട, മൈദ, പഞ്ചസാര, അരി, പാസ്‌ത, പാചക എണ്ണകൾ, പാൽ, തൈര്‌, എട്ടുതരം ഫ്രൂട്ട്‌ ജാമുകൾ, രണ്ടുതരം തേൻ, രണ്ടുതരം പനീർ, നാലുതരം ഹോട്ട്‌ സോസുകൾ, അഞ്ചുതരം കസ്‌റ്റാർഡ്‌ പൗഡറുകൾ, സ്‌ട്രോബറി ജല്ലികൾ, അൽ അലി പൈനാപ്പിൾ സിറപ്പുകൾ, സ്ലൈസുകൾ, കാരമൽ ക്രീം, വിവിധ കമ്പനികളുടെ നെയ്യ്‌, കെലോഗ്‌സ്‌ കോൺഫ്ലേക്‌സ്‌, കൂണുകൾ, പായ്‌ക്കറ്റിലാക്കിയ ട്യൂണ മൽസ്യം, വിവിധ കമ്പനികളുടെ കുടിവെള്ളം, ഹാൻഡ്‌ വാഷുകൾ, പാത്രങ്ങൾ കഴുകാനുള്ള ലോഷനുകൾ, ഗാർബേജ്‌ ബാഗുകൾ, മേശവിരിപ്പുകൾ, ഭക്ഷണം പൊതിയുന്നതിനുള്ള അലൂമിനിയം ടിഷ്യൂ, കൈ തുടയ്‌ക്കാനുള്ള ടിഷ്യൂ പേപ്പറുകൾ, വിവിധതരം പീസ്തകൾ എന്നിവയ്‌ക്കെല്ലാം വിലക്കുറവു ലഭ്യമാണെന്ന്‌ മന്ത്രാലയം പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു.

വിവിധ കമ്പനികളുടെ ഫ്രോസൻ ചിക്കൻ, വിവിധ കമ്പനികളുടെ ഫ്രഷ്‌ ചിക്കൻ, സ്വീറ്റ്‌ കോൺ, വിവിധ കമ്പനികളുടെ ടൊമാറ്റോ കെച്ചപ്പുകൾ, പായ്‌ക്കറ്റ്‌ തേയില, ടീ ബാഗുകൾ, നുറുക്കിയ ആട്ടിറച്ചി, വിനാഗിരി, വിവിധതരം കേക്കുകൾ, വിവിധതരം ഈന്തപ്പഴങ്ങൾ, ഓറഞ്ച്‌ – ലെമൺ ജ്യൂസുകൾ, മക്രോണി, വിവധതരം പാസ്‌തകൾ, ബേക്കിങ്‌ പൗഡറുകൾ, സൺഫ്ലവർ എണ്ണകൾ, നഡാക്‌, അൽമരായി, അൽ റവാബി എന്നീ കമ്പനികളുടെ പാൽ, ഒലിവെണ്ണ എന്നിവയും പട്ടികയിൽ പെടുന്നു.

അഖൽ മിൻ അൽ വജബ്‌ (നമ്മളാൽ ആവുന്നതു ചെയ്യാം) എന്ന പേരിൽ റമസാനോടനുബന്ധിച്ചു വാണിജ്യമന്ത്രാലയം നടപ്പാക്കുന്ന പ്രത്യേക പദ്ധതികളുടെ ഒരു ഭാഗം മാത്രമാണ്‌ നിത്യോപയോഗ സാധനങ്ങൾക്കുള്ള വിലക്കുറവ്‌.

രാജ്യത്തെ പ്രമുഖ ഷോപ്പിങ്‌ മാളുകളിലും ഹൈപ്പർ മാർക്കറ്റുകളിലും 35 അൽ മറ ബ്രാഞ്ചുകളിലും ഈ സാധനങ്ങൾക്ക്‌ ഇന്നലെമുതൽ വിലക്കുറവു ലഭ്യമാണ്‌. കടയുടമകൾ അധികവില ഈടാക്കുന്നില്ലെന്ന്‌ ഉറപ്പാക്കാൻ റമസാൻ മാസം തീരുംവരെ പരിശോധനകൾ തുടരും. അമിതവില ഈടാക്കുന്നതായി പരാതിയുള്ളവർക്ക്‌ 16001 എന്ന കോൾ സെന്റർ നമ്പറിലോ മന്ത്രാലയത്തിന്റെ ട്വിറ്റർ, ഫെയ്‌സ്‌ബുക്‌, സ്‌നാപ്‌ചാറ്റ്‌, ഇൻസ്‌റ്റാഗ്രാം അക്കൗണ്ടുകളിലൂടെയോ അക്കാര്യം അധികൃതരെ അറിയിക്കാം. വില കുറച്ച സാധനങ്ങളും അവയുടെ പുതിയ വിലയും മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിൽ നൽകിയിട്ടുണ്ട്‌.