ദോഹയില്‍ പലയിടത്തും മഴയും ആലിപ്പഴ വര്‍ഷവും

qatar copyദോഹ: ഇടിയുടേയും മിന്നലിന്റേയും അകമ്പടിയോടെ മഴ പെയ്തു. അവധി ദിനത്തിന്റെ ആലസ്യത്തില്‍ മയങ്ങാനാഗ്രഹിച്ചവരെ ആഹ്ലാദിപ്പിച്ചാണ് മഴ പെയ്തിറങ്ങിയത്. ഇന്നലെ ഉച്ചയ്ക്ക് ശേഷം ഉരുണ്ടു കൂടിയ കാര്‍മേഘങ്ങള്‍ പെയ്തിറങ്ങുകയായിരുന്നു. മഴയോടൊപ്പം ദോഹയുടെ വിവിധ ഭാഗങ്ങളില്‍ ആലിപ്പഴ വര്‍ഷവുമുണ്ടായി.
കാലാവസ്ഥാമാറ്റത്തിന്റെ സൂചന നല്‍കിയാണ് മഴയും പൊടിക്കാറ്റും വന്നണഞ്ഞത്. ഇന്‍ഡസ്ട്രിയല്‍ ഏരിയ, ഷഹാനിയ ഉള്‍പ്പടെയുള്ള പ്രദേശങ്ങളില്‍ സാമാന്യം നല്ല രീതിയില്‍ മഴ പെയ്തപ്പോള്‍ ദോഹയിലും സമീപ പ്രദേശങ്ങളിലും ചാറ്റല്‍ മഴയാണുണ്ടായത്. അല്‍ഖോറിലും ദുഖാനിലും സമീപ പ്രദേശങ്ങളിലും ഇന്നലെ ഉച്ചയ്ക്കുശേഷം സാമാന്യം കനത്ത പൊടിക്കാറ്റും അനുഭവപ്പെട്ടു. കനത്ത ചൂടിലും താപനിലയിലും വലഞ്ഞിരുന്ന ഖത്തര്‍ നിവാസികള്‍ക്ക് ആശ്വാസമായാണ് ഇന്നലെ മഴ പെയ്തത്. പകല്‍ സമയത്ത് താപനിലയില്‍ നല്ല കുറവും അനുഭവപ്പെട്ടിരുന്നു. കഴിഞ്ഞയാഴ്ച ഖത്തറില്‍ ഇടവിട്ട് ചെറിയ തോതില്‍ മഴ പെയ്തിരുന്നു. അതിന്റെ തുടര്‍ച്ചയായാണ് ഇന്നലെ വീണ്ടും മഴ പെയ്തത്. ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ റോഡുകളില്‍ വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടു. ഷഹാനിയയിലും കനത്ത മഴയാണുണ്ടായത്. ഒട്ടക ഫാമുകളിലും മറ്റും വെള്ളം കയറി. ബാങ്ക് സ്ട്രീറ്റിലും മറ്റും ചെറിയതോതില്‍ മഴത്തുള്ളികള്‍ മാത്രമാണ് പെയ്തത്. അതേസമയം അബുഹമൂര്‍, മുന്‍തസ എന്നിവിടങ്ങളിലും മാറ്റും ചാറ്റല്‍ മഴ പെയ്തു.
കഴിഞ്ഞ പത്തുവര്‍ഷത്തിനിടയില്‍ ഇത് രണ്ടാം തവണയാണ് സെപ്തംബര്‍ മാസത്തില്‍ തുടര്‍ച്ചയായി മഴ പെയ്യുന്നതെന്ന്  അല്‍ജസീറ ഇംഗ്ലീഷിലെ കാലാവസ്ഥാ വിദഗ്്ദ്ധ സ്റ്റെഫ് ഗൗല്‍ട്ടര്‍ പറഞ്ഞു. ഇതിനു മുമ്പ് സെപ്തംബറില്‍ മഴ പെയ്തത് 2012ല്‍ ആയിരുന്നുവെന്ന് അവര്‍ പറഞ്ഞു. ആ വര്‍ഷം സെപ്തംബര്‍ അവസാനത്തിലായിരുന്നു മഴ പെയ്തത്. ഇന്നും മഴ പെയ്യാന്‍ സാധ്യതയുണ്ടെന്നും അവര്‍ മുന്നറിയിപ്പ് നല്‍കി. താപനില 43 ഡിഗ്രി സെല്‍ഷ്യല്‍സില്‍ നിന്നും 37 ഡിഗ്രി സെല്‍ഷ്യല്‍സായി താഴാനിടയുണ്ട്.  അടുത്ത ഏതാനും ദിവസങ്ങള്‍ കൂടി ഇതേനില തുടരും. അതേസമയം സാന്ദ്രതയുടെ തോത് ഉയര്‍ന്നുതന്നെ നില്‍ക്കുമെന്നും സ്‌റ്റെഫ് ഗൗല്‍ട്ടര്‍ മുന്നറിയിപ്പ് നല്‍കുന്നു. വാഹനയാത്രികര്‍ ഡ്രൈവ് ചെയ്യുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ഖത്തര്‍ മെറ്റീരിയോളജി ഡിപ്പാര്‍ട്ട്‌മെന്റ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കാറ്റ് ശക്തമായി വീശുന്നത് കാരണം അന്തരീക്ഷത്തില്‍ പുകപടലങ്ങള്‍ വര്‍ധിക്കാനിടയുണ്ടെന്നും കാഴ്ചാപരിധി കുറയ്ക്കാന്‍ ഇതു കാരണമാകുമെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു. രാജ്യത്തിന്റെ വടക്കന്‍ മേഖലകളില്‍ ഇന്ന് ഇടിയും മിന്നലും നിറഞ്ഞ ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നല്‍കി. അതേസമയം ദോഹയില്‍ തെളിഞ്ഞതും പ്രകാശം നിറഞ്ഞതുമായ അന്തരീക്ഷമായിരിക്കും അനുഭവപ്പെടുക. ഇന്നും ആകാശം മേഘാവൃതമാകാനും ചില പ്രദേശങ്ങളില്‍ മഴ പെയ്യാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി.