ആയിരം ഇന്ത്യക്കാരെ ഖത്തര്‍ പെട്രോളിയം കമ്പനി പിരിച്ചു വിട്ടു

Untitled-1 copyദോഹ: ഖത്തര്‍ ദേശീയ പെട്രോളിയം കമ്പനിയില്‍ നിന്ന്‌ ആയിരം ഇന്ത്യക്കാരെ പിരിച്ചുവിട്ടു. വിദേശകാര്യ സഹമന്ത്രി വി കെ സിംഗാണ്‌ ഇക്കാര്യം രാജ്യസഭയെ അറിയിച്ചത്‌. ജോലി നഷ്ടപ്പെട്ടവര്‍ തിരിച്ചുവരികയോ അവിടെതന്നെ മറ്റ്‌ ജോലികള്‍ അന്വേഷിക്കുകയോ ചെയ്യുകയാണെന്നും മന്ത്രി പറഞ്ഞു. അതെസമയം മറ്റ്‌ വിദേശ രാഷ്ട്രങ്ങളില്‍ ഇത്തരത്തില്‍ വലിയതോതില്‍ ഇന്ത്യക്കാര്‍ക്ക്‌ ജോലി നഷ്ടമായിട്ടില്ലെന്നും അദേഹം പറഞ്ഞു.

ജോലി നഷ്ടപ്പെട്ട പ്രവാസികളെ പുനരധിവസിപ്പിക്കുന്നതിനെ സംബന്ധിച്ച്‌ സര്‍ക്കാര്‍ പദ്ധതി തയ്യാറാക്കുന്നുണ്ടോയെന്ന കുപേന്ദ്ര റെഡ്‌ഢി ചോദ്യത്തിന്‌ മറുപടി നല്‍കുകയായിരുന്നു വി കെ സിംഗ്‌. എണ്ണ വിലയിടിവിനെതുടര്‍ന്ന്‌ ഗള്‍ഫ്‌ രാജ്യങ്ങളില്‍ ജോലി നഷ്ടപ്പെടുന്നവര്‍ക്ക്‌ പുനരധിവാസമുള്‍പ്പെടെയുള്ള ആശ്വാസ പദ്ധതികളൊന്നുമില്ലെന്ന്‌ മന്ത്രി വ്യക്തമാക്കി.
എണ്ണവിലിയിടിവിനെ തുടര്‍ന്ന്‌ ഗള്‍ഫ്‌ രാഷ്ട്രങ്ങളിലെ സര്‍ക്കാറുകളും വ്യവസായ സ്ഥാപനങ്ങളും സാമ്പത്തിക ചെലവ്‌ ചുരുക്കുന്നതിനാല്‍ മലയാളികള്‍ അടക്കം നിരവധി പേരാണ്‌ ജോലി നഷ്ടമായി നാട്ടിലേക്ക്‌ തിരിച്ച്‌ പോരുന്നത്‌. ഈ പശ്ചാത്തലത്തിലാണ്‌ പാര്‍ലമെന്റില്‍ വിഷയം ഉയര്‍ന്നത്‌. പ്രവാസികള്‍ക്ക്‌ ജോലി നഷ്ടപ്പെടുന്ന സാഹചര്യം അറിയാമെന്ന്‌ സമ്മതിച്ചാണ്‌ ആശ്വാസ പദ്ധതികളൊന്നുതന്നെ ഇവര്‍ക്കായി ആലോചിച്ചിട്ടില്ലെന്ന്‌ സര്‍ക്കാര്‍ നിലപാട്‌ വ്യക്തമാക്കിയിരിക്കുന്നത്‌.

Related Articles