ഖത്തറില്‍ വൈദ്യുതികൂടുതല്‍ ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ക്ക്‌ വിലക്ക്‌

Untitled-1 copyദോഹ: രാജ്യത്ത് ഊര്‍ജോപയോഗം കുറയ്ക്കാനുള്ള നടപടികള്‍ പരിസ്ഥിതി മന്ത്രാലയം കര്‍ശനമാക്കുന്നു. അടുത്ത വേനലോടെ ഊര്‍ജക്ഷമത കൂടിയ എയര്‍ കണ്ടീഷനറുകള്‍, റഫ്രിജറേറ്ററുകള്‍, വാഷിംഗ് മെഷിനുകള്‍ എന്നിവ മാത്രമേ രാജ്യത്ത് വില്പന നടത്താന്‍ അനുവദിക്കൂ എന്ന് പരിസ്ഥിതി മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ന്യൂസ് പോര്‍ട്ടലുകള്‍ റിപ്പോര്‍ട്ടു ചെയ്തു.
കൂടുതല്‍ ഊര്‍ജം തിന്നുന്ന പഴയ തലമുറ ഉപകരണങ്ങളുടെ വില്പന 2016 ജൂലൈ വരെ മാത്രമേ അനുവദിക്കൂ. നേരത്തെ ഇതുസംബന്ധമായ സമയപരിധി നിശ്ചയിച്ചിരുന്നെങ്കിലും പുതിയ സമയപരിധി കര്‍ശനമായി നടപ്പാക്കുമെന്ന് പരിസ്ഥിതി മന്ത്രാലയം അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി മുഹമ്മദ് ബിന്‍ സൈഫ് അല്‍ കുവാരി വ്യക്തമാക്കി.
പുതുതലമുറ എ സി, വാഷിംഗ് മെഷീന്‍ തുടങ്ങിയ ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ വഴി ഊര്‍ജോപയോഗം കുറയ്ക്കാനാകും. വൈദ്യുതോപയോഗം ഏറ്റവും കൂടിയ രാജ്യത്ത് ഉപയോഗം പിടിച്ചുനിര്‍ത്താനുള്ള നടപടികളുടെ ഭാഗമായാണ് പരിഷ്‌കരണം. ഊര്‍ജക്ഷമത കൂടിയ യന്ത്രസാമഗ്രികള്‍ വഴി 30 ശതമാനമെങ്കിലും ഉപഭോഗം കുറയ്ക്കാന്‍ കഴിയും. ഇത്തരം ഉപകരണങ്ങള്‍ മാത്രമേ ഇറക്കുമതിചെയ്യാന്‍ അനുവദിക്കൂ എന്ന് കുവാരി പറഞ്ഞതായി ഖത്തര്‍ ട്രിബ്യൂണ്‍ റിപ്പോര്‍ട്ടു ചെയ്തു.
കുറഞ്ഞ വൈദ്യുതി ആവശ്യമുള്ള ഉപകരണങ്ങള്‍ മാത്രമേ ഇറക്കുമതി ചെയ്യാവൂ എന്ന് ജി സി സി സ്റ്റാന്റേഡൈസേഷന്‍ ഓര്‍ഗനൈസേഷന്‍ കഴിഞ്ഞ വര്‍ഷം നവംബറില്‍ തീരുമാനിച്ചിരുന്നു. ഫാന്‍, മിക്‌സി, മിക്‌സറുകള്‍, ഹീറ്ററുകള്‍, ഫ്രിഡ്ജ്, വാഷിംഗ് മെഷിന്‍ തുടങ്ങിയ ഉപകരണങ്ങള്‍ക്ക് ഊര്‍ജക്ഷമത കാണിക്കുന്ന ജി അടയാളമുള്ള സ്റ്റിക്കറുകള്‍ പതിക്കും. വൈദ്യുതി തിന്നുന്ന ഉപകരണങ്ങള്‍ വില്‍ക്കുന്നത് അടുത്ത വര്‍ഷം ജൂണ്‍ മുതല്‍ നിയന്ത്രിക്കുമെങ്കിലും ജുലൈ മാസത്തോടെ അവയുടെ വില്പന രാജ്യത്ത് നിരോധിക്കും. ഇത്തരം ഉല്‍പന്നങ്ങളുടെ വിശദമായ പട്ടിക മന്ത്രാലയം തയ്യാറാക്കിയിട്ടുണ്ട്. എ സികളുടെ കാര്യത്തിലാകും ഏറ്റവും കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തുക. രാജ്യത്തെ ഗാര്‍ഹിക വൈദ്യുതോപയോഗത്തില്‍ ഏറ്റവും കൂടുതല്‍ വൈദ്യുതി തിന്നുന്നത് എയര്‍കണ്ടീഷനറുകളാണ്. ആളോഹരി ഊര്‍ജ-ജല ഉപയോഗത്തില്‍ ലോകത്ത് ഏറ്റവും മുന്നില്‍ നില്‍ക്കുന്ന രാജ്യമാണ് ഖത്തര്‍.