പര്‍പ്പിള്‍ ദ്വീപിലെ കണ്ടല്‍ക്കാടുകള്‍ മാലിന്യമുക്തമാക്കി.

purpleദോഹ: ഇന്ത്യന്‍ ഇസ്‌ലാമിക് അസോസിയേഷന്‍, യൂത്ത് ഫോറം പ്രവര്‍ത്തകര്‍ പര്‍പ്പിള്‍ ദ്വീപിലെ കണ്ടല്‍ക്കാടുകള്‍ മാലിന്യമുക്തമാക്കാന്‍ രംഗത്തിറങ്ങി.
മാലിന്യ നിക്ഷേപത്തെ തുടര്‍ന്ന് നാശം നേരിടുന്ന കണ്ടല്‍ക്കാടുകള്‍ സംരക്ഷിക്കാനുള്ള കാംപയിനിന്റെ ഭാഗമായാണ് സ്ത്രീകളും കുട്ടികളുമടങ്ങുന്ന സംഘം ശുചീകരണം നടത്തിയത്.
അല്‍ ദഖീറ മുനിസിപ്പല്‍ കൗണ്‍സില്‍ അംഗം ഹമദ് ലഹ്ദാന്‍ അല്‍ മുഹന്നദി ഉദ്ഘാടനം ചെയ്തു. പ്രകൃതി സംരക്ഷണം എല്ലാവരുടേയും ഉത്തരവാദിത്വമാണെന്നും അതിന് മുന്നിട്ടിറങ്ങിയവര്‍ നടത്തുന്ന ശ്രമദാനം മഹത്തായ കര്‍മ്മമാണെന്നും അദ്ദേഹം പറഞ്ഞു.
ഖത്തറിലെ പ്രകൃതി മനോഹരമായ കണ്ടല്‍ക്കാടിന്റെ സംരക്ഷണം ഏറ്റെടുക്കുക വഴി  ശ്രമദാനത്തിലേര്‍പ്പെട്ടെ പ്രവര്‍ത്തകര്‍ ഖത്തറിന്റെ ഭാഗമായി മാറുകയാണ്് അല്‍ ഖോര്‍ മുനിസിപ്പല്‍ കൗണ്‍സിലര്‍ സഖര്‍ സഈദ് സാലിം അല്‍ മുഹന്നദി പറഞ്ഞു.
പ്രകൃതി സംരക്ഷണവുമായി ബന്ധപ്പെടുത്തി ഇംഗ്ലീഷിലും അറബിയിലുമുള്ള പ്ലക്കാര്‍ഡുമായി ഉച്ചക്ക് രണ്ട് മണിക്ക് തന്നെ പ്രവര്‍ത്തകരെത്തി. പര്‍പ്പിള്‍ ഐലന്‍ഡിനെ പ്ലാസ്റ്റിക് ഐലന്‍ഡാക്കരുത്, ഖത്തര്‍ മലിനമാകാതെ സംരക്ഷിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളാണ് പ്ലക്കാര്‍ഡുകളില്‍ ഉയര്‍ത്തിയത്.
പ്ലാസ്റ്റിക് കുപ്പികളും കണ്ടല്‍ വേരുകള്‍ക്കിടയില്‍ അടിഞ്ഞുകൂടിയ മാലിന്യങ്ങളും പൂര്‍ണ്ണമായി നീക്കംചെയ്തു. കടലിന് സമീപത്തെ തകരപ്പാത്രത്തില്‍ മാസങ്ങളായി അടിഞ്ഞുകൂടിയ മാലിന്യവും നീക്കി. ഗ്രൗണ്ടിനടുത്തുള്ള മേല്‍ക്കൂരയില്ലാത്ത കെട്ടിടത്തിലെ ചുവരുകള്‍ വെള്ളപൂശി പരസ്യം പതിക്കരുത് എന്ന് മലയാളത്തിലും ഇംഗ്ലീഷിലും എഴുതിവെച്ചു.
സ്ഥിരം മാലിന്യം നീക്കാനുള്ള സംവിധാനത്തോടെ സീഷോര്‍ കമ്പനി പര്‍പ്പിള്‍ ഐലന്‍ഡിന്റെ പ്രവേശന കവാടത്തില്‍ വലിയ മാലിന്യ വീപ്പകള്‍ സ്ഥാപിച്ചിട്ടുണ്ട്. പരിസ്ഥിതി മന്ത്രാലയം പ്രിതിനിധി ദിലീപ് അന്തിക്കാട്, ഇന്ത്യന്‍ ഇസ്‌ലാമിക് അസോസിയേഷന്‍ അല്‍ ഖോര്‍ ഏരിയ പ്രസിഡന്റ് സാജിദ് റഹ്മാന്‍ എന്നിവര്‍ സംസാരിച്ചു. ഫൈസല്‍ അബൂബക്കര്‍ കവിത അവതരിപ്പിച്ചു. സീഷോര്‍ വേസ്റ്റ് മാനേജ്‌മെന്റ്ഡിവിഷന്‍ മാനേജര്‍ അബ്ബാസ്, മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സ് അല്‍ഖോര്‍ ബ്രാഞ്ച് മാനേജര്‍ ഷാഫി എന്നിവര്‍ സംബന്ധിച്ചു.