ഖത്തറില്‍ വിലവര്‍ദ്ധനവിനിടയാക്കുന്ന സാധനങ്ങള്‍ ബഹിഷ്‌കരിക്കാന്‍ ആഹ്വാനം

download (1) copyദോഹ: രാജ്യത്തെ വില വര്‍ധനവിന് കാരണമാവുന്നുവെന്ന് സംശയിക്കുന്ന വലിയ വില ഈടാക്കുന്ന ഉത്പന്നങ്ങള്‍ ബഹിഷ്‌ക്കരിക്കണമെന്ന് സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകളില്‍ ആഹ്വാനം. മത്സ്യവില വര്‍ധനവിനെ തുടര്‍ന്ന് കുവൈത്തിലെ സൈറ്റുകളില്‍ ആരംഭിച്ച ബഹിഷ്‌ക്കരണ ആഹ്വാനമാണ് ഖത്തറിനും പ്രചോദനമായത്.
കുവൈത്തില്‍ ബഹിഷ്‌ക്കരണാഹ്വാനം വിജയിക്കുകയും മീന്‍ വില താഴുകയും ചെയ്തിരുന്നു. ആവശ്യക്കാര്‍ കുറഞ്ഞതോടെ മീനിന്റെ വില കുറക്കാന്‍ മൊത്തവിതരണക്കാര്‍ നിര്‍ബന്ധിതരാവുകയായിരുന്നു.
വില്‍പ്പനക്കാരുടെ അത്യാഗ്രഹത്തിനെതിരെ എങ്ങനെ പ്രതികരിക്കാമെന്ന് പേരിട്ടിട്ടുള്ള കാംപയിന്‍ കുവൈത്തിലെ സോഷ്യല്‍ മീഡിയ കാംപയിനിന്റെ വിജയം എടുത്തുപറയുന്നുണ്ട്.
കുവൈത്തിലെ ജനങ്ങള്‍ സാമൂഹ്യപരമായി ബോധവത്ക്കരിക്കപ്പെട്ടിട്ടുണ്ട്. അവരുടെ കാംപയിന്‍ എങ്ങനെയാണ് വിജയിച്ചതെന്ന് കാണുക. മീന്‍ വില കുറക്കാന്‍ അവര്‍ വില്‍പ്പനക്കാര്‍ക്കുമേല്‍ സമ്മര്‍ദ്ധം ചെലുത്തി- കൂടുതല്‍ വില ഈടാക്കുന്നുവെന്ന് സംശയിക്കുന്ന ഉത്പന്നങ്ങള്‍ ബഹിഷ്‌ക്കരിക്കാന്‍ ആഹ്വാനം ചെയ്തുകൊണ്ട് ഒരാള്‍ പറഞ്ഞു.
വാഹനങ്ങളുടെ സ്‌പെയര്‍പാര്‍ട്‌സ്, ഭക്ഷ്യവസ്തുക്കള്‍ എന്നിവയുടെ വില വര്‍ധിക്കുന്നതിനേയും മരപ്പണിക്കാര്‍, പ്ലംബര്‍മാര്‍, ഇലക്ട്രീഷ്യന്‍മാര്‍, കല്‍പ്പടവുകാര്‍ എന്നിവരുടെ കൂലി വര്‍ധിക്കുന്നതിനെതിരേയുമാണ് കാംപയിനില്‍ പറയുന്നത്. ഇതില്‍ വാടക കുതിച്ചുയരുന്നതിനെതിരേയും ജനങ്ങള്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. വാടക വര്‍ധിക്കുന്നതാണ് പട്ടികയില്‍ ഏറ്റവും ആദ്യസ്ഥാനത്തുള്ളത്.
കാംപയിന്‍ നടത്തുന്നവര്‍ പ്രവാസികളേയും വിമര്‍ശിക്കുന്നുണ്ട്. ഖത്തറിലെ ബിസിനസുകാരില്‍ ഭൂരിപക്ഷവും പ്രവാസികളായതുകൊണ്ടാണ് വിമര്‍ശനത്തിന് വിധേയരായത്. ഖത്തരികള്‍ക്കാണ് ബിസിനസിന് ലൈസന്‍സുള്ളതെങ്കിലും ഒരു പ്രത്യേക ഫീസ് മാത്രമാണ് അവര്‍ക്ക് ലഭിക്കുന്നത്. ഇത്തരത്തില്‍ വില വര്‍ധനവും കൃത്രിമത്വവും നടത്തുന്നത് പ്രവാസികളാണെന്നും കാംപയിന്‍ നടത്തുന്നവര്‍ ആരോപിക്കുന്നു. ഖത്തരി ഉടമകള്‍ ഈ കാര്യത്തില്‍ ശ്രദ്ധാലുക്കളല്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
സോഷ്യല്‍ മീഡിയയിലെ കാംപയിനിയില്‍ ചേര്‍ന്ന ഒരാള്‍ പ്രതികരിച്ചത് ഖത്തറിലെ വില വര്‍ധനവിനെതിരെ സ്വതന്ത്ര മാധ്യമങ്ങള്‍ ആവശ്യമാണെന്നാണ്. ജനങ്ങളെ പ്രതിനിധീകരിക്കുന്ന സ്വതന്ത്ര മാധ്യമം വേണമെന്നതാണ് അവരുടെ ആവശ്യം.
നിരവധി യൂറോപ്യന്‍ രാജ്യങ്ങളെ അപേക്ഷിച്ച് ഖത്തര്‍ ചെലവേറിയ രാജ്യമാണ്. വാടക വര്‍ധിക്കുന്നത് നിയന്ത്രിക്കേണ്ടതുണ്ട്. ബിസിനസ് രംഗത്തെ കുത്തകകള്‍, പ്രത്യേകിച്ച് കാര്‍ ഡീലര്‍ഷിപ്പ് അവസാനിപ്പിക്കേണ്ടതുണ്ടെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
നിര്‍മാണ മേഖലയിലുണ്ടാകുന്ന ചെലവ് വര്‍ധനവാണ് വാടക കൂടാന്‍ കാരണമാകുന്നതെന്നും ഇതിന് നിര്‍മാണക്കരാറുകാരാണ് ഉത്തരവാദികളെന്നും നിരവധി പേര്‍ കുറ്റപ്പെടുത്തുന്നു. കമ്പോളം നിരീക്ഷിക്കുന്നതിലും വില വിര്‍ധനവ് കണ്ടെത്തുന്നതിലും ഖത്തറിലെ ജനങ്ങള്‍ക്ക് പങ്കില്ലെന്നും അതാണ് വില വര്‍ധനവിന് കാരണമാകുന്നതെന്നും സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റില്‍ പ്രതികരിച്ച ചിലര്‍ അഭിപ്രായപ്പെടുന്നു.