ദോഹയില്‍ വ്യാജ പാസ്‌പോര്‍ട്ടുകളിലെത്തി മോഷണം;4ഏഷ്യക്കാര്‍ക്ക്‌ തടവും നാടുകടത്തലും

Untitled-1 copyദോഹ: വ്യാജ പാസ്‌പോര്‍ട്ടുകള്‍ ഉപയോഗിച്ച്‌ രാജ്യത്തെത്തി അവിടെ മോഷണം നടത്തുയും ചെയ്‌ത നാല്‌ ഏഷ്യന്‍ വംശജര്‍ക്ക്‌ കോടതി തടവു ശിക്ഷ വിധിച്ചു. മൂന്ന്‌ പേര്‍ക്ക്‌ 13 വര്‍ഷവും ഒരാള്‍ക്ക്‌ എട്ടുവര്‍ഷവുമാണ്‌ ദോഹ ക്രിമിനല്‍ കോടതി ശിക്ഷ വിധിച്ചത്‌. ശിക്ഷയുടെ കാലാവധി കഴിഞ്ഞാല്‍ നാടുകടത്തണമെന്നും വിധിന്യായത്തില്‍ പറയുന്നുണ്ട്‌.

പ്രതികള്‍ ദോഹ ഗോള്‍ഡ്‌ മാര്‍ക്കറ്റ്‌ ഏരിയയിലെ രണ്ട്‌ ഷോപ്പുകളുടെ ചുമര്‍ തുരന്ന്‌ മോഷണം നടത്തുകയായിരുന്നു. 8.45 ദശലക്ഷം ഖത്തര്‍ റിയാലിന്റെ സ്വര്‍ണവും ആഡംബര വാച്ചുകളുമാണ്‌ മോഷ്ടിച്ചത്‌. പ്രതികള്‍ തെളിവുകള്‍ നശിപ്പിക്കുന്നതിന്റെ ഭാഗമായി സിസിടിവി ദൃശ്യങ്ങളും നശിപ്പിച്ചിരുന്നു. ഹോട്ടലില്‍ താമസിച്ച്‌ വാഹനം വാടകയ്‌ക്കെടുത്താണ്‌ മോഷണം നടത്തിയിരുന്നത്‌. ഇതാണ്‌ പ്രതികളെ പിടികൂടാന്‍ കാരണമായത്‌.

മോഷണം നടത്താന്‍ ഉപയോഗിച്ച ഉപകരണങ്ങളും ഇവരില്‍ നിന്ന്‌ പിടിച്ചെടുത്തു.