ദോഹ ഓപ്പണ്‍ വോളിബോള്‍ ടൂര്‍ണമെന്റിന്‌ ഇന്ന്‌ തുടക്കം

imagesദോഹ: ദോഹ വോളി ഫ്രന്റ്‌സ് ഷെല്‍ കപ്പിന് വേണ്ടി സംഘടിപ്പിക്കുന്ന ഓപ്പണ്‍ വോളിബാള്‍ ടൂര്‍ണമെന്റിന് അല്‍ സദ്ദ് സ്റ്റേഡിയത്തില്‍ ഇന്ന് തുടക്കമാവും. കുറ്റിയാടിയില്‍ ഡിസംബര്‍ മാസം നടക്കാനിരിക്കുന്ന സംസ്ഥാന വോളിബാള്‍ ചാംപ്യന്‍ഷിപ്പിനുള്ള പ്രചാരണാര്‍ഥം ദോഹയില്‍ സംഘടിപ്പിക്കുന്ന ടൂര്‍ണമെന്റില്‍ എട്ടു ടീമുകളാണ് പങ്കെടുക്കുന്നത്. ഇന്‍കാസ് കോഴിക്കോട്, അലി ഇന്റര്‍നാഷണല്‍, റെഡ് ആപ്പിള്‍, ഫോക്കസ് മെഡിക്കല്‍ സെന്റര്‍, ഖത്തര്‍ കുറ്റിയാടി മഹല്‍ കമ്മറ്റി, വോളി യൂനിവേഴ്‌സിറ്റി, ബലെലെങ്ങ് ഫിലിപ്പീന്‍സ്, ശ്രീലങ്ക സ്‌പോര്‍ട്‌സ് ക്ലബ് എന്നീ ടീമുകളാണ് രണ്ടു പൂളുകളിലായി ആദ്യ റൗണ്ട് മത്സരങ്ങളില്‍ മാറ്റുരക്കുന്നത്. അല്‍ സദ്ദ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ രണ്ടു കോര്‍ട്ടുകളിലായി സമാന്തരമായാണ് ആദ്യ റൗണ്ട് മത്സരങ്ങള്‍ നടക്കുക. ഒന്നാം കോര്‍ട്ടില്‍ ഇന്ന് രാത്രി എട്ടു മണിക്ക് റെഡ് ആപ്പിള്‍ ടീം ശ്രീലങ്ക സ്‌പോര്‍ട്‌സ് ക്ലബ്ബിനെ നേരിടുമ്പോള്‍ അതേസമയം തന്നെ രണ്ടാം കോര്‍ട്ടില്‍ അലി ഇന്റര്‍നാഷണല്‍ വോളി യൂനിവേഴ്‌സിറ്റി ടീമുമായി ഏറ്റുമുട്ടും. തുടര്‍ന്ന് ഒന്നും രണ്ടും കോര്‍ട്ടുകളില്‍ ക്യൂ കെ എം സി- ഫോക്കസ് മെഡിക്കല്‍ സെന്റര്‍ മത്സരവും ഇന്‍കാസ്- ബലെലെങ്ങ് ഫിലിപ്പീന്‍സ് പോരാട്ടവും അരങ്ങേറും. ആദ്യ റൗണ്ട് മത്സരങ്ങളുടെ രണ്ടാം ദിവസം 18ന് നടക്കും. യൂനിവേഴ്‌സിറ്റി യൂത്ത് സ്റ്റേറ്റ് തലങ്ങളില്‍ തിളങ്ങിയ പ്രവാസി താരങ്ങളാണ് ആദ്യ ഘട്ടത്തില്‍ വിവിധ ടീമുകള്‍ക്കായി അണിനിരക്കുന്നതെങ്കില്‍ കളി പുരോഗമിക്കുമ്പോള്‍ നാട്ടില്‍ നിന്നും ദുബായില്‍ നിന്നും പ്രഗത്ഭ താരങ്ങള്‍ ടീമുകള്‍ക്കൊപ്പം അണിചേരാന്‍ തയ്യാറെടുക്കുകയാണ്. ആദ്യ രണ്ടു ദിവസത്തെ മത്സരങ്ങള്‍ അല്‍ സദ്ദ് സ്റ്റേഡിയത്തിലും തുടര്‍ന്ന് അല്‍ അറബി സ്റ്റേഡിയത്തിന് സമീപമുള്ള ഖത്തര്‍ വോളിബാള്‍ അസോസിയേഷന്‍ ഹാളിലുമാണ് നടക്കുക.