ഖത്തറില്‍ നഷ്ടപരിഹാരം ലഭിക്കാനുള്ള അവകാശം ഒരുവര്‍ഷം വരെ മാത്രം

ദോഹ: രാജ്യത്ത് ജോലി സംബന്ധമായി സംഭവിക്കുന്ന മരണം, വൈകല്യങ്ങള്‍ മറ്റ് പരുക്കുകള്‍ തുടങ്ങിയവയ്ക്കു ലഭിക്കാവുന്ന നഷ്ടപരിഹാരം ഒരു വര്‍ഷത്തിനുള്ളില്‍ നേടിയിരിക്കണം. തൊഴില്‍ നിയമത്തിലെ (2004ലെ 14 ാം നമ്പര്‍ നിയമം)113 ാം വകുപ്പിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്.

നഷ്ടപരിഹാരത്തിനുള്ള ഫൈനല്‍ മെഡിക്കല്‍ റിപ്പോര്‍ട്ട് ലഭിച്ച് ഒരു വര്‍ഷം കഴിഞ്ഞാല്‍ നഷ്ടപരിഹാരം നേടാനുള്ള അവകാശം ഇല്ലാതാകും. വൈകല്യമുണ്ടായതിന്റെ 15 ദിവസങ്ങള്‍ക്കുള്ളില്‍ അല്ലെങ്കില്‍ വൈകല്യം ജോലിയുമായി ബന്ധപ്പെട്ടു സംഭവിച്ചതിന് ആണെന്ന് ഒരന്വേഷണത്തില്‍ തെളിഞ്ഞാല്‍ അതു പ്രഖ്യാപിക്കുന്നതിന്റെ 15 ദിവസങ്ങള്‍ക്കുള്ളില്‍ കമ്പനി നഷ്ടപരിഹാരം നല്‍കിയിരിക്കണം.

മരണം സംഭവിച്ച് 15 ദിവസത്തിനകം നഷ്ടപരിഹാര തുക കോടതിയില്‍ കെട്ടിവയ്ക്കണം. മരണം സംഭവിച്ച ജീവനക്കാരന്റെ നഷ്ടപരിഹാരത്തുക അനന്തരാവകാശികള്‍ക്ക് ഇസ്ലാമിക ശരയിത്ത് നിയമ പ്രകാരമോ, മരിച്ച ആളിന്റെ നാട്ടിലെ വ്യക്തി നിയമ പ്രകാരമോ കോടതി വിതരണം ചെയ്യും. മരണം സംഭവിച്ചു മൂന്നു വര്‍ഷത്തിനു ശേഷവും നഷ്ടപരിഹാരം സ്വീകരിക്കാന്‍ ബന്ധുക്കളെ കണ്ടെത്താനായില്ലെങ്കില്‍ കോടതി ഈ തുക പബ്ലിക് ട്രഷറിക്കും കൈമാറുന്നതായിരിക്കും. തൊഴില്‍ നിയമത്തിലെ 115 ാം വകുപ്പു പ്രകാരം കമ്പനി ഓരോ ആറു മാസവും ജോലിയുമായി ബന്ധപ്പെട്ടു തൊഴിലാളികള്‍ക്കു സംഭവിക്കുന്ന പരുക്കുകളുടെയും രോഗങ്ങളുടെയും സ്ഥിതിവിവര റിപ്പോര്‍ട്ട് തൊഴില്‍ വകുപ്പിനു കൈമാറിയിരിക്കണം.