Section

malabari-logo-mobile

വില്ലകളും അപ്പാര്‍ട്ട്‌മെന്റുകളും അനധികൃതമായി വിഭജിക്കുന്നവരെ പിടികൂടാന്‍ ദോഹ മുനിസിപ്പാലിറ്റി രംഗത്ത്‌

HIGHLIGHTS : ദോഹ: വില്ലകളും അപാര്‍ട്ട്‌മെന്റുകളും അനധികൃതമായി

DOHA.MALABARINEWSദോഹ: വില്ലകളും അപാര്‍ട്ട്‌മെന്റുകളും അനധികൃതമായി വിഭജിക്കുന്നതിനെതിരെ മുനിസിപ്പാലിറ്റി, നഗരാസൂത്രണ മന്ത്രാലയം നടപടികളുമായി രംഗത്ത്. ഈ വര്‍ഷം ഇതുവരെ ദോഹ മുനിസിപ്പാലിറ്റിയുടെ കീഴില്‍ മാത്രം 89 അനധികൃത വില്ലാ വിഭജനങ്ങള്‍ കണ്ടെത്തി നടപടി സ്വീകരിച്ചിട്ടുണ്ട്. വില്ലകളും അപ്പാര്‍ട്ട്‌മെന്റുകളും അനധികൃതമായി വിഭജിക്കുന്നതിനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുനിസിപ്പാലിറ്റി അധികൃതര്‍ മുന്നറിയിപ്പ് നല്കിയിട്ടുണ്ട്. മുനിസിപ്പാലിറ്റിയുടെ അനുമതിയില്ലാതെ കെട്ടിടങ്ങള്‍ക്കുള്ളിലോ പുറത്തോ മാറ്റം വരുത്തിയെന്ന് കണ്ടെത്തുന്ന സാഹചര്യത്തിലാണ് നടപടിയെടുക്കുക. മുനിസിപ്പാലിറ്റിയിലെ ടെക്‌നിക്കല്‍ മോണിറ്ററിംഗ് വിഭാഗത്തിലെ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ്  പരിശോധന നടത്തുക.
നിര്‍മാണ വസ്തുക്കള്‍ നിയമാനുസൃതമല്ലാതെ സൂക്ഷിച്ചതിനും നിര്‍മാണാവശിഷ്ടങ്ങള്‍ അനുവാദമില്ലാത്ത സ്ഥലത്ത് നിക്ഷേപിച്ചതിനും 23 നിയമലംഘനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ദോഹ മുനിസിപ്പാലിറ്റി പരിധിയില്‍ മൂന്നു കെട്ടിടങ്ങളില്‍ അനുമതിയില്ലാതെ അറ്റുകുറ്റപ്പണികള്‍ നടത്തിയതായും അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. നിലവില്‍ നിര്‍മാണം പുരോഗമിച്ചുകൊണ്ടിരിക്കുന്ന ആറു കെട്ടിടങ്ങളുടെ നിര്‍മാണപ്രവര്‍ത്തികള്‍ താത്ക്കാലികമായി നിര്‍ത്തിവെയ്ക്കാന്‍ മുനിസിപ്പാലിറ്റി ഉത്തരവിട്ടു. ഫാമിലി റസിഡന്‍ഷ്യല്‍ ഏരിയകളില്‍ നിന്നും 39 ലേബര്‍ ക്യാംപുകള്‍  ഒഴിവാക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. വില്ല വിഭജനത്തിനെതിരെ ശക്തമായ ക്യാംപയിന്‍ തുടരാനാണ് തീരുമാനം. അതാത് പ്രദേശങ്ങളിലെ മുനിസിപ്പാലിറ്റിയുടെ അനുവാദമില്ലാതെ നടത്തുന്ന വിഭജനങ്ങള്‍ അനധികൃതമാണ്. നിയമവിരുദ്ധ നടപടികള്‍ ഒരു കാരണവശാലും അനുവദിക്കില്ലെന്നും മുന്നറിയിപ്പ് നല്‍കിയിരുന്നു. കെട്ടിട ഉടമകളോ ഇടനിലക്കാരോ നടത്തുന്ന ഇത്തരം വിഭജനങ്ങള്‍ക്കെതിരെ വന്‍തുകയാണ് പിഴ ചുമത്തുക. അനധികൃതമായി വിഭജിച്ച സ്ഥലത്തിന് സ്‌ക്വയര്‍ മീറ്ററിന് 250 മുതല്‍ 500 ഖത്തര്‍ റിയാല്‍ വരെ പിഴ ഈടാക്കാനും അനുവാദം നല്‍കുന്നുണ്ട്. പിഴ ഈടാക്കിയതിന് ശേഷം കെട്ടിട ഉടമയുടെ ചെലവില്‍ തന്നെ സ്ഥലം പഴയതുപോലെ പുനര്‍നിര്‍മിക്കേണ്ടതുമുണ്ട്. അനധികൃത വിഭജനത്തിനായി താത്ക്കാലികമായോ സ്ഥിരമായോ ചുമര്‍ കെട്ടിയിട്ടുണ്ടെങ്കില്‍ അവയ്ക്ക് സ്‌ക്വയര്‍ മീറ്ററിന് 200 മുതല്‍ 400 ഖത്തര്‍ റിയാല്‍ വരെ പിഴ നല്‍കേണ്ടി വരും. ഏതെങ്കിലും തരത്തിലുള്ള അറ്റകുറ്റപ്പണികളോ പുതുക്കിപ്പണിയലുകളോ വിഭജനമോ പെയിന്റടിക്കലോ നടത്തണമെങ്കില്‍ ബന്ധപ്പെട്ട അധികാരികള്‍ക്ക് അപേക്ഷ എഴുതി നല്കി മുന്‍കൂട്ടിയുള്ള അനുവാദം വാങ്ങിയിരിക്കണമെന്നും നിയമത്തില്‍ വ്യവസ്ഥയുണ്ട്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!