ദോഹയില്‍ മലയാളിയായ മൊബൈല്‍ ഫോണ്‍ വ്യാപാരിക്ക്‌ നേരെ ആക്രമണം

Doha-Qatarദോഹ: മൊബൈല്‍ ഫോണ്‍ വ്യാപാരവുമായി ബന്ധപ്പെട്ട് ഒരു സംഘം മര്‍ദ്ദിച്ചതായി സൈലിയയിലെ മലയാളിയായ മൊബൈല്‍ കടയുടമ പൊലിസില്‍ പരാതി നല്‍കി. ഫോണ്‍ മൊത്തവില്‍പ്പനയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് മര്‍ദ്ദനത്തില്‍ കലാശിച്ചത്.
മൊബൈല്‍ ഫോണുകള്‍ കടയിലേക്ക് സപ്ലൈ ചെയ്യുന്ന സംഘം കഴിഞ്ഞ ദിവസം ബാക്കി പണം നല്‍കാനുണ്ടെന്ന് പറഞ്ഞ് കടയിലെത്തുകയും ഏതാനും മൊബൈല്‍ ഫോണുകള്‍ എടുത്തുകൊണ്ട് പോവുകയും ചെയ്തിരുന്നു. സ്ഥിരമായി കടകളിലേക്ക് മൊബൈല്‍ ഫോണുകള്‍ വിതരണം ചെയ്യുന്ന കമ്പനിയെ ഒഴിവാക്കി കടക്കാര്‍ മറ്റൊരു സംഘത്തില്‍ നിന്ന് ഫോണുകള്‍ സ്വീകരിക്കാന്‍ തുടങ്ങിയതിനെ തുടര്‍ന്നായിരുന്നു ഈ നടപടി.  കരാര്‍ പ്രകാരം ഫോണുകള്‍ സപ്ലൈ ചെയ്യുന്ന കമ്പനി തന്നെയാണ് ഫോണിന്റെ സര്‍വീസും ചെയ്യേണ്ടത്. പണം മുഴുവന്‍ നല്‍കിയാല്‍ പിന്നീട് സര്‍വീസ് ലഭിക്കില്ലെന്നതിനാലാണ് അത് നല്‍കാതിരുന്നതെന്നാണ് കടയുടമകള്‍ പറയുന്നത്.  ഈ പ്രശ്‌നം പൊലിസിന്റെ സാന്നിധ്യത്തില്‍ ഒത്തു തീര്‍ന്നതായി പറയുന്നു. എന്നാല്‍, പിറ്റേ ദിവസം ഏതാനും വാഹനങ്ങളിലായി ആറോളം പേര്‍ കടയിലെത്തി തങ്ങളെ മര്‍ദ്ദിച്ചതായാണ് മൊബൈല്‍ കടയുടമ നദീര്‍, അഹമ്മദ് ഉനൈസ്, റിയാസ് എന്നിവര്‍ സനയ്യ പൊലിസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. മര്‍ദ്ദനമേറ്റതായുള്ള ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റും പരാതിയും പരിഗണിച്ച് പൊലിസ് കേസ് എടുത്തിട്ടുണ്ട്. അതേസമയം, തങ്ങള്‍ക്ക് നല്‍കാനുള്ള ബാക്കി പണം ആവശ്യപ്പെട്ടിട്ടും നല്‍കാതിരുന്നതിനെതുടര്‍ന്ന് കടയില്‍ നിന്ന് അവരുടെ അനുവാദത്തോടെ ഫോണ്‍ എടുത്തുകൊണ്ടു പോവുകയായിരുന്നുവെന്നും പിന്നീട് പ്രശ്‌നം പൊലിസിന്റെ സാന്നിധ്യത്തില്‍ പരിഹരിച്ചതാണെന്നും മൊബൈല്‍ വിതരണ കമ്പനി ഉടമകള്‍ പറയുന്നു. പിറ്റേ ദിവസം ഒരു സംഘം മര്‍ദ്ദിച്ചുവെന്ന് പറയുന്ന സംഭത്തില്‍ തങ്ങള്‍ക്ക് പങ്കില്ലന്നും ഇവര്‍ വ്യക്തമാക്കി.

Related Articles