ദോഹയില്‍ ഇനി വീടുകളിലെത്തിയും ചികിത്സ

images (1)ദോഹ:വീടുകളില്‍ ചെന്ന് സേവനനമുഷ്ഠിക്കുന്നതിന് പുതിയ ഖത്തരി ഫിസിഷ്യന്‍മാരെ നിയമിക്കാനും ഡിപ്പാര്‍ട്ട്‌മെന്റിലെ വ്യത്യസ്ഥ സ്‌പെഷ്യാലിറ്റികളില്‍ ജോലി ചെയ്യുന്ന ഡോക്ടര്‍മാരുടെ എണ്ണം വര്‍ധിപ്പിക്കാനും പദ്ധതി . ഹോംകെയര്‍ സര്‍വീസിന്റെ ആദ്യ മെഡിക്കല്‍ ഡയറക്ടര്‍ ആയി ഡോ. ഈസ മുബാറക് അല്‍സുലൈത്തിയെ ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ (എച്ച് എം സി) നിയമിച്ചു. ഹോം കെയര്‍ സര്‍വീസസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ നിലവില്‍ ഒരു പീഡിയാട്രീഷ്യനു പുറമേ ജനറല്‍, ജെറിയാര്‍ട്ടിക് മെഡിസിനുകളില്‍ സ്‌പെഷ്യലൈസ് ചെയ്ത് നാല് ഫിസിഷ്യന്‍മാരുണ്ട്.

1987ല്‍ അയര്‍ലന്റിലെ റോയല്‍ കോളജ് ഓഫ് ഫിസിഷ്യന്‍സില്‍ നിന്നു ബിരുദം നേടിയിട്ടുള്ളയാളാണ് ഡോ. അല്‍സുലൈത്തി. എച്ച് എം സിയിലെ ജനറല്‍ മെഡിസിന്‍ വിഭാഗത്തില്‍ 1988 മുതല്‍ 1994 വരെ പ്രവര്‍ത്തിച്ചു. പിന്നീട് റുമൈല ഹോസ്പിറ്റലിലെ ജെറിയാര്‍ടിക്‌സ് ഡിപ്പാര്‍ട്ട്‌മെന്റില്‍ സേവനമാരംഭിച്ചു. 2003 മുതല്‍ ഹോംകെയര്‍ സര്‍വീസില്‍ കണ്‍സള്‍ട്ടന്റാണ് അദ്ദേഹം.

തുടര്‍ച്ചയായ നിരീക്ഷണം ആവശ്യമില്ലാത്ത രോഗികള്‍ക്കാണ് ഹോംകെയര്‍ സേവനം ലഭ്യമാക്കുന്നത്. എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റിലെ തിരക്ക് കുറക്കാനും ഹോസ്പിറ്റല്‍ അഡ്മിഷനുകളുടെ എണ്ണം കുറക്കാനും ഇത് സഹായിക്കും. ഹോംകെയര്‍ സര്‍വീസ് പ്രയോജനപ്പെടുത്തുന്ന രോഗികളുടെ വീട്ടില്‍ നാലോ അഞ്ചോ വിദഗ്ധര്‍ അടങ്ങുന്ന സംഘം മാസത്തില്‍ ഒരു തവണയാണ് സന്ദര്‍ശനം നടത്തുക. നഴ്‌സുമാര്‍, ഫിസിഷ്യന്‍, ഡയറ്റീഷ്യന്‍, ഫിസിയോതെറാപ്പിസ്റ്റ് എന്നിവര്‍ സംഘത്തിലുണ്ടാവും. 45 മിനിറ്റ് മുതല്‍ ഒരു മണിക്കൂര്‍ വരെയാണ് ഒരു രോഗിക്കു വേണ്ടി ചെലവഴിക്കുന്നത്. ഒരു കുടുംബാഗത്തിന്റെ സാന്നിധ്യത്തിലായിരിക്കും രോഗിയുടെ പരിശോധന നടത്തുന്നതും ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുന്നതും. 60 വയസിന് മുകളിലുള്ളവര്‍ക്കും മാരക രോഗമുള്ളതും അംഗവൈകല്യമുള്ളതുമായ കുട്ടികള്‍ക്കുമാണ് ഹോംകെയര്‍ സേവനം ലഭ്യമാവുക. രാവിലെ ഏഴ് മുതല്‍ വൈകിട്ട് 3 വരെയാണ് പ്രവര്‍ത്തി സമയം. നിലവില്‍ ആയിരത്തോളം പ്രായമായവരും 70 കുട്ടികളും ഈ സേവനം പ്രയോജനപ്പെടുത്തുന്നുണ്ട്.

2003ല്‍ ആരംഭിച്ചതു മുതല്‍ ഈ രംഗത്ത് കാര്യമായ പുരോഗതി ഉണ്ടായതായി ഡോ. അല്‍സുലൈത്തി പറഞ്ഞു. അന്താരാഷ്ട്ര നിലവാരത്തിലുള്ള സേവനമാണ് തങ്ങള്‍ ലഭ്യമാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.