ദോഹയില്‍ മിന്നല്‍ റെയ്‌ഡ്‌; 15 മാന്‍പവര്‍ ഏജന്‍സികളുടെ ലൈസന്‍സ്‌ റദ്ദാക്കി

Untitled-1 copyദോഹ: തൊഴില്‍ സാമൂഹിക വകുപ്പ് മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ നടത്തിയ മിന്നല്‍ റെയ്ഡുകളെ തുടര്‍ന്ന് 15 മാന്‍പവര്‍ ഏജന്‍സികളുടെ ലൈസന്‍സ് റദ്ദാക്കിയതായി അധികൃതര്‍ അറിയിച്ചു.

രാജ്യത്ത്് 282 മാന്‍പവര്‍ ഏജന്‍സികളാണ് നിലവിലുണ്ടായിരുന്നത്. അവയില്‍ 15 എണ്ണത്തിന്റെ ലൈസന്‍സ് 2014- 15 വര്‍ഷത്തില്‍ ദുര്‍ബലപ്പെടുത്തിയതായി മന്ത്രാലയത്തിലെ റിക്രൂട്ട്‌മെന്റ് വിഭാഗം മാനേജര്‍ ഫവാസ് മുഹമ്മദ് നാസര്‍ അല്‍ റയീസ് വെളിപ്പെടുത്തിയതായി ദി പെനിന്‍സുല റിപ്പോര്‍ട്ട് ചെയ്തു.

തുടര്‍ച്ചയായ പരാതികള്‍, തെറ്റായ വിവരങ്ങള്‍ നല്കല്‍, ആവശ്യമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താതിരിക്കല്‍, തൊഴില്‍ നിയമത്തിന്റെ ലംഘനം, മുന്നറിയിപ്പ് നല്കിയിട്ടും കാര്യങ്ങള്‍ ശരിയാക്കാതിരിക്കല്‍ തുടങ്ങിയവ ശ്രദ്ധയില്‍പ്പെട്ടതാണ് 15 സ്ഥാപനങ്ങളുടേയും അനുമതി റദ്ദാക്കിയതിന് കാരണമായത്.

നിയമലംഘനം ശ്രദ്ധയില്‍പ്പെട്ടാല്‍ രണ്ടാഴ്ചക്കാലം കാര്യങ്ങള്‍ ശരിയാക്കാന്‍ അനുവദിക്കും.

എന്നാല്‍ ലംഘനം തുടരുകയാണെങ്കില്‍ സാമൂഹികകാര്യ വിഭാഗത്തിന് റിപ്പോര്‍ട്ട് നല്കുകയും ആവശ്യമായ നടപടികള്‍ സ്വീകരിക്കുകയുമാണ് ചെയ്യുക.

ഗാര്‍ഹിക ജോലിക്കാരുടെ കാര്യത്തില്‍ മൂന്നുമാസക്കാലം മാന്‍പവര്‍ ഏജന്‍സികള്‍ക്ക് ഉത്തരവാദിത്വമുണ്ട്.

ജോലിക്കാര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ നല്കുന്നതില്‍ തൊഴിലുടമയോ തൊഴില്‍ ചെയ്യുന്നതില്‍ തൊഴിലാളിയോ വീഴ്ച വരുത്തുകയാണെങ്കില്‍ അവരെ നാട്ടിലേക്ക് തിരികെ അയക്കേണ്ട ഉത്തരവാദിത്വം ഏജന്‍സിയുടേതാണ്.

തൊഴിലാളികളെ സ്വീകരിക്കുന്നത് ഏതൊക്കെ രാജ്യങ്ങളില്‍ നിന്നായിരിക്കണമെന്ന കാര്യത്തില്‍ മന്ത്രാലയം യാതൊരു നിബന്ധനകളും മുന്നോട്ടു വെച്ചിട്ടില്ലെന്നും തൊഴിലുടമകള്‍ക്ക് അവര്‍ക്കാവശ്യമായ രാജ്യങ്ങളില്‍ നിന്നും തൊഴിലാളികളെ സ്വീകരിക്കാമെന്നും അദ്ദേഹം പറഞ്ഞു.

തൊഴിലുടമകള്‍ക്ക് നിരന്തരം നടത്തിയ ബോധവത്ക്കരണ പരിപാടികളും തുടര്‍ച്ചയായ യോഗങ്ങളും പരാതികളുടെ എണ്ണത്തില്‍ കുറവ് വരുത്തിയിട്ടുണ്ട്. മാത്രമല്ല, അല്‍ മുന്‍തസ, അല്‍ റുവൈസ്, അല്‍ വക്‌റ, അല്‍ ഖോര്‍, ഇന്‍ഡസ്ട്രിയല്‍ ഏരിയ എന്നിവിടങ്ങളിലെ ഓഫിസുകള്‍ മുഖേന നടത്തുന്ന എളുപ്പത്തിലുള്ള ആശയവിനിമയവും അപേക്ഷകളിലെ തീര്‍പ്പും പരാതികളുടെ എണ്ണം കുറക്കുന്നതില്‍ മികച്ച പങ്ക് വഹിച്ചിട്ടുണ്ട്.

പുതുതായെത്തുന്ന ജോലിക്കാരെ സ്വീകരിക്കാന്‍ തൊഴില്‍ സ്ഥാപനങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തുന്നുണ്ടെന്ന് ഉറപ്പ് വരുത്താന്‍ ഇന്‍സ്‌പെക്ടര്‍മാരെ നിയോഗിച്ചിട്ടുണ്ടെന്നും ഫവാസ് മുഹമ്മദ് നാസര്‍ അല്‍ റയീസ് പറഞ്ഞു.