Section

malabari-logo-mobile

ദോഹ കോര്‍ണിഷില്‍; മജീഷ്യന്‍ സാമ്രാട്ടിന്റെ ഹെലികോപ്‌ടര്‍ അപ്രത്യക്ഷമാക്കല്‍ ജാലവിദ്യ

HIGHLIGHTS : ദോഹ: കോര്‍ണിഷില്‍ മജീഷ്യന്‍ സാമ്രാജ് ഹെലികോപ്ടര്‍ അപ്രത്യക്ഷമാക്കല്‍ ജാലവിദ്യ നടത്താനൊരുങ്ങുന്നു. അനുമതി കിട്ടുന്ന

Doha-Excitingദോഹ: കോര്‍ണിഷില്‍ മജീഷ്യന്‍ സാമ്രാജ് ഹെലികോപ്ടര്‍ അപ്രത്യക്ഷമാക്കല്‍ ജാലവിദ്യ നടത്താനൊരുങ്ങുന്നു. അനുമതി  കിട്ടുന്ന മുറയ്ക്ക് ജൂണ്‍, ജൂലായ് മാസങ്ങളിലായിരിക്കും ഹെലികോപ്ടര്‍ അപ്രത്യക്ഷമാക്കല്‍ വിദ്യ.
അരലക്ഷത്തിലേറെ പേര്‍ക്ക് നേരില്‍ കാണാവുന്ന ഹെലികോപ്ടര്‍ അപ്രത്യക്ഷമാക്കലിന് ആവശ്യമായ അനുമതി ലഭ്യമാക്കാനുള്ള നടപടികള്‍ ആരംഭിച്ചതായി അദ്ദേഹം അറിയിച്ചു. ലോക മാജിക്കിന്റെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഇത്തരമൊരു ജാലവിദ്യ അവതരിപ്പിക്കുന്നത്.
75 മീറ്റര്‍ നീളമുള്ള സ്റ്റീല്‍ ചങ്ങല ഉപയോഗിച്ച് മാന്ത്രികനെ വരിഞ്ഞു മുറുക്കി 50 ലോക്കുകള്‍ ഉപയോഗിച്ച് ബന്ധിച്ച് ഹെലികോപ്ടറില്‍ തലകീഴായി തൂക്കിയിട്ടാണ് മാന്ത്രിക വിദ്യ അവതരിപ്പിക്കുക. മജീഷ്യന്‍ സാമ്രാജിനെ തലകീഴാക്കി 100 അടി ഉയരത്തില്‍ പൊങ്ങുന്ന ഹെലികോപ്ടര്‍ ആളുകള്‍ നോക്കിനില്‍ക്കെ വന്‍ ശബ്ദത്തിലുണ്ടാകുന്ന സ്‌ഫോടനത്തോടെ അപ്രത്യക്ഷമാകുന്നതാണ് മാജിക്ക്. പിന്നീട് ആള്‍ക്കൂട്ടത്തില്‍ നിന്നും മജീഷ്യന്‍ പ്രത്യക്ഷപ്പെടും. പക്ഷേ ഹെലികോപ്ടറിന് എന്തുസംഭവിക്കുമെന്ന ചോദ്യത്തിന് ആതാണ് മാജിക്കെന്നും കാത്തിരുന്ന് കാണുകയെന്നുമായിരുന്നു മജീഷ്യന്‍ സമ്രാജിന്റെ മറുപടി.
അത്യന്തം വിസ്മയകരമായ ഹെലികോപ്ടര്‍ അപ്രത്യക്ഷമാക്കല്‍ മാജിക്കിനായി താന്‍ പരിശീലനങ്ങള്‍ ആരംഭിച്ചതായി മജീഷ്യന്‍ സാമ്രാജ് അറിച്ചു. വളരെ മനോഹരമാണ് ദോഹ കോര്‍ണിഷ് എന്നതും ഇവിടെ ഹെലികോപ്ടര്‍ ലഭ്യമാകാന്‍ താരതമ്യേന എളുപ്പമാണെന്നതുമാണ് മാന്ത്രിക വിദ്യ അവതരിപ്പിക്കാന്‍ ദോഹ തെരഞ്ഞെടുത്തതിന് കാരണമെന്ന് അദ്ദേഹം പറഞ്ഞു.
ഓണാട്ടുകര പ്രവാസി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നാളെ നടക്കുന്ന മെഗാ ഇല്ല്യൂഷന്‍ നൈറ്റിന് മജീഷ്യന്‍ സാമ്രാജും സംഘവും ഇന്നലെ ദോഹയിലെത്തി. അല്‍ അറബി സ്‌പോര്‍ട്‌സ് ക്ലബ്ബിലെ ഖത്തര്‍ വോളിബാള്‍ അസോസിയേഷന്‍ ഇന്‍ഡോര്‍ ഹാളില്‍ നാളെ വൈകിട്ട് ഏഴ് മണിക്കാണ് മജീഷ്യന്‍ സാമ്രാജിന്റെ മെഗാ ഇല്ല്യൂഷന്‍ നൈറ്റ് അരങ്ങേറുക.
ആറ് വര്‍ഷങ്ങള്‍ക്കു മുമ്പാണ് താന്‍ ദോഹയില്‍ മാന്ത്രിക വിദ്യ അവതരിപ്പിച്ചതെന്നും ഹൊറര്‍ സ്പര്‍ശമുള്ള മാജിക്കുകളാണെങ്കിലും കുട്ടികള്‍ക്ക് ഏറെ ഇഷ്ടപ്പെടുന്ന വിധത്തിലാണ് മെഗാ ഇല്ല്യൂഷന്‍ നൈറ്റ് അവതരിപ്പിക്കുകയെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
മാജിക്കെന്നാല്‍ ശാസ്ത്രവും വേഗതയും ശ്രദ്ധമാറ്റലും കൂടിച്ചേര്‍ന്ന പരിപാടിയാണെന്ന് അദ്ദേഹം പറഞ്ഞു. മെഗാ ഇല്ല്യൂഷന്‍ നൈറ്റില്‍ മാജിക്കിനോടൊപ്പം നൃത്തവും പാട്ടും സംഗീതവും കൂടി ചേര്‍ത്തിട്ടുണ്ട്. പ്രൊപ്പല്ലറിലൂടെ കടന്നുപോകുന്ന ഏറ്റവും പുതിയ മാജിക്ക് ദോഹയില്‍ അവതരിപ്പിക്കുമെന്ന് അദ്ദേഹം അറിയിച്ചു.
കേരളത്തിലെ മാജിക്ക് അക്കാദമി മികച്ചതാണെങ്കിലും എല്ലാവരേയും പഠിപ്പിക്കേണ്ട കലയാണ് മാന്ത്രികവിദ്യയെന്ന് തനിക്ക് അഭിപ്രായമില്ലെന്നും മജീഷ്യന്‍ സാമ്രാജ് പറഞ്ഞു. രഹസ്യം മനസ്സിലാകുന്നതോടെ മാജിക്കിന്റെ എല്ലാ രസങ്ങളും വിസ്മയവും അവസാനിക്കുമെന്നും അതുകൊണ്ടുതന്നെ അര്‍ഹതയുള്ളവരെ മാത്രമേ ഈ വിദ്യ പഠിപ്പിക്കാന്‍ പാടുള്ളുവെന്നും അദ്ദേഹം പറഞ്ഞു.
പത്രസമ്മേളനത്തില്‍ മജീഷ്യന്‍ സാമ്രാജിനോടൊപ്പം കെ കെ സുധാകരന്‍, അമാനുല്ല വടക്കാങ്ങര, സി കെ ആനന്ദന്‍ എന്നിവരും പങ്കെടുത്തു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!