അക്ഷര പ്രവാസം ത്രിദിന സാഹിത്യ ശില്‍പശാലയ്ക്ക് ദോഹയില്‍ തുടക്കമായി

imagesദോഹ: കേരള സാഹിത്യ അക്കാദമി ഫ്രന്റ്‌സ് കള്‍ച്ചറല്‍ സെന്ററിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന അക്ഷര പ്രവാസം ത്രിദിന സാഹിത്യ ശില്‍പശാലയ്ക്ക് ഇന്ന് തുടക്കമാകുമെന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. രണ്ടാം തവണയാണ് കേരള സാഹിത്യ അക്കാദമി ഫ്രന്റ്‌സ് കള്‍ച്ചറല്‍ സെന്ററുമായി ചേര്‍ന്ന് സാഹിത്യ ശില്‍പശാല നടത്തുന്നത്.

അക്ഷര പ്രവാസത്തിന്റെ ഉദ്ഘാടനം ഇന്തോ- ഖത്തര്‍ സാംസ്‌ക്കാരിക സംഗമം ഇന്ന് വൈകിട്ട് ആറ് മണിക്ക് ക്രൗണ്‍ പ്ലാസ ഹോട്ടലില്‍ നടക്കും. സാംസ്‌ക്കാരിക സംഗമം ഖത്തര്‍ ചാരിറ്റി കമ്മ്യൂണിറ്റി ഡവലപ്‌മെന്റ് മാനേജര്‍ അലി അത്വീഖ് അല്‍ അബ്ദുല്ല ഉദ്ഘാടനം ചെയ്യും. കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് പെരുമ്പടവം ശ്രീധരന്‍, ഖത്തര്‍ ന്യൂസ് ഏജന്‍സി ചീഫ് എഡിറ്റര്‍ ഖാലിദ് സിയാറ, എഴുത്തുകാരായ സി രാധാകൃഷ്ണന്‍, സച്ചിദാനന്ദന്‍, പ്രൊഫ. എം തോമസ് മാത്യു, ഇന്ദുമേനോന്‍ എന്നിവര്‍ സംസാരിക്കും. അറബ് സാഹിത്യം ഇന്ത്യയുടെ സ്വാധീനം എന്ന വിഷയം വി എ കബീര്‍ അവതരിപ്പിക്കും. തുടര്‍ന്ന് നടക്കുന്ന ശില്‍പശാലയില്‍ കഥ: അനുഭവം, വ്യാഖ്യാനം എന്ന വിഷയത്തില്‍ സി രാധാകൃഷ്ണന്‍ സംസാരിക്കും. പെരുമ്പടവം ശ്രീധരന്‍ അധ്യക്ഷത വഹിക്കും.

നാളെ ഖത്തര്‍ ചാരിറ്റി ഹാളില്‍ രാവിലെ ഒന്‍പത് മണി മുതല്‍ നടക്കുന്ന പരിപാടിയില്‍ ‘കഥ: ആഖ്യാനത്തിന്റെ രസതന്ത്രം’ എന്ന വിഷയത്തില്‍ ഇന്ദുമേനോന്‍ സംസാരിക്കും. തുടര്‍ന്ന് നടക്കുന്ന ചര്‍ച്ച പെരുമ്പടവം ശ്രീധരന്‍ നിയന്ത്രിക്കും. ഉച്ചക്ക് ഒന്നരയ്ക്ക് ആരംഭിക്കുന്ന ശില്‍പശാല സെഷനില്‍ ‘കവിതയും പ്രതിരോധവും’ എന്ന വിഷയം സച്ചിദാനന്ദന്‍ അവതരിപ്പിക്കും. മൂന്നര മുതല്‍ ആറര വരെ നടക്കുന്ന സെഷനില്‍ ‘വിമര്‍ശനത്തിന്റെ വഴികള്‍’ എന്ന വിഷയം പ്രൊഫ. എം തോമസ് മാത്യു അവതരിപ്പിക്കും.

വിവിധ ഇന്ത്യന്‍ സ്‌കൂളുകളില്‍ നിന്നും തെരഞ്ഞെടുത്ത വിദ്യാര്‍ഥികള്‍ പങ്കെടുക്കുന്ന കുട്ടികളുടെ അക്ഷരപ്രവാസം രാവിലെ എട്ട് മണി മുതല്‍ വൈകിട്ട് ആറര വരെ ഹിലാലിലെ ഫ്രന്റ്‌സ് കള്‍ച്ചറല്‍ സെന്റര്‍ ഓഡിറ്റോറിയത്തില്‍ നടക്കും. ആദ്യസെഷനില്‍ ‘കഥയുടെ വര്‍ത്തമാനം’ എന്ന വിഷയത്തില്‍ സി രാധാകൃഷ്ണനും ‘കവിതകളിലൂടെ’ എന്ന വിഷയത്തില്‍ സച്ചിദാനന്ദനും സംസാരിക്കും. പ്രൊഫ. എം തോമസ് മാത്യു ചര്‍ച്ച നിയന്ത്രിക്കും. ഉച്ചക്ക് ശേഷം നടക്കുന്ന സെഷനില്‍ ‘ഭാഷയും കവിതയും’ എന്ന വിഷയം യതീന്ദ്രന്‍ മാസ്റ്റര്‍ അവതരിപ്പിക്കും. പെരുമ്പടവം ശ്രീധരന്‍ കുട്ടികളോട് സംവദിക്കും. കുട്ടികളുടെ മാഗസിന്‍ നിര്‍മാണത്തിന് ഇന്ദുമേനോന്‍, വി എ കബീര്‍ എന്നിവര്‍ നേതൃത്വം നല്കും.

സാഹിത്യം, സമൂഹം, സംസ്‌ക്കാരം എന്ന വിഷയത്തില്‍ സാംസ്‌ക്കാരിക സമ്മേളനം വൈകിട്ട് ഏഴ് മണിക്ക് ഖത്തര്‍ ചാരിറ്റി ഹാളില്‍ നടക്കും. പെരുമ്പടവം ശ്രീധരന്റെ അധ്യക്ഷത വഹിക്കും. സി രാധാകൃഷ്ണന്‍, സച്ചിദാനന്ദന്‍, ഇന്ദു മേനോന്‍, പ്രൊഫ. എം തോമസ് മാത്യു എന്നിവര്‍ സംസാരിക്കും. ഖത്തര്‍ കേരളീയം 2014 സാഹിത്യ പുരസ്‌ക്കാര വിതരണം വേദിയില്‍ നടക്കും. ഖത്തറിലെ എഴുത്തുകാരനായ ഡോ. സാബു കെ സിയുടെ കേന്ദ്രന്‍ എന്ന നോവലിന്റെ പ്രകാശനവും ചടങ്ങില്‍ നടക്കും. സാംസ്‌ക്കാരിക സമ്മേളനത്തില്‍ പൊതുജനങ്ങള്‍ക്കും പ്രവേശനമുണ്ട്.

ശനിയാഴ്ച വൈകിട്ട് മൂന്ന് മുതല്‍ ആറു മണി വരെ ഖത്തര്‍ ചാരിറ്റി ഹാളില്‍ സാഹിത്യകാരന്മാരും ക്യാംപ് അംഗങ്ങളും പങ്കെടുക്കുന്ന ഗ്രൂപ്പ് ചര്‍ച്ച നടക്കും. ആറര മുതല്‍ നടക്കുന്ന സമാപന പരിപാടിയില്‍ ക്യാംപ് അവലോകനവും സാഹിത്യകാരന്മാരുടെ ക്യാംപ് അനുഭവങ്ങള്‍ പങ്കുവെക്കലും നടക്കും. ക്യാംപില്‍ പങ്കെടുത്തവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും സമാപനത്തോടനുബന്ധിച്ച് നടക്കും.

കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് പെരുമ്പടവം ശ്രീധരന്‍, സി രാധാകൃഷ്ണന്‍, സച്ചിദാനന്ദന്‍, വി എ കബീര്‍, ഇന്ദുമേനോന്‍, എഫ് സി സി എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഹബീബ് റഹ്മാന്‍ കിഴിശ്ശേരി, കെ പി നൂറുദ്ദീന്‍, ജനറല്‍ കണ്‍വീനര്‍ തന്‍സീം കുറ്റിയാടി, കണ്‍വീനര്‍ ഇസ്മയില്‍ മേലടി എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.