രാജ്യത്തെ പൗരന്‍മാര്‍ക്കും പ്രവാസികള്‍ക്കും യാത്രാവിലക്ക്; വാര്‍ത്ത തെറ്റ്;ഖത്തര്‍ സര്‍ക്കാര്‍

ദോഹ: രാജ്യത്തെ പൗരന്‍മാര്‍ക്കും പ്രവാസികള്‍ക്കും യാത്രാവിലക്കേര്‍പ്പെടുത്തിയെന്ന വാര്‍ത്തയ്‌ക്കെതിരെ ശക്തമായ നിലപാടുമായി ഖത്തര്‍ ഗവണ്‍മെന്റ് രംഗത്ത്. ഇത്തരത്തില്‍ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചത് യുഎഇയിലെ ചില മാധ്യമങ്ങളാണെന്നും അധികൃതര്‍ വ്യക്തമാക്കി.
സൗദി സഖ്യരാജ്യങ്ങളുടെ ഉപരോധം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ അവധിക്ക് നാട്ടിലേക്ക് പോകാന്‍ തയ്യാറെടുക്കുന്ന പൊതു, സ്വകാര്യ മേഖലയിലെ പ്രവാസികളുടെ അവധി റദ്ദാക്കി യാത്രാവിലക്ക് ഏര്‍പ്പെടുത്തിയെന്ന വാര്‍ത്തകളാണ് യു.എ.ഇയിലെ ചില മാധ്യമങ്ങള്‍ പുറത്തുവിട്ടത്.

അതെസമയം ഖത്തറിലെ ജനജീവിതെ സാധാരണ നിലയില്‍ തന്നെ തുടരുകയാണെന്ന തിരിച്ചറിവില്ലാത്തവരാണ് ഇത്തരത്തില്‍ വ്യാജ വാര്‍ത്ത പുറത്തുവിടുന്നത്. നേരത്തെ ഖത്തര്‍ പെട്രോളിയം ജീവനക്കാരുടെ അവധിയും എക്‌സിറ്റ് പെര്‍മിറ്റും റദ്ദാക്കിയതായി വ്യാജവാര്‍ത്തകളും ഏറെ പ്രചരിച്ചിരുന്നു.

ഇപ്പോള്‍ നിലവിലുള്ള സ്ഥിതിയനുസരിച്ച് ചില നിര്‍ണായക ഉദ്യോഗസ്ഥര്‍ക്ക് മാത്രമാണ് അവധി നീട്ടിയിരിക്കുന്നതെന്നും അധികൃതര്‍ വ്യക്തമാക്കി. നിലവില്‍ ഖത്തറില്‍ ജനജീവിതം സാധാരണ നിലിയില്‍ ഉറപ്പുവരുത്താനായി വേണ്ട എല്ലാ നടപടികളും സ്വീകരിച്ച് പോവുകയാണ്‌ സര്‍ക്കാര്‍.