ദോഹയിലെ ലേബര്‍ ക്യാംപിലെ തീപിടുത്തം;തൊഴിലാളികള്‍ സഹായം തേടുന്നു

fire-al-saliyahദോഹ: സൈലിയയിലെ ലേബര്‍ ക്യാംപിലുണ്ടായ തീപിടിത്തത്തില്‍ എല്ലാം നഷ്ടപ്പെട്ട തൊഴിലാളികള്‍ സഹായം തേടുന്നു. താമസസ്ഥലത്തുണ്ടായ വന്‍ തീപിടിത്തത്തില്‍ ഉടുത്തത് മാത്രമാണ് ഇവിടുത്തെ 450ഓളം പേര്‍ക്ക് ബാക്കിയായത്.  ഇവര്‍ക്ക് ഭക്ഷണവും വസ്ത്രവും നല്‍കി സഹായിക്കണമെന്ന് സന്നദ്ധസേവകര്‍ പൊതുജനങ്ങളോടാവശ്യപ്പെട്ടു.
കത്തിയമര്‍ന്ന ലേബര്‍ ക്യാംപില്‍ നിന്ന് രക്ഷപ്പെട്ടരില്‍ മുന്നൂറോളം പേര്‍ ശ്രീലങ്കക്കാരും നൂറ്റന്‍പതോളം പേര്‍ നേപ്പാളികളുമാണ്. തീപിടിത്തത്തില്‍ മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും രണ്ട് ബംഗ്ലാദേശികള്‍ മരിച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ടെന്ന്പ്രാദേശിക വെബ്‌പോര്‍ട്ടല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
സൈലിയയിലെ 19-ാം നമ്പര്‍ ക്യാംപില്‍ വെള്ളിയാഴ്ചയാണ് തീ പിടുത്തമുണ്ടായത്. തീ പിടിക്കാനുണ്ടായ കാരണം വ്യക്തമായിട്ടില്ല. ഷോര്‍ട്ട് സര്‍ക്യൂട്ടായിരിക്കാമെന്നാണ് കരുതുന്നത്. അമിതമായ വൈദ്യുതോപയോഗമുണ്ടായതാണ് അപകട കാരണമായി പറയപ്പെടുന്നത്. അപകടമുണ്ടാകുന്നതിന് രണ്ട് ദിവസം മുമ്പ് ഇവിടെ ഒരു ഇലക്ട്രിക് ബോക്‌സ് പൊട്ടിത്തെറിച്ചിരുന്നു. ക്യാംപിലെ ഒരു മുറിയില്‍ തന്നെ എട്ടും ഒന്‍പതും പേരാണ് താമസിച്ചിരുന്നത്. ‘കമ്പനി ഓഫ് സെവന്‍’ എന്ന കമ്പനിക്ക് കീഴില്‍ ഓഫീസുകളില്‍ ശുചീകരണ, പാനീയ വിതരണ തൊഴില്‍ ചെയ്യുന്നവരാണ് ഇവരില്‍ ഏറെയും. ഇവിടെ സുരക്ഷാ മാനദണ്ഡങ്ങള്‍ ആവശ്യമായ രീതിയില്‍ പാലിച്ചിരുന്നില്ലെന്നും ആക്ഷേപമുണ്ട്.
തീപിടിത്തത്തിന് ശേഷം ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ 38-ാം സ്ട്രീറ്റിലെ താമസ കേന്ദ്രത്തിലേക്കാണ് ഇവരെ ആദ്യം താമസിപ്പിച്ചിരുന്നത്. കഴിഞ്ഞ ദിവസം ശഹാനിയയിലെ ക്യാംപിലേക്ക് മാറ്റി.
തീപിടുത്തത്തിന് ഇരയായവര്‍ക്ക് ആവശ്യമായ ഡ്രൈ ഫ്രൂട്ട്‌സ്, ശൗച്യോപകരണങ്ങള്‍, വസ്ത്രങ്ങള്‍ തുടങ്ങിയവ മിഡ്മാക് റൗണ്ട് എബൗട്ടിനടുത്തുളള സ്റ്റാഫോര്‍ഡ് ശ്രീലങ്കന്‍ സ്‌കൂളില്‍ എത്തിക്കണമെന്ന് സന്നദ്ധ സേവനത്തിന് നേതൃത്വം നല്‍കുന്ന ഹസീം ഹൗസ അറിയിച്ചു. ശ്രീലങ്കന്‍ സ്വദേശികളുടെ ഏപ്രില്‍ മാസത്തെ ശമ്പളത്തില്‍ നിന്ന് ഇരകള്‍ക്ക് നല്‍കാനുള്ള സഹായ പ്രവര്‍ത്തനങ്ങളും ശ്രീലങ്കന്‍ എംബസിയുടെ നേതൃത്വത്തില്‍ നടക്കുന്നുണ്ട്. ഓരോ തൊഴിലാളിക്കും തൊഴിലുടമ 200 റിയാല്‍ വീതം നഷ്ടപരിഹാരം നല്‍കുന്നുണ്ട്. തീപിടുത്തത്തിന് ഇരകളായവരില്‍ ചിലര്‍ തങ്ങളുടെ സുരക്ഷയില്‍ അസന്തുഷ്ടരായതിനാല്‍ നാട്ടിലേക്ക് തിരിച്ചു പോകാനുമൊരുങ്ങുന്നുണ്ട്. പുതിയ താമസസ്ഥലത്ത് അഗ്നി ശമനോപകരണങ്ങള്‍ സ്ഥാപിച്ചിട്ടുണ്ടെന്നും അനുയോജ്യമായ സ്ഥലമാണെന്നും ശ്രീലങ്കന്‍ എംബസി അധികൃതര്‍ വ്യക്തമാക്കി.