പേരോട് അബ്ദുറഹ്മാന്‍ സഖാഫിക്കെതിരെ കേസെടുത്ത വിവാദം അറിയില്ല;കാന്തപുരം

kanthapuramദോഹ: പേരോട് അബ്ദുറഹ്മാന്‍ സഖാഫിക്കെതിരെ കേസെടുത്തതും അതുമായി ബന്ധപ്പെട്ട വിവാദങ്ങളെക്കുറിച്ചും അറിയില്ലെന്ന് അഖിലേന്ത്യ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസല്യാര്‍. ഇക്കാര്യങ്ങളെക്കുറിച്ച് നാട്ടില്‍ പോയി അന്വേഷിച്ചതിന് ശേഷം പ്രതികരിക്കാമെന്നും അദ്ദേഹം പറഞ്ഞു.  ദോഹയില്‍ പരിപാടിക്കെത്തിയ എ പി അബൂബക്കര്‍ മുസ്‌ല്യാര്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു.
വിവാദമായ പാറക്കടവ് പീഡനത്തെ കുറിച്ച് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ല്യാര്‍ ആദ്യമായാണ് പരസ്യപ്രതികരണം നടത്തുന്നത്.
കഴിഞ്ഞ ദിവസങ്ങളില്‍ തിരക്കിലായതിനാല്‍ ഇക്കാര്യങ്ങളൊന്നും ശ്രദ്ധിക്കാന്‍ സമയം ലഭിച്ചിട്ടില്ല. പാറക്കടവ് സ്‌കൂള്‍ സംഭവത്തെക്കുറിച്ചും പേരോടിന്റെ പ്രസംഗത്തെ കുറിച്ചുമെല്ലാം നാട്ടിലെത്തി പഠിച്ചതിന് ശേഷം മാത്രമേ എന്തെങ്കിലും പറയാനാവുകയുള്ളു. നാളെ നാട്ടിലെത്തുമെന്നും തുടര്‍ന്ന് ഇത് സംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ മന്ത്രി ആര്യാടന്‍ മുഹമ്മദ് ഇടപെട്ടുവെന്ന വാദം തികച്ചും തെറ്റാണ്. അദ്ദേഹവുമായി ഞങ്ങളാരും ഇക്കാര്യം സംസാരിച്ചിട്ടുപോലുമില്ല. ഏതായാലും അവിടെ സ്ഥാപനത്തെ കരിവാരിത്തേക്കാന്‍ ഒരുവിഭാഗം ആളുകള്‍ ശ്രമിച്ചുവെന്നത് തീര്‍ച്ചയാണ്. ഇത് ഏത് വിഭാഗമാണെന്നത് കേസ് അന്വേഷണത്തില്‍ നിന്നും മറ്റും മനസിലാക്കാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു. സി പി എം സ്ഥാന സെക്രട്ടറി പിണറായി വിജയന്‍ തനിക്കെതിരെ നടത്തിയ വിമര്‍ശനത്തെക്കുറിച്ച് അറിയില്ല. നാട്ടില്‍ പോയി അദ്ദേഹം എന്താണ് പറഞ്ഞതെന്ന് അന്വേഷിച്ച ശേഷം മറുപടി നല്‍കുമെന്നും കാന്തപുരം പറഞ്ഞു.