ജോലി ചെയ്യാന്‍ കഴിയാതെ ആരോഗ്യം നഷ്ടപ്പെട്ട പ്രവാസികള്‍ക്കായ് ഖത്തറില്‍ ബെയ്ത് അമാന്‍ പ്രവര്‍ത്തനം തുടങ്ങി

ദോഹ: ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് നട്ടിലേക്ക് മടങ്ങാന്‍ തയ്യാറെടുക്കന്ന പ്രവാസി തൊഴിലാളികളെ സഹായിക്കാന്‍ ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്റെ ബെയ്ത് അമാന്‍ പ്രവര്‍ത്തനം ആരംഭിച്ചു.

ഗുരുതരമായ രോഗങ്ങളിലും തൊഴിലിടങ്ങളിലും ഉണ്ടാകുന്ന അപകടങ്ങളിലും പെട്ട് ജോലി ചെയ്യാനുള്ള ആരോഗ്യവസ്ഥ നഷ്ടപ്പെടുകയും ഇതുവഴി വരുമാനം നഷ്ടപ്പെട്ടവര്‍ക്ക് നട്ടിലേക്ക് മടങ്ങുന്നതുവരെ പരിചരണം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് ബെയ്ത് അമാന്‍ ലക്ഷ്യമിടുന്നത്. ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനിലെ ചികിത്സയ്ക്ക് ശേഷം രോഗവിമുക്തിയിലേക്ക് കടക്കുന്ന തൊഴിലാളിക്ക് സാധാരണ ജീവിതം നയിക്കാനുള്ള ആരോഗ്യം വീണ്ടെടുക്കുന്നത് വരെ ബെയ്ത് അമാനില്‍ താമസിക്കാവുന്നതാണ്.

ഏഴ് മാസത്തിനിടെ പതിമൂന്ന് പേര്‍ക്ക് പരിചരണം നല്‍കി. ഒരേ സമയം പന്ത്രണ്ട് പേരെ പരിചരിക്കാനുള്ള ശേഷിയുണ്ട്. ആഴ്ചയില്‍ ഏഴ് ദിവസവും 24 മണിക്കൂറും കേന്ദ്രം പ്രവര്‍ത്തിക്കും. ബെയ്ത് അമാനിലെത്തുന്ന തൊഴിലാളികളെ അതിഥികളായാണ് കണക്കാക്കുന്നത്. സുരക്ഷിതവും ആരോഗ്യകരവുമായ അന്തരീക്ഷമാണ് ബെയ്ത് അമാനിലെത്തുന്ന അതിഥികള്‍ക്ക് നല്‍കുന്നതെന്ന് ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍ തുടര്‍ പരിചരണ വിഭാഗം മേധാവി മഹമൂദ് അല്‍ റെയ്‌സി പറഞ്ഞു. എച്ച്.എം.സിയിലെ ചികിത്സ പൂര്‍ത്തിയാക്കി സാധാരണജീവിതത്തിലേക്ക് പ്രവേശിക്കാന്‍ തയ്യാറെടുക്കുന്ന ബെയ്ത് അമാനിലെ അതിഥികള്‍ക്ക് പൂര്‍ണമായും വീടിന്റെ അന്തരീക്ഷമാണ് ഒരുക്കിയിരിക്കുന്നത്.

അപകടത്തില്‍പ്പെട്ട് മാനസികമായും ശാരീരികമായും തളര്‍ന്ന പ്രവാസി തൊഴിലാളികള്‍ക്ക് ഉണര്‍വ് പ്രദാനം ചെയ്യുന്ന അന്തരീക്ഷമാണ് ബെയ്ത് അമാനിലേത്.