ഖത്തര്‍ ഇറാനുമായുള്ള നയതന്ത്ര ബന്ധം മെച്ചപ്പെടുത്തുന്നു

dohaദോഹ: ഇറാനുമായുള്ള നയതന്ത്ര ബന്ധം മെച്ചപ്പെടുത്താന്‍ ഖത്തര്‍ ശ്രമം തുടങ്ങി. യെമനില്‍ ഹൂതികള്‍ക്കെതിരായ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ മേഖലയില്‍ നിലനില്‍ക്കുന്ന സുന്നി ഷിയാ സംഘര്‍ഷങ്ങളില്‍ അയവു വരുത്താനാണ് ഖത്തറിന്റെ ശ്രമം.

ഗള്‍ഫ് മേഖലയില്‍ ഇറാന്റെ നേതൃത്വത്തിലുള്ള ഷിയാ ബെല്‍റ്റ് രൂപപ്പെടുന്നതിനെ പ്രതിരോധിക്കുന്നതിന് ഗള്‍ഫ് സഹകരണ കൗണ്‍സില്‍ അംഗ രാജ്യങ്ങള്‍ ശ്രമം തുടങ്ങിയ പശ്ചാത്തലത്തിലാണ് ഭിന്നതകള്‍ മറികടന്ന് ഇറാനുമായുള്ള ബന്ധം മെച്ചപ്പെടുത്താന്‍ ഖത്തര്‍ ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായി ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനിയും ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനിയുമായി കഴിഞ്ഞ ദിവസം ടെലഫോണ്‍ സംഭാഷണം നടത്തി. പ്രവിശ്യയുടെ സമാധാനപരമായ നിലനില്‍പ്പിനും അഭിവൃദ്ധിക്കും വേണ്ടി വൈജാത്യങ്ങള്‍ മറികടന്ന് ഇരു രാജ്യങ്ങളും ഒരുമിക്കണമെന്ന് ഖത്തര്‍ അമീര്‍ സൂചിപ്പിച്ചു. വിശുദ്ധമാസമായ റമദാനില്‍ ഇരു രാഷ്ട്രത്തലവന്‍മാരും തമ്മില്‍ നടത്തിയ സൗഹൃദ സംഭാഷണത്തെ വലിയ പ്രാധാന്യത്തോടെ രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.
സിറിയയിലെ അസദ് ഭരണകൂടത്തെയും യമനിലെ ഹൂതികളെയും ഇറാന്‍ സഹായിക്കുന്നുവെന്ന ആരോപണം വിവിധ ഗള്‍ഫ് രാജ്യങ്ങള്‍ ഉന്നയിച്ചിരുന്നു. സിറിയന്‍ പ്രതിപക്ഷത്തിന് സഹായം നല്‍കുന്നുവെന്ന ആരോപണത്തിനു പുറമെ ഹൂതികള്‍ക്കെതിരെ സൈനികാക്രമണം നടത്തുന്ന സൗദി സഖ്യത്തില്‍ ഖത്തറിന്റെ പങ്കാളിത്തവും ഇറാനെ ചൊടിപ്പിച്ചിരുന്നു.എന്നാല്‍ ചില വിഷയങ്ങളില്‍ അഭിപ്രായ വ്യത്യാസമുണ്ടെങ്കിലും അയല്‍ക്കാരും സുഹൃത്തുക്കളുമായി
ഇരു രാജ്യങ്ങളും നിലകൊള്ളുമെന്നും അഭിപ്രായ വ്യത്യാസങ്ങള്‍ മറി കടന്ന് പരസ്പര ബന്ധം വര്‍ധിപ്പിക്കുമെന്നും ഖത്തര്‍ അമീര്‍ വ്യക്തമാക്കി.
സാമ്പത്തികവും രാഷ്ട്രീയവുമായ ബന്ധങ്ങള്‍ കൂടുതല്‍ ദൃഢപ്പെടുത്താന്‍ തീരുമാനിച്ചതായി ഹസന്‍ റൗഹാനിയും അഭിപ്രായപ്പെട്ടു. യമന്‍ വിഷയത്തില്‍ യു എന്നിന്റെ അധ്യക്ഷതയില്‍ ജനീവയില്‍ നടന്ന ചര്‍ച്ചകള്‍ പരാജയപ്പെട്ട സാഹചര്യത്തില്‍ ഖത്തര്‍ ഇറാന്‍ സൗഹൃദ ശ്രമങ്ങള്‍ മേഖലയില്‍ സമാധാനത്തിനു വഴി തെളിക്കുമെന്ന പ്രതീക്ഷയിലാണ് രാഷ്ട്രീയ നിരീക്ഷകര്‍.