ഖത്തറില്‍ നിന്ന്‌ നൂറോളം ഇന്ത്യക്കാരെ നാടുകടത്താനൊരുങ്ങുന്നു

Story dated:Sunday July 31st, 2016,02 40:pm

Untitled-1 copyദോഹ: നൂറോളം ഇന്ത്യക്കാരെ ഖത്തറില്‍ നിന്നും നാടുകടത്താനൊരുങ്ങുന്നു. വിവിധ കേസുകളില്‍പ്പെട്ട 133 പേരാണ്‌ നാടുകടത്തു കേന്ദ്രങ്ങളില്‍ കഴിയുന്നതായി ഇന്ത്യന്‍ എംബസി റിപ്പോര്‍ട്ട്‌ ചെയ്യുന്നത്‌.  എംബസി ഉദ്യോഗസ്ഥര്‍ സെന്‍ട്രല്‍ ജയിലിലും നാടുകടത്തല്‍ കേന്ദ്രത്തിലും സന്ദര്‍ശനം നടത്തിയാണു വിവരങ്ങള്‍ ശേഖരിച്ചത്.

എംബസി ലേബര്‍ ആന്‍ഡ് കമ്യൂണിറ്റി വെല്‍ഫെയര്‍ വിഭാഗത്തില്‍ ഈ വര്‍ഷം 2419 പരാതികളാണു ലഭിച്ചത്. കഴിഞ്ഞ വര്‍ഷം ഇത് 4132 ആയിരുന്നു. ഈ വര്‍ഷം ജൂലായ് 29 വരെയുള്ള കാലയളവില്‍ 161 ഇന്ത്യക്കാര്‍ ഖത്തറില്‍വച്ച് മരണപ്പെട്ടതായും വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി.

നാടുകടത്തല്‍ കേന്ദ്രത്തില്‍ കഴിയുന്ന 15 പേര്‍ക്ക് നാട്ടിലേക്കു പോകാനുള്ള എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയതായും 11 പേര്‍ക്ക്  വിമാന ടിക്കറ്റ് നല്‍കിയതായും എംബസി അറിയിച്ചു. കഴിഞ്ഞ ദിവസം നടന്ന ഓപ്പണ്‍ ഹൌസിനു ശേഷം എംബസി പുറത്തു വിട്ട വാര്‍ത്താ കുറിപ്പിലാണ് ഇക്കാര്യം പറയുന്നത്.