ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് കപ്പല്‍ ഐ സി ജി എസ് വിജിത്ത് 20 മുതല്‍ 23 വരെ ദോഹ തുറമുഖത്ത്

doha-qatarദോഹ: ഖത്തര്‍ ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് കപ്പല്‍ ഐ സി ജി എസ് വിജിത്ത് 20 മുതല്‍ 23 വരെ ദോഹ തുറമുഖത്ത് നങ്കൂരമിടും. ഇന്ത്യയും ഖത്തറും തമ്മില്‍ ആഴത്തിലുള്ള ബന്ധത്തിന്റേയും സൗഹൃദത്തിന്റേയും പരസ്പര സഹകരണത്തിന്റേയും ഭാഗമായാണ് ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് കപ്പല്‍ ദോഹയിലെത്തുന്നത്.
ഇന്ത്യന്‍ സമുദ്ര തീരത്തിന്റെ താത്പര്യങ്ങള്‍ സംരക്ഷിക്കാനും  മേഖലയില്‍ സേവന പ്രവര്‍ത്തനങ്ങള്‍ നടത്താനുമാണ് 2010 ഡിസംബര്‍ 11ന് ഐ സി ജി എസ് വിജിത്ത് കമ്മീഷന്‍ ചെയ്തത്. ഗോവ ഷിപ്പിയാര്‍ഡ് ലിമിറ്റഡ് പണിത ഐ സി ജി എസ് വിജിത്ത് ഈ സീരിസിലെ രണ്ടാമത്തെ 90 മീറ്റര്‍ പുറങ്കടല്‍ പട്രോള്‍ കപ്പലാണ്. വിജിത്ത് എന്നാല്‍ വിജയം എന്നാണ് അര്‍ഥം.
കമ്മീഷന്‍ ചെയ്തതിന് ശേഷം 600 കടല്‍ ദിനങ്ങള്‍ ചെലവിട്ട ഐ സി ജി എസ് വിജിത്ത് ഇതിനകം 1,01,537 നോട്ടിക്കല്‍ മൈലുകള്‍ പിന്നിട്ടിട്ടുണ്ട്. ഡപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍ രാകേഷ് പാല്‍ തത്രാക്ഷക് മെഡലിന്റെ കീഴില്‍ 19 ഉദ്യോഗസ്ഥരും 120 ജീവനക്കാരുമാണ് കപ്പലിലുള്ളത്. മഹാത്മാഗാന്ധിയുടെ ജന്മനാടായ പോര്‍ബന്തര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഐ സി ജി എസ് വിജിത്ത് വടക്കു പടിഞ്ഞാറന്‍ കോസ്റ്റ് ഗാര്‍ഡ് മേഖലയുടെ ആസ്ഥാനമായ ഗാന്ധിനഗറിന് കീഴിലാണ് സേവനമനുഷ്ഠിക്കുന്നത്.
മികച്ച നാവിഗേഷനും ആശയവിനിമയ സൗകര്യങ്ങളുമുള്ള കപ്പലാണ് ഐ സി ജി എസ് വിജിത്ത്. കൂടാതെ നിരവധി പ്രത്യേക സൗകര്യങ്ങളും കപ്പലിലുണ്ട്.