ദോഹയില്‍ പഴയ പാര്‍പ്പിട സമുച്ചയങ്ങള്‍ക്കും വിഭജിച്ച വില്ലകള്‍ക്കും ആവശ്യക്കാര്‍ കുറയുന്നു

ദോഹ: പഴയ പാര്‍പ്പിട കെട്ടിടങ്ങള്‍ക്കും വിഭജിച്ച വില്ലകള്‍ക്കും ആവശ്യക്കാര്‍ കുറയുഞ്ഞുവരുന്നു. അതുകൊണ്ടുതന്നെ വാടകയില്‍ ഗണ്യമായ കുറവു വരുന്നതായാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ആറുമാസത്തിനുള്ളില്‍ 10 മുതല്‍ 20 ശതമാനം വരെയാണ് വാടകയില്‍ കുറവ് രേഖപ്പെടുത്തിയിട്ടുള്ളത്.

അമിത ലഭ്യതയും ആവശ്യകതയിലെ കുറവും നജ്മ, മന്‍സൂറ, പഴയ വിമാനത്താവളം എന്നിവിടങ്ങളിലെ വാടകയില്‍ പത്തു മുതല്‍ 20 ശതമാനം വരെ കുറവ് വരുത്തിയിട്ടുണ്ട്.  പഴയകെട്ടിടങ്ങള്‍ ഏതുനിമിഷവും പൊളിച്ചു നീക്കുമെന്നതും പുതിയ കെട്ടിടങ്ങളിലേക്ക് മാറാന്‍ വാടകക്കാരെ പ്രേരിപ്പിക്കുന്നു.

ചിലയിടങ്ങളില്‍ വില്ലകളുടെയും ഫ്‌ളാറ്റുകളുടെയും വാടകയില്‍ പ്രതിമാസം അഞ്ഞൂറ് മുതല്‍ ആയിരം റിയാല്‍ വരെ കുറവ് വന്നിട്ടുണ്ട്. അല്‍ വഖ്‌റ പോലുള്ള സ്ഥലങ്ങളില്‍ ഓഫീസ്, വാണിജ്യ സ്ഥലങ്ങള്‍ കൂടുതലാണ്. എന്നാല്‍ ദോഹയിലെ ചില ഭാഗങ്ങളിലും കമ്പനികളിലും മാത്രമാണ് അമിത ലഭ്യതയും ആവശ്യകത കുറവും രേഖപ്പെടുത്തിയിട്ടുള്ളതെന്ന് മറ്റൊരു പ്രമുഖ വസ്തുക്കച്ചവട കമ്പനി അധികൃതര്‍ പറഞ്ഞു.

അതേസമയം എസ്ദാന്‍, ബര്‍വ തുടങ്ങിയ വന്‍കിട വസ്തുക്കച്ചവട ഗ്രൂപ്പുകളുടെ പാര്‍പ്പിട യൂണിറ്റുകള്‍ക്കായി വാടകക്കാരുടെ നീണ്ട നിരയാണുള്ളത്. തുടര്‍ച്ചയായി വാടക വര്‍ധിപ്പിക്കുന്ന പ്രവണത വന്‍കിട കമ്പനികള്‍ക്ക് ഇല്ലെന്നതും കൂടുതല്‍ സുരക്ഷയും സൗകര്യവും സേവനവും നല്‍കുന്നതുമാണ് വാടകക്കാരെ ആകര്‍ഷിക്കുന്നത്.
അതേസമയം ദോഹയിലെ ഭൂമിവില ഉയര്‍ന്നു തന്നെയാണുള്ളത്.