ദോഹയില്‍ വൃത്തിഹീനമായി ഭക്ഷണമുണ്ടാക്കി വിളമ്പിയ ഹോട്ടല്‍ അധികൃതര്‍ അടച്ചുപൂട്ടി

Untitled-1 copyദോഹ: അനാരോഗ്യകരമായ ചുറ്റുപാടില്‍ ഭക്ഷണമുണ്ടാക്കി വിളമ്പിയ ഈജിപ്ഷ്യന്‍ ഹോട്ടലിനെതിരെ അധികൃതരുടെ നടപടി. പ്രശസ്ത ഈജിപ്ഷ്യന്‍ ഹോട്ടലിന്റെ ബ്രാഞ്ചിനെതിരെയാണ് മുനിസിപ്പല്‍ അധികൃതര്‍ നടപടി സ്വീകരിച്ചത്.
ഹോട്ടല്‍ രണ്ടുമാസത്തേക്ക് അടച്ചിടാനാണ് ഉത്തരവ്.
മൈദറില്‍ ആസ്‌പെയര്‍ പാര്‍ക്കിന് സമീപത്തെ ഫുറോസിയ സ്ട്രീറ്റിലെ ഗാദ് റസ്‌റ്റോറന്റാണ് മുനിസിപ്പാലിറ്റി ആന്റ് അര്‍ബന്‍ പ്ലാനിംഗ് മന്ത്രാലയം ഉദ്യോഗസ്ഥര്‍ അടപ്പിച്ചത്. ഭക്ഷ്യവസ്തുക്കള്‍ മലിനമായ പാത്രങ്ങളിലും ഇറച്ചി മൂടിവെക്കാതെയും സൂക്ഷിച്ചുവെച്ച നിലയില്‍ അധികൃതര്‍ കണ്ടെത്തുകയായിരുന്നു. മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ ഹോട്ടല്‍ അടച്ചിട്ടത് രേഖപ്പെടുത്തുകയും ഫോട്ടോകള്‍ പ്രസിദ്ധപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
ഫ്രീസറിന് പുറത്ത് നിരവധി ട്രേകളിലായാണ് ഇറച്ചി മൂടിവെക്കാതെ സൂക്ഷിച്ചിരുന്നത്. മാത്രമല്ല, പൊടിയും ഗ്രീസും പിടിച്ച പുകക്കുഴലും രക്തക്കറയുള്ള ഐസ് ബാഗുകളും നിറവ്യത്യാസം വന്ന സോസേജുകളും ഇവിടെ നിന്നും കണ്ടെത്തുകയുണ്ടായി. ഹോട്ടല്‍ അടച്ചിട്ടതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിപ്പ് ഒട്ടിച്ചിട്ടുണ്ട്.