ദോഹയില്‍ ദുഖാനിലെ ക്യൂബന്‍ ആശുപത്രിയില്‍ പ്രസവത്തിനുള്ള സേനങ്ങള്‍ മെച്ചപ്പെടുത്തുന്നു

qatar1ദോഹ: ഹമദ് മെഡിക്കല്‍ കമ്മീഷന്റെ കീഴില്‍ വരുന്ന ദുഖാനിലെ ക്യൂബന്‍ ആശുപത്രിയില്‍ പ്രസവത്തിനും അനുബന്ധ സേവനങ്ങള്‍ക്കുമുള്ള സംവിധാനം മെച്ചപ്പെടുത്തുന്നു. ദുഖാന്‍ മേഖലയില്‍  കുടുംബങ്ങളുടെ എണ്ണത്തില്‍ കാര്യമായ വര്‍ധനവുണ്ടായതാണ് ഇത്തരം സേവനങ്ങള്‍ പരമാവധി വിപുലീകരിക്കാന്‍ തങ്ങളെ പ്രേരിപ്പിച്ചതെന്ന്  ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.
2012ല്‍ തുറന്നുപ്രവര്‍ത്തിച്ച ടി സി എച്ചില്‍ ക്യൂബയില്‍ നിന്നുള്ള വിദഗ്ധരായ ആരോഗ്യപരിപാലകരാണ് ജോലിചെയ്യുന്നത്. ഹമദ് വനിതാ ആശുപത്രിയുമായി സഹകരിച്ച് സ്ത്രീകള്‍ക്കും നവജാതശിശുക്കള്‍ക്കുമായി പ്രത്യേക വിഭാഗം ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. നല്ലരീതിയില്‍ പ്രവര്‍ത്തിക്കുന്ന ഔട്ട്‌പേഷ്യന്റ്- എമര്‍ജന്‍സി വിഭാഗം മുതല്‍ ശസ്ത്രക്രിയ വിഭാഗം വരം ഇവിടെയുണ്ട്. അന്താരാഷ്ട്ര നിലവാരത്തിലുള്ള സംവിധാനമാണിവിടെ നല്‍കുന്നതെന്ന് എച്ച് എം സി വനിതാ വിഭാഗം മേധാവിയും ഒബസ്റ്റ്ട്രിക്‌സ് ആന്റ് ഗൈനക്കോളജി വിഭാഗം ചെയര്‍മാനുമായ പ്രൊഫ. ഡേവിഡ് ബാര്‍ലൗ അറിയിച്ചു. അമ്മമാര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും നല്ലൊരു അനുഭവമാണ് ഇവിടെനിന്നു നല്‍കുന്നത്. 2013ല്‍ 18000, 2014ല്‍ 16000 എന്ന തോതില്‍ വനിതാ ആശുപത്രിയിലെ പ്രസവനിരക്ക് താഴ്ന്നുവെന്നും അദ്ദേഹം പറഞ്ഞു. അല്‍ഖോറിലെയും വക്‌റയിലേയും ക്യൂബന്‍ ആശുപത്രികളിലെത്തുന്നവര്‍ വര്‍ധിച്ചതാണിതിനു കാരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അപ്പോയ്ന്‍മെന്റ് എടുക്കുന്നതിനായി ഒരു പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ഡോക്ടറുടെ ലെറ്റര്‍ഹെഡോടു കൂടിയ എഴുത്തു വേണം. എഴുത്ത് 00974-40157770 എന്ന നമ്പറിലേയ്ക്ക് ഫാക്‌സ് അയക്കുകയോ referral_cuban@hamad.qa എന്ന വിലാസത്തില്‍ മെയിലയക്കുകയോ ചെയ്യാം.