പരമ്പരാഗത നൗകയുടെ ‘ഹിന്ദ്’ യാത്ര അടുത്ത മാസം 20ന് കത്താറയില്‍ നിന്ന് പുറപ്പെടും

images (1)ദോഹ: പരമ്പരാഗത നൗകയുടെ ‘ഹിന്ദ്’ യാത്ര അടുത്ത മാസം 20ന് കത്താറയില്‍ നിന്ന് പുറപ്പെടും.
ഫത്ഹുല്‍ ഖൈര്‍ എന്ന പേരിലുള്ള പരമ്പരാഗത നൗകയുടെ രണ്ടാംഘട്ട യാത്രയാണിതെന്ന് കത്താറ ജനറല്‍ മാനേജര്‍ ഡോ. ഖാലിദ് ബിന്‍ ഇബ്രാഹിം അല്‍സുലൈത്തി അറിയിച്ചു.
ഫതഹുല്‍ ഖൈറിന്റെ ഒരുക്കങ്ങള്‍ വിലയിരുത്താന്‍ ഡോ. ഖാലിദ് ബിന്‍ ഇബ്രാഹിം അല്‍ സുലൈത്തി ഇന്ത്യന്‍ അംബാസഡര്‍ സഞ്ജീവ് അറോറയുമായി കൂടിക്കാഴ്ച നടത്തി.
തീര വകുപ്പ് ഡയറക്ടര്‍ അഹമ്മദ് അല്‍ഹിത്ത്മി, ജിഹാദ് അല്‍ജയ്ദ എന്നിവരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.
ഫത്ഹുല്‍ ഖൈര്‍ രണ്ടിന്റെ യാത്ര സുഗമമാക്കുന്നതിനെക്കുറിച്ചും സ്വീകരിക്കേണ്ട നടപടികളെക്കുറിച്ചും അല്‍ സുലൈത്തി അംബാസഡറുമായി ചര്‍ച്ച നടത്തി.
ഫത്ഹുല്‍ ഖൈര്‍ ഒന്നിന്റെ ചരിത്ര യാത്ര വന്‍ശ്രദ്ധ നേടിയിരുന്നു. ഇതേത്തുടര്‍ന്നാണ് വീണ്ടും യാത്ര സംഘടിപ്പിക്കുന്നത്.
ആദ്യ യാത്ര ജി സി സി രാജ്യങ്ങളിലെ തീരങ്ങളിലേക്കായിരുന്നു നടത്തിയത്.
പിതൃഅമീര്‍ ശൈഖ് ഹമദ് ബിന്‍ ഖലീഫ ആല്‍താനിയുടെ ആശീര്‍വാദത്തോടെ ആരംഭിച്ച പരമ്പരാഗത ഉരു ഫെസ്റ്റിവലിനോടനുബന്ധിച്ചാണ് ഫത്ഹുല്‍ ഖൈര്‍ നൗകയുടെ ചരിത്ര യാത്രയ്ക്ക് തുടക്കമിട്ടത്.
27 ദിവസം നീണ്ടുനില്‍ക്കുന്നതാണ് ഉരു ഫെസ്റ്റിവലും ഫത്ഹുല്‍ ഖൈര്‍ യാത്രയും. 2013 നവംബര്‍ 22ന് കുവൈത്ത്, സഊദി, ബഹ്‌റൈന്‍, ഒമാന്‍, യു എ ഇ എന്നീ ജി സി സി രാജ്യങ്ങളിലേക്കായിരുന്നു ഒന്നാം യാത്ര.
ഖത്തര്‍ ദേശീയ ദിനമായ ഡിസംബര്‍ 18ന് ഫത്ഹുല്‍ ഖൈര്‍ കത്താറ തീരത്ത് മടങ്ങിയെത്തി. ഇത്തവണത്തെ യാത്രയുടെ ലക്ഷ്യ സ്ഥാനമായി ഇന്ത്യയെ തെരഞ്ഞെടുത്തതില്‍ സന്തോഷമുണ്ടെന്ന് അല്‍ സുലൈത്തി പറഞ്ഞു.
ഖത്തറും ഇന്ത്യയും തമ്മിലുള്ള ചരിത്ര ബന്ധത്തിന്റെ തെളിവാണ് യാത്രയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സമുദ്രായനമേഖലയില്‍ ഖത്തറിന്റെ തനിമയും പാരമ്പര്യവും നിലനിര്‍ത്തുന്നതിനോടൊപ്പം ഗതാഗത, കപ്പലോട്ട രംഗത്തെ പൈതൃകം സംരക്ഷിക്കുകയെന്ന ലക്ഷ്യവുമായാണ് ഫത്ഹുല്‍ ഖൈര്‍ യാത്ര നടത്തുന്നത്.
പായ്ക്കപ്പല്‍ ഉപയോഗിച്ച് എങ്ങനെ സഞ്ചരിക്കണമെന്ന് പുതുതലമുറയെ പഠിപ്പിക്കാനും ഖത്തറിന്റെ ചരിത്രത്തെക്കുറിച്ച് അവരെ ബോധവാന്‍മാരാക്കുകയുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ഖത്തറിന്റെ പാരമ്പര്യവും തനിമയും വീണ്ടെടുക്കുന്നതിനായി ഉരുവിലൂടെ വിവിധ ഗള്‍ഫ് രാജ്യങ്ങള്‍ സന്ദര്‍ശിക്കുകയായിരുന്നു ആദ്യ യാത്രയുടെ ലക്ഷ്യമെങ്കില്‍ ഇത്തവണ ഇന്ത്യന്‍ തീരങ്ങളിലേക്കാണ് യാത്ര.