ദോഹയില്‍ ഹെറോയിന്‍ കടത്തിയ പാക്കിസ്ഥാനിക്ക്‌ വധശിക്ഷ

qatarദോഹ: ഹെറോയിന്‍ കടത്തിയ കേസില്‍ പ്രതിയായ പാക്കിസ്ഥാനിക്ക് ക്രിമിനല്‍ കോടതി വധശിക്ഷ  വിധിച്ചു. വധശിക്ഷയ്ക്കു പുറമേ അഞ്ചുലക്ഷം റിയാല്‍ പിഴയും കസ്റ്റംസിനെ വെട്ടിക്കാന്‍ ശ്രമിച്ചതിന് ആയിരം റിയാല്‍ പിഴയും വിധിച്ചിട്ടുണ്ട്.  വിചാരണക്കോടതിയില്‍ പ്രതി ആദ്യം കുറ്റം സമ്മതിച്ചുവെങ്കിലും കോടതി വധശിക്ഷയും കനത്ത പിഴയും വിധിച്ചതോടെ ഇയാള്‍ അപ്പീല്‍ അപേക്ഷ നല്‍കുകയായിരുന്നു. അപ്പീല്‍ കോടതിയില്‍ വിചാരണ ആരംഭിച്ചതായി പ്രാദേശിക അറബിക് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. വിമാനത്താവളത്തില്‍ വെച്ച് തന്ത്രപരമായാണ് പ്രതിയെ പിടികൂടിയത്. ഹെറോയിന്‍ ക്യാപ്‌സൂളുകള്‍ വിഴുങ്ങിയാണ് ഇയാള്‍ ഒളിച്ചുകടത്താന്‍ ശ്രമിച്ചത്. വിമാനത്താവളത്തില്‍ കസ്റ്റംസ് വിഭാഗം സംശയം തോന്നി പിടികൂടുകയായിരുന്നു. തുടര്‍ന്ന് എക്‌സ്‌റേ പരിശോധനയില്‍  വയറിനുള്ളില്‍ അപരിചിതമായ ചില സാധനങ്ങള്‍ കണ്ടെത്തി. പിന്നീടു വയറിളക്കുന്നതിനു മരുന്നു നല്‍കി. മൊത്തം 284.4 ഗ്രാം തൂക്കംവരുന്ന ഹെറോയിന്‍ ഗുളികകളാണ് ഇയാള്‍ വിഴുങ്ങിയിരുന്നത്.