ദോഹയില്‍ രക്ഷിതാക്കള്‍ക്ക്‌ മുന്നറിയിപ്പുമായി ഹമദ്‌ മെഡിക്കല്‍ കോര്‍പ്പറേഷന്‍

Untitled-1 copyദോഹ: നിര്‍ത്തിയിടുന്ന വാഹനങ്ങളില്‍ കുട്ടികളെ ഇരുത്തി പുറത്തേക്ക് പോകരുതെന്ന് ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ രക്ഷിതാക്കള്‍ക്ക് മുന്നറിയിപ്പ് നല്കി. ചൂട് വര്‍ധിച്ചതിനാല്‍ കുട്ടികള്‍ക്ക് ആഘാതമുണ്ടാകാനുള്ള സാധ്യത കൂടുതലാണെന്നും മുന്നറിയിപ്പില്‍ ചൂണ്ടിക്കാട്ടി.
എ സി ഓണ്‍ ചെയ്ത് കുട്ടികളെ കാറിലിരുത്തി പുറത്തേക്ക് പോകുന്നതും വളരെയധികം അപകടകരമാണെന്നും പീഡിയാട്രിക്ക് എമര്‍ജന്‍സി സര്‍വീസസ് ഡയറക്ടര്‍ ഡോ. ഖാലിദ് അല്‍ അന്‍സാരി മുന്നറിയിപ്പ് നല്കി.
സൂര്യപ്രകാശം നേരിട്ട് ഏല്‍ക്കുന്ന സ്ഥലത്ത് പത്ത് മിനുട്ട് കാര്‍ പാര്‍ക്ക് ചെയ്യുമ്പോള്‍ കാറിനകത്തെ താപനില പത്ത് ഡിഗ്രി വര്‍ധിക്കും. ഇപ്പോഴത്തെ താപനില അനുസരിച്ച് കാറിനകത്തുള്ള ചൂട് താങ്ങാനാവുന്നതിലും കൂടുതലായിരിക്കും.
താപം കൂടുന്നതോടെ കുട്ടികള്‍ക്ക് താങ്ങാനാവാതെ വരികയും അവര്‍ക്ക് വളരെ വേഗത്തില്‍ ആഘാതമേല്‍ക്കുകയും ചെയ്യും. രക്ഷിതാക്കള്‍ വാഹനത്തില്‍ നിന്നും പുറത്തേക്കിറങ്ങുമ്പോള്‍ എല്ലാ സമയത്തും കുട്ടികളേയും കൂടെ കൂട്ടണമെന്നും ഡോ. അല്‍ അന്‍സാരി ആവശ്യപ്പെട്ടു.
നാല് വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് ഇപ്പോഴത്തെ താപനില വളരെ അപകടകരമാണ്. മുതിര്‍ന്നവരെ പോലെ കുട്ടികളെ പരിഗണിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തലകറക്കം, ക്ഷീണം, പേശി വലിവ്, ശ്വാസം കഴിക്കാന്‍ ബുദ്ധിമുട്ട്, വേഗത്തിലുള്ള ഹൃദയമിടിപ്പ് തുടങ്ങിയവ അപകട മുന്നറിയിപ്പുകളാണ്.
ഇത്തരം എന്തെങ്കിലും അപകട മുന്നറിയിപ്പുകള്‍ കുട്ടികളില്‍ നിന്നും ലഭിക്കുകയാണെങ്കില്‍ ഉടന്‍ അവരെ ചൂടുള്ള സ്ഥലത്തു നിന്നും മാറ്റുകയും എയര്‍ കണ്ടീഷന്‍ ചെയ്ത സ്ഥലത്തെത്തിക്കുകയും വേണം.
തണുത്ത ദ്രാവക രൂപത്തിലുള്ളവ നല്കുകയും ശരീരം തണുപ്പിക്കുകയും വേണം. കട്ടിയുള്ള വസ്ത്രങ്ങള്‍ മാറ്റിക്കൊടുക്കണമെന്നും അദ്ദേഹം അറിയിച്ചു.