ഖത്തറില്‍ ഹമദ്‌ വിമാനത്താവള യാത്രക്കാര്‍ക്ക്‌ വഴികാട്ടിയായി മൊബൈല്‍ ആപ്‌

qatar 1ദോഹ: വിമാന യാത്രക്കാര്‍ക്ക്‌ സഹായമായി ഹമദ്‌ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പുതിയ മൊബൈല്‍ ആപ്‌. ലോകത്തെ ചുരുക്കം ചില വിമാനത്താവളങ്ങളില്‍ മാത്രം ലഭ്യമാകുന്ന ഐ-ബീക്കണ്‍ സാങ്കേതികവിദ്യയില്‍ നിര്‍മ്മിച്ചിട്ടുള്ള ആപ്‌ളിക്കേഷനാണ്‌ ഹമദ്‌ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ ലഭ്യമാക്കുന്നത്‌. ബ്ലു ടൂത്ത്‌ സാങ്കേതികതയില്‍ പ്രവര്‍ത്തിക്കുന്ന ഐഒഎസ്‌ ആപ്ലിക്കേഷന്‍ ഹമദ്‌ വിമാനത്താവളം വഴി യാത്രചെയയുന്നവര്‍ക്ക്‌ ഏറെ സഹായകരമാകും. യാത്രക്കാര്‍ക്ക്‌ ആവശ്യമായ സുപ്രധാന വിവരങ്ങളും വിവിധ പ്രമോഷന്‍ ഓഫറുകളും ഈ സംവിധാനത്തിലൂടെ അറിയാന്‍ കഴിയും.

യാത്രക്കാരുടെ ബോര്‍ഡിങ്‌ പാസ്‌ മൊബൈല്‍ ഫോണ്‍, ടാബ്‌ എന്നിവയില്‍ സ്‌കാന്‍ ചെയ്യുന്നതോടെ തങ്ങളുടെ ലൊക്കേഷന്‍, ഫ്‌ളൈറ്റ്‌ സ്റ്റാറ്റസ്‌, ബാഗേജ്‌ ക്ലെയിം, ബോര്‍ഡിങ്‌ ഗേറ്റിലേക്കുള്ള വഴി, ഭക്ഷണശാലകള്‍, ഖത്തര്‍ ഡ്യൂട്ടി ഫ്രീ ഷോപ്പ്‌ എന്നിവയെ കുറിച്ചുള്ള വിവരങ്ങളും ഇതുവഴി അറിയാന്‍ സാധിക്കും.

എയര്‍പോര്‍ട്ടില്‍ സ്ഥാപിച്ച ഏഴുനൂറോളം ബ്‌ളൂടൂത്ത്‌ ഐ-ബീക്കണ്‍ സംവിധാനങ്ങളിലൂടെ ഏറ്റവും പുതിയ വിരങ്ങളാണ്‌ ഉപഭോക്താക്കള്‍ക്ക്‌ നല്‍കുകയെന്നും തങ്ങളുടെ സ്ഥാനവും എത്തേണ്ട സ്ഥലവും കൃത്യമായി നിര്‍ണയിക്കാനും പുതിയ സംവിധാനത്തിനാകുമെന്നും എച്ച്‌ഐഎ ചീഫ്‌ ഓപ്പറേറ്റിങ്‌ ഓഫീസര്‍ ബദര്‍ മുഹമ്മദ്‌ അല്‍ അമീര്‍ പറഞ്ഞു. ഈ വര്‍ഷം പകുതിയോടെ വിമാനത്താവളത്തിലെ വൈ ഫൈ സംവിധാനവുമായി ഏകോപിപ്പിച്ച്‌ സ്ഥാപിക്കുന്ന ആന്‍ഡ്രോയിഡ്‌ ആപ്ലിക്കേഷനിലൂടെ റോഡ്‌മാപ്‌ സംവിധാനങ്ങളടക്കമുള്ള സൗകര്യങ്ങള്‍ യാത്രക്കാര്‍ക്ക്‌ ലഭ്യമായിത്തുടങ്ങും.