നാട്ടില്‍ നിന്നും ദോഹയിലേക്ക്‌ കൊടുത്തയക്കുന്ന പൊതികളില്‍ മയക്കുമരുന്ന്‌ ?

Untitled-1 copyദോഹ: നാട്ടില്‍ നിന്നും ഗള്‍ഫിലേക്ക്‌ വരുന്നവരുടെ കൈവശം കൊടുത്തയക്കുന്ന പൊതികളില്‍ അവരറിയാതെ ലഹരിവസ്‌തുക്കള്‍ കൊടുത്തയക്കുന്നത്‌ പതിവാവുന്നതായി റിപ്പോര്‍ട്ട്‌. നാട്ടില്‍ നിന്നും ഗള്‍ഫിലേക്ക്‌ വരുന്ന യാത്രക്കാര്‍ ഇത്തരത്തിലുള്ള ചതികളില്‍പ്പെട്ട്‌ ഗള്‍ഫി വിമാനത്താവളങ്ങളില്‍ മയക്കുമരുന്ന്‌ കടത്ത്‌ പിടിക്കപ്പെട്ട്‌ ജയിലില്‍ കഴിയേണ്ടവന്ന സംഭവങ്ങള്‍ വര്‍ദ്ധിച്ചുവരുന്നതായാണ്‌ റിപ്പോര്‍ട്ട്‌.

അറിയാതെ മയക്കുമരുന്ന്‌ വാഹകരായി പിടിക്കപ്പെട്ട നിരവധി മലയാളികള്‍ പല ഗള്‍ഫ്‌ നാടുകളിലും വധശിക്ഷയുള്‍പ്പെടെയുള്ള ശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കുകയാണ്‌. ഏറ്റവും കൂടുതല്‍ ശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കുന്നത്‌ മലപ്പുറം ജില്ലക്കാരാണെന്നാണ്‌ റിപ്പോര്‍ട്ട്‌. ഗള്‍ഫിലേക്ക്‌ പോകുന്നവരെ സമീപിച്ച്‌ ലഹരി വസ്‌തുക്കള്‍ കടത്തുന്നതിന്‌ നാട്ടില്‍ വന്‍ റാക്കറ്റുകള്‍ തന്നെ പ്രവര്‍ത്തിക്കുന്നതായി നേരത്തെ വാര്‍ത്തകള്‍ പുറത്തുവന്നിട്ടുണ്ട്‌.

വിമാനത്താവളത്തില്‍ വെച്ച്‌ അത്യാവശ്യ വസ്‌തുവാണെന്ന തരത്തില്‍ നല്‍കുന്ന പൊതികളാണ്‌ പലരേയും ചതിയില്‍ വീഴ്‌ത്താറുള്ളത്‌. ഭദ്രമായി പാക്ക്‌ ചെയ്‌ത പൊതി അഴിച്ചുനോക്കാന്‍ മിക്കവരും തയ്യാറാവില്ല. ഇങ്ങനെ പൊതി നല്‍കുന്നതിനായി സ്‌ത്രീകളെയും മറ്റും ഉപയോഗിക്കുന്നതായി സൂചനയുണ്ട്‌. സാധനം കടല്‍കടന്നാല്‍ കൊണ്ടുവന്നവര്‍പോലും മറിയാതെ മയക്കുരുന്ന്‌ കടത്ത്‌ നടക്കുന്ന അവസ്ഥയാണ്‌.

മയക്കുമരുന്നാണെന്ന്‌ അറിയാതെ ലഗേജില്‍ കൊണ്ടുവരുന്നവര്‍ പിടിക്കപ്പെട്ടാല്‍ കൊടുത്തയച്ചവര്‍ രക്ഷപ്പടും. ഗള്‍ഫിലേക്ക്‌ വരുന്നവര്‍ അപരിചിതരില്‍ നിന്ന്‌ ഒരു തരത്തിലുള്ള പൊതികളും സ്വീകരിക്കാതിരിക്കുക. അതുപോലെ അടുത്ത ആളുകള്‍ നല്‍കുന്ന പൊതികള്‍ സൂക്ഷമ പരിശോധനയ്‌ക്കുശേഷം മാത്രം കൊണ്ടുപോവുക. ഇത്തരം കുരുക്കുകളില്‍ കുടുങ്ങാതിരിക്കാനുള്ള ഏകമാര്‍ഗം ഇതെയൊള്ളു.