ഖത്തറില്‍ പ്രവാസികള്‍ക്ക് നിര്‍ബന്ധിത വൃക്ക പരിശോധന

ദോഹ: രാജ്യത്ത് പ്രവാസികള്‍ക്ക് മെഡിക്കല്‍ കമ്മിഷന്‍ നടത്തിവരുന്ന നിര്‍ബന്ധിത വൈദ്യപരിശോധനയില്‍ ഇനിമുതല്‍ വൃക്കപരിശോധനയ്ക്കും ആളുകളെ വിധേയമാക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. പ്രവാസികള്‍ക്കായി ഉടന്‍ ആരംഭിക്കുന്ന വൃക്ക പരിശോധനയില്‍ ഏതെങ്കിലും തതരത്തിലുള്ള തകരാറുകള്‍ കണ്ടെത്തിയാല്‍ രാജ്യത്ത് താമസിക്കാന്‍ അയോഗത്യത പ്രഖ്യാപിക്കും. പൊതുജനാരോഗ്യ മന്ത്രാലയത്തിലെ മെഡിക്കല്‍ കമ്മിഷന്‍ ഡയറക്ടര്‍ ഡോ. ഇബ്രാഹിം അല്‍ ഷാറാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

രാജ്യത്ത് താമസിക്കാനുള്ള അനുമതി തേടണമെങ്കില്‍ പ്രവാസികള്‍ക്ക് വൈദ്യപരിശോധന നിര്‍ബന്ധമാണ്. നിലവില്‍ എയ്ഡ്‌സ്, എച്ച്.ഐ.വി., സിഫിലിസ്, ക്ഷയരോഗം, ഹെപ്പറ്റൈറ്റിസ് ബി, ഹെപ്പറ്റൈറ്റിസ് സി. എന്നിവയാണ് പരിശോധിക്കുന്നത്. കഴിഞ്ഞവര്‍ഷം 7,70,000 പേരാണ് മെഡിക്കല്‍ കമ്മിഷന്‍ യൂണിറ്റുകളില്‍ പരിശോധന നടത്തിയത്. കമ്മിഷന്റെ പ്രധാന കേന്ദ്രത്തില്‍ പ്രതിദിനം 3,500 പേരാണ് എത്തുന്നത്. എക്‌സ്‌റേ പരിശോധനയില്‍ 5,820 പേരിലാണ് ക്ഷയരോഗം തിരിച്ചറിഞ്ഞത്. ഹൈപ്പറ്റൈറ്റിസ് സി. ബാധിതരായ 101 കേസുകളും ഹൈപ്പറ്റൈറ്റിസ് ബി. ബാധിതരായ 677 പേരും നേരത്തെ ടി.ബി.യുണ്ടായിരുന്ന 5,313 പേരും ടി.ബി. ബാധിതരായ 286 പേരെയും പരിശോധനയില്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ഭക്ഷണം കൈകാര്യം ചെയ്യുന്നവര്‍, ബാര്‍ബര്‍ഷോപ്പ്, ബ്യൂട്ടി സലൂണ്‍, ആരോഗ്യ ക്ലബ്ബുകള്‍ എന്നിവിടങ്ങളിലെ തൊഴിലാളികള്‍ക്കായുള്ള പരിശോധന യൂണിറ്റില്‍ പ്രതിദിനം ആയിരം പേരാണ് എത്തുന്നത്.

ഭക്ഷണം കൈകാര്യം ചെയ്യുന്നവര്‍ക്കായി വര്‍ഷത്തില്‍ ഒന്നിലധികംതവണ വൈദ്യ പരിശോധനകളും നടത്താറുണ്ട്. എയ്ഡ്‌സ്, ഹെപ്പറ്റൈറിസ് ബി,സി, ടി.ബി. തിരിച്ചറിയുന്നത്.കുടുംബത്തിന്റെയും സമൂഹത്തിന്റെയും ആരോഗ്യത്തിനായി വീട്ടുസഹായിമാരുടേയും തൊഴിലാളികളുടേയും വൈദ്യ പരിശോധന വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നും അല്‍ ഷാര്‍ നിര്‍ദേശിച്ചു.