ഖത്തറില്‍ ഉയര്‍ന്ന ശമ്പളം പറ്റുന്ന വിദേശികള്‍ക്ക്‌ സര്‍ക്കാര്‍ വീടുകള്‍ നല്‍കുന്നത്‌ നിര്‍ത്തി

Untitled-1 copyദോഹ: ഖത്തറില്‍ ഉയര്‍ന്ന ശമ്പളം പറ്റുന്ന വിദേശികളായ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക്‌ സൗജ്യമായി ഗവണ്‍മെന്റ്‌ അനുവദിച്ചിരുന്ന പാര്‍പ്പിട സൗകര്യം അനുവദിക്കുന്നത്‌ നിര്‍ത്തലാക്കി. പുതുക്കിയ നിയമഭേദഗതി പ്രകാരം ഉയര്‍ന്ന വേതനമുള്ള ഖത്തരികളല്ലാത്ത വിദേശതൊഴിലാളികള്‍ക്ക്‌ സര്‍ക്കാര്‍ വക വീടുകള്‍ താമസത്തിനായി നല്‍കില്ല. അതെസമയം മന്ത്രാലയവും ജീവനക്കാരും ഒപ്പുവെച്ച തൊഴില്‍ കരാറില്‍ വ്യക്തമാക്കിയ ഹൗസിങ്‌ അലവന്‍സുകള്‍ തുടര്‍ന്നും ലഭ്യമാകും. ഇക്കാര്യങ്ങളെ കുറിച്ചുള്ള നിയമ ഭേദഗതിക്കുള്ള നടപടികള്‍ ഗവണ്‍മെന്റ്‌ ഹൗസിങ്‌ ആന്റ്‌ ബില്‍ഡിങ്‌ വിഭാഗം ആരംഭിച്ചതായി പ്രാദേശിക അറബ്‌ പത്രം റിപ്പോര്‍ട്ട്‌ ചെയ്‌തു.

ഇക്കാര്യത്തില്‍ ജീവനക്കാര്‍ക്കായി നേരത്തെ നല്‍കിയ കരാറുകള്‍ പുനഃപരിശോധിക്കാനും പുതിയ നിയമഭേദഗതികള്‍ പ്രകാരം തിരുത്തലുകള്‍ വരുത്താനുമായി വിവിധ മന്ത്രാലയങ്ങളോട്‌ മന്ത്രിസഭ നേരത്തെ ആവശ്യപ്പെട്ടിരുന്നു. നിലവിലുള്ള വേതന മാനദണ്ഡങ്ങള്‍ പ്രകാരം ഏഴാം ഗ്രേഡിലും അതിനുമുകളിലുമുള്ള ഖത്തരികളല്ലാത്ത ജീവനക്കാര്‍ക്ക്‌ ഗവണ്‍മെന്റ്‌ വക പാര്‍പ്പിടങ്ങളോ തത്തുല്യ വീട്ടുവാടക അലവന്‍സുകളോ നല്‍കും. എട്ടും ഒമ്പതും ഗ്രേഡിലുള്ളവര്‍ക്ക്‌ വീട്ടുവാടക അലവന്‍സുകള്‍ മാത്രമാണ്‌ നല്‍കുക.

പത്താം ഗ്രേഡിലുള്ളവര്‍ക്ക്‌ വീട്ടുവാടക അലവന്‍സോ അല്ലെങ്കില്‍ കൂടുംബമില്ലാതെ തനിച്ചുതാമസിക്കുന്നവര്‍ക്ക്‌ സൗജന്യമായി താമസ സൗകര്യമോ നല്‍കുകയാണ്‌ രീതി. എണ്ണ വിലയിടിവിനെത്ത്‌ുടര്‍ന്ന്‌ രാജ്യത്തെ വിവിധ കമ്പനികളും ഗവണ്‍മെന്റ്‌ സ്ഥാപനങ്ങളും ജീവനക്കാരുടെ എണ്ണം വെട്ടിക്കുറയ്‌ക്കുന്നത്‌ തുടരുന്നുണ്ട്‌. ഇതിന്‌ പുറമെ ഹമദ്‌ മെഡിക്കല്‍ കോര്‍പറേഷന്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ ആനുകൂല്യങ്ങളും അലവന്‍സുകളും ചുരുക്കിയിട്ടുണ്ട്‌.