അല്‍ജസീറ അവതാരകനെ മോചിപ്പിക്കാന്‍ ജര്‍മന്‍ ജുഡീഷ്യറി ഉത്തരവിട്ടതായി റിപ്പോര്‍ട്ട്‌

jazeerajournoദോഹ: ജര്‍മന്‍ പൊലിസ് അറസ്റ്റ് ചെയ്ത അല്‍ജസീറ അവതാരകനും ഈജിപ്ഷ്യന്‍ സ്വദേശിയുമായ അഹ്്മദ് മന്‍സൂറിനെ മോചിപ്പിക്കാന്‍ ജര്‍മന്‍ ജുഡീഷ്യറി ഉത്തരവിട്ടതായി അല്‍ജസീറ ചാനല്‍ വ്യക്തമാക്കി. ദോഹയില്‍ അല്‍ജസീറ ആസ്ഥാനത്തേക്ക് പോകാന്‍ തയ്യാറെടുക്കവെയാണ് മന്‍സൂറിനെ ജര്‍മന്‍ പൊലിസ് തടഞ്ഞുവച്ചത്. മന്‍സൂറിനെ അറസ്റ്റ് ചെയ്തതില്‍ ജര്‍മനിയില്‍ വ്യാപക പ്രതിഷേധം നടന്നിരുന്നു. അല്‍ജസീറ അവതാരകന്‍ അഹ്്മദ് മന്‍സൂറിന്റെ അറസ്റ്റ് ചെയ്ത നടപടിക്കെതിരേ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നിരുന്നത്. ജര്‍മനിയില്‍ പ്രതിഷേധ പ്രകടനങ്ങളും മറ്റും നടന്നിരുന്നു. അഹ്്ദ് മന്‍സൂറിന്റെ അറസ്റ്റില്‍ ജര്‍മനിയിലെ മൂന്ന് പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രതിഷേധിച്ചു. മന്‍സൂറിനെ അപകടപ്പെടുത്തുന്ന അവസ്ഥ ഉണ്ടാക്കരുതെന്നും ഈജിപ്തിനു വിട്ടുകൊടുക്കരുതെന്നും പാര്‍ട്ടികള്‍ ആവശ്യപ്പെട്ടിരുന്നതായി ഫ്രാങ്ക്ഫര്‍ട്ടര്‍ പത്രം റിപ്പോര്‍ട്ട് ചെയ്തു. സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി, ലെഫ്റ്റ് പാര്‍ട്ടി, ഗ്രീന്‍ പാര്‍ട്ടി എന്നിവയാണ് മന്‍സൂറിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ചത്. ഈജിപ്തിലെ നീതിന്യായം രാഷ്ട്രീയ പ്രേരിതമാണെന്നും ജുഡീഷ്യറി സ്വതന്ത്രമല്ലെന്നുമുള്ള കാര്യം ജര്‍മനിയിലെ എല്ലാവര്‍ക്കും അറിയുന്നതാണെന്നും മന്‍സൂറിനെ ഈജിപ്തിനു വിട്ടുകൊടുത്ത് അദ്ദേഹത്തിനു അപകടം വരുത്തരുതെന്നും സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി പാര്‍ലമെന്ററി ഹെഡ് റോള്‍ഫ് മൊസ്തനിക് ആവശ്യപ്പെട്ടിരുന്നു. സിസിയുടെ ജര്‍മന്‍ സന്ദര്‍ശനം കഴിഞ്ഞ ഉടന്‍ തന്നെ പ്രമുഖ അറബ് ചാനലിന്റെ അവതാരകനെ അറസ്റ്റ് ചെയ്തത് രാജ്യത്തിന്റെ പ്രതിഛായയെ മോശമായി ബാധിക്കുമെന്ന് ഗ്രീന്‍ പാര്‍ട്ടി പാര്‍ലമെന്ററി അംഗം ഫ്രാന്‍സിസ്‌ക ബ്രാന്റ്‌നര്‍ മുന്നറിയിപ്പു നല്‍കിയിരുന്നു. ബര്‍ലിന്‍ എയര്‍പോര്‍ട്ടില്‍ കഴിഞ്ഞ ശനിയാഴ്ചയാണ് ജര്‍മന്‍ പോലിസ് അഹ്്മദ് മന്‍സൂറിനെ അറസ്റ്റ് ചെയ്തത്.