Section

malabari-logo-mobile

പഴങ്ങളിലെയും പച്ചക്കറികളിലെയും കീടനാശിനികളെ കണ്ടെത്താന്‍ പുതിയ ലബോറട്ടി ആരംഭിച്ചു

HIGHLIGHTS : ദോഹ: പഴങ്ങളിലേയും പച്ചക്കറികളിലേയും കീടനാശിനികളുടെ അളവ് കണ്ടെത്താന്‍ അബു സംറ അതിര്‍ത്തിയില്‍ ആരോഗ്യ സുപ്രിം കൗണ്‍സില്‍

imagesദോഹ: പഴങ്ങളിലേയും പച്ചക്കറികളിലേയും കീടനാശിനികളുടെ അളവ് കണ്ടെത്താന്‍ അബു സംറ അതിര്‍ത്തിയില്‍ ആരോഗ്യ സുപ്രിം കൗണ്‍സില്‍ പുതിയ ലബോറട്ടറി ആരംഭിച്ചു. ആരോഗ്യ സുപ്രിം കൗണ്‍സില്‍ മെഡിക്കല്‍ അഫയേഴ്‌സ് അസിസ്റ്റന്റ് സെക്രട്ടറി ഡോ. സാലെ ബിന്‍ അലി അല്‍ മര്‍റി ലബോറട്ടറി ഉദ്ഘാടനം ചെയ്തു. ആരോഗ്യ സുപ്രിം കൗണ്‍സിലിലേയും ആഭ്യന്തര മന്ത്രാലയത്തിലേയും പരിസ്ഥിതി മന്ത്രാലയത്തിലേയും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ചടങ്ങില്‍ പങ്കെടുത്തു.
പഴങ്ങളിലും പച്ചക്കറികളിലും അന്താരാഷ്ട്ര നിലവാരത്തിന് അനുസരിച്ചുള്ള കീടനാശിനി പ്രയോഗം മാത്രമേ നടത്തിയിട്ടുള്ളുവെന്ന് കണ്ടെത്താന്‍ ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള പരിശോധനകളാണ് ലബോറട്ടറിയില്‍ നടത്തുക. ജി സി സിയില്‍ അനുവദനീയമായ അളവില്‍ മാത്രമാണോ കീടനാശിനി പ്രയോഗം നടത്തിയിട്ടുള്ളതെന്ന് കണ്ടെത്താന്‍ പഴങ്ങളുടേയും പച്ചക്കറികളുടേയും ഏതെങ്കിലും സാംപിള്‍ പരിശോധിക്കുകയാണ് ചെയ്യുക. പരിശോധനാഫലം ഉടന്‍ ലഭ്യമാവുകയും ചെയ്യും. ലാബില്‍ പഴങ്ങള്‍ പരിശോധിച്ച് ഫലം ലഭിക്കാന്‍ കേവലം മൂന്ന് മണിക്കൂര്‍ മാത്രമേ ആവശ്യമായി വരികയുള്ളുവെന്ന് ആരോഗ്യ സുപ്രിം കൗണ്‍സില്‍ അധികൃതര്‍ പറഞ്ഞു. പഞ്ചവത്സര ദേശീയ തന്ത്രങ്ങളുടെ ഭാഗമായാണ് ഇത്തരം ലാബുകള്‍ സ്ഥാപിക്കുന്നത്. ഇറക്കുമതി ചെയ്യുന്ന ഭക്ഷ്യവിഭവങ്ങളില്‍ പരിശോധന നടത്താന്‍ രാജ്യത്തിന്റെ വിവിധ അതിര്‍ത്തികളില്‍ ഇത്തരം ലബോറട്ടറികള്‍ സ്ഥാപിക്കാനാണ് പദ്ധതി.
വിവിധ ഭാഗങ്ങളില്‍ ലബോറട്ടറികള്‍ സ്ഥാപിക്കുന്നതോടെ സെന്‍ട്രല്‍ ഫുഡ് ലബോറട്ടറി റഫറല്‍ ലാബ് ആക്കാനാണ് പദ്ധതി. 2013- 2018 ദേശീയ തന്ത്രങ്ങളുടെ ഭാഗമായി ലബോറട്ടറികളുടെ പ്രവര്‍ത്തനങ്ങള്‍ സമന്വയിപ്പിക്കാനും അവയുടെ നിലവാരം തുല്യമാക്കാനും പദ്ധതികളുണ്ട്.
പഴങ്ങളും പച്ചക്കറികളും കൂടാതെ ഇറച്ചിയും കോഴി ഉത്പന്നങ്ങളും ഉള്‍പ്പെടെ പരിശോധിക്കാനുള്ള സംവിധാനങ്ങളും ഭാവിയില്‍ ഏര്‍പ്പെടുത്താന്‍ പരിപാടികളുണ്ടെന്ന് സുപ്രിം ആരോഗ്യ കൗണ്‍സില്‍ ലബോറട്ടറീസ് സൂപ്പര്‍വൈസര്‍ നജാത് അലി അബ്ദുല്‍ മാലിക്ക് പറഞ്ഞു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!