അമീരി കപ്പ് ഫുട്ബാളിന് ഇന്ന് കിക്കോഫ്

ദോഹ: നാല്‍പ്പത്തി രണ്ടാമത് അമീരി കപ്പ് ഫുട്ബാള്‍ മത്സരങ്ങള്‍ക്ക് ഇന്ന് കിക്കോഫ്. ആദ്യ മത്സരം വൈകിട്ട് 5.15ന് അല്‍ അറബി സ്റ്റേഡിയത്തില്‍ അല്‍ ശമാല്‍ അല്‍ ശഹാനിയയെ നേരിടും.
രണ്ട് വിഭാഗങ്ങളിലായി 18 ടീമുകളാണ് അമീരി കപ്പ് ഫുട്ബാള്‍ മത്സരത്തില്‍ പങ്കെടുക്കുന്നത്. ഏപ്രില്‍ 27, 30 തിയ്യതികളില്‍ പ്രാഥമിക മത്സരവും മെയ് മൂന്നിന് ക്വാര്‍ട്ടര്‍ ഫൈനലും മെയ് 10ന് സെമി ഫൈനലും മെയ് 17ന് ഫൈനലും അരങ്ങേറും.
നാല് സ്റ്റേഡിയങ്ങളിലായാണ് കളികള്‍ നടക്കുന്നത്. ഖത്തര്‍ സ്‌പോര്‍ട്‌സ് ക്ലബ്ബ്, അല്‍ അറബി സ്‌പോര്‍ട്‌സ് ക്ലബ്ബ്, അല്‍ സദ്ദ് സ്‌പോര്‍ട്‌സ് ക്ലബ്ബ്, ഖലീഫ ഇന്റര്‍നാഷണല്‍ സ്റ്റേഡിയം എന്നിവിടങ്ങളിലാണ് കളികള്‍ അരങ്ങേറുക. സെമി ഫൈനല്‍ അല്‍ സദ്ദ് സ്‌പോര്‍ട്‌സ് ക്ലബ്ബില്‍ മെയ് 10ന് വൈകിട്ട് 5.15നും ഫൈനല്‍ മെയ് 17ന് ഖലീഫ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ വൈകിട്ട് ഏഴ് മണിക്കും നടക്കും.
അല്‍ ശമാല്‍, അല്‍ ശഹാനിയ, മിസൈമീര്‍, മര്‍കിയ, ഖത്തര്‍ സ്‌പോര്‍ട്‌സ് ക്ലബ്ബ്, അല്‍ ഖോര്‍, അല്‍ വക്‌റ, അല്‍ കര്‍ത്തിയാത്ത്, അല്‍ റയ്യാന്‍, മൈദര്‍, അല്‍ അഹ്#ലി, ഉംസലാല്‍, അല്‍ അറബി, അല്‍ ഗറാഫ, ലഖ്#വിയ, അല്‍ സഅലിയ, അല്‍ ജെയ്ഷ്, അല്‍ സദ്ദ് ടീമുകളാണ് മത്സരത്തില്‍ മാറ്റുരക്കുന്നത്.