ദോഹയില്‍ ഭക്ഷ്യവിഷബാധ;നാലുപേര്‍ ആശുപത്രിയില്‍;റസ്റ്റോറന്റ്‌ അടച്ചുപൂട്ടി

download
ദോഹ: ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് കുടുംബത്തിലെ നാലുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വന്ന സംഭവത്തില്‍ റസ്റ്റോറന്റ് അധികൃതര്‍ അടച്ചുപൂട്ടി. കഴിഞ്ഞ ആഴ്ചയാണ് ഭക്ഷ്യവിഷബാധയുണ്ടായത്. ഓള്‍ഡ് എയര്‍പോര്‍ട്ട് പ്രദേശത്തെ കൊമേഴ്‌സ്യല്‍ സ്ട്രീറ്റിലുള്ള ഹബീബ് റസ്റ്റോറന്റാണ് ഉന്നതാരോഗ്യ സമിതി പരിശോധകര്‍ പൂട്ടി സീല്‍ വച്ചത്. ഇവിടെ നിന്നും ചിക്കനും ചോറും സാലഡും കഴിച്ചവര്‍ക്കാണ് ഛര്‍ദ്ദിയും വയറിളക്കവും അനുഭവപ്പെട്ട് ആശുപത്രിയില്‍ ചികിത്സ വേണ്ടി വന്നത്.
ഭക്ഷണമുണ്ടാക്കുമ്പോള്‍ പാലിക്കേണ്ട നിയമം ലംഘിച്ചതിന് അടച്ചുപൂട്ടുന്നതായുള്ള നോട്ടീസ് ഉദ്യോഗസ്ഥര്‍ റസ്റ്റോറന്റിനു മുന്നില്‍ പതിച്ചു. അടച്ചുപൂട്ടിയതുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങള്‍ക്കും പരിഹാരമുണ്ടായതായി ബോധ്യപ്പെടും വരെ റസ്റ്റോറന്റ് തുറക്കരുതെന്നാണ് നോട്ടീസില്‍ പറയുന്നത്. ഭക്ഷ്യ വിഷബാധയെ തുടര്‍ന്ന് രണ്ടു മാസത്തിനിടെ നഗരത്തില്‍ അടച്ചു പൂട്ടുന്ന രണ്ടാമത്തെ റസ്റ്റോറന്റാണിത്.
ഷവര്‍മയ്ക്കും തുര്‍ക്കിഷ് ഭക്ഷണത്തിനും പേരു കേട്ട റസ്റ്റോറന്റാണ് ഹബീബ്. ഇതിനു മുമ്പ് അടച്ചൂപൂട്ടിയ ബിന്‍ ഉംറാനിലെ മര്‍മറ ഇസ്താംബൂളും തുര്‍ക്കിഷ് റസ്റ്റോറന്റായിരുന്നു.